റയൽ മാഡ്രിഡിലെ അന്തരീക്ഷം മുൻ വർഷങ്ങളിലേക്കാൾ സുഖകരമാണ്, മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഗാരത് ബേൽ


സിനദിൻ സിദാനു പകരക്കാരനായി കാർലോ ആൻസലോട്ടി പരിശീലകസ്ഥാനം ഏറ്റെടുത്തതോടെ റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തിയ ഗാരത് ബേൽ ക്ലബിനൊപ്പമുള്ള തന്റെ ഇപ്പോഴത്തെ നാളുകൾ മുൻ വർഷങ്ങളേക്കാൾ സുഖകരമാണെന്നു പറഞ്ഞു. കഴിഞ്ഞ സീസണിൽ ടോട്ടനം ഹോസ്പറിനു വേണ്ടി ലോൺ കരാറിൽ കളിച്ച താരം ഈ സീസണിൽ റയലിനൊപ്പം മികച്ച പ്രകടനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും വെളിപ്പെടുത്തി.
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിനു വേണ്ടി കളിച്ചത് യൂറോ കപ്പിൽ മികച്ച പ്രകടനം നടത്താനും ആത്മവിശ്വാസം വീണ്ടെടുക്കാനും തന്നെ സഹായിച്ചുവെന്നും താരം പറഞ്ഞു. "വെയിൽസിനൊപ്പം യൂറോയിൽ അതു തിരിച്ചെത്തിയെന്നു ഞാൻ കരുതുന്നു. ഈ സീസണിൽ ഞാനത് റയൽ മാഡ്രിഡിലേക്കും കൊണ്ടുവന്നു. അവിടെ മികച്ച അന്തരീക്ഷം എനിക്കിപ്പോഴുണ്ട്."
Gareth Bale on the 'better environment for me' at Real Madrid under Carlo Ancelotti.
— Telegraph Football (@TeleFootball) September 4, 2021
Report by @SamJDean https://t.co/03xqhlf6cg
മാനസികമായി സന്തോഷമുള്ള സ്ഥലത്താണെങ്കിൽ താരങ്ങൾ ശാരീരികമായും മികച്ച പ്രകടനം നടത്തുമെന്നും താരം കൂട്ടിച്ചേർത്തു. എവെർട്ടനെ ഒഴിവാക്കി റയൽ മാഡ്രിഡിന്റെ ചുമതല ഏറ്റെടുത്തു തിരിച്ചെത്തിയ ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസലോട്ടിയെക്കുറിച്ചും ബേൽ സംസാരിച്ചു.
"ഞാനെപ്പോഴും കാർലോയുമായി മികച്ച ബന്ധം പുലർത്തിയിട്ടുണ്ട്. എന്നാൽ മികച്ച പ്രകടനം നടത്തിയാലേ ടീമിലേക്ക് എത്താൻ കഴിയുകയുള്ളു. നല്ലൊരു പ്രീ സീസണും സീസണിന്റെ തുടക്കവും എനിക്കു ലഭിച്ചിട്ടുണ്ട്. ഫുട്ബോളിൽ നമ്മൾ ഇപ്പോഴും നന്നായി കളിക്കണം, ഇവിടെ വളരെ പെട്ടന്നു തന്നെ ധാരണകൾ മാറിമാറിയും." ബേൽ വ്യക്തമാക്കി.
റയൽ മാഡ്രിഡുമായി ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള ബേൽ അതിനു ശേഷം വിരമിക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് ശക്തമായിരുന്നു. എന്നാൽ അത്തരം വാർത്തകൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും അതേക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുകയാണ് നല്ലതെന്നും പറഞ്ഞ താരം ഇപ്പോഴുള്ള കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തമാക്കി.