Football in Malayalam

ക്ലബ്ബ് വിടുമെന്ന സൂചനകളൊന്നും യുവന്റസിന് നൽകാതെ റൊണാൾഡോ; താരം ടൂറിനിൽ തുടരുമെന്ന സൂചനകൾ ശക്തമാകുന്നു

Gokul Manthara
Juventus  v AC Milan - Serie A
Juventus v AC Milan - Serie A / Valerio Pennicino/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെ ചുറ്റിപ്പറ്റി പലവിധ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഫുട്ബോൾ ലോകത്ത് ഉടലെടുത്തു കൊണ്ടിരിക്കുന്നത്. യുവന്റസുമായി ഒരു വർഷം കൂടി കരാർ ബാക്കിയുള്ള റൊണാൾഡോ ഈ‌ സമ്മറിൽ ക്ലബ്ബ് വിടുമെന്നുള്ള അഭ്യൂഹങ്ങളാണ് ഇതിലധികവും. എന്നാൽ ഇപ്പോളിതാ താൻ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന സൂചനകളൊന്നും ഇതു വരെ റൊണാൾഡോയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അതിനാൽ അദ്ദേഹം അടുത്ത സീസണിലും ക്ലബ്ബിൽ തന്നെയുണ്ടാകുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് യുവന്റസിന്റെ പുതിയ‌ സി ഇ ഓ ആയ ഫെഡറിക്കോ ചെറുബിനി.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു യുവന്റസിലെ റൊണാൾഡോയുടെ ഭാവിയെ സംബന്ധിച്ചുള്ള ചോദ്യം ചെറുബിനിക്ക് നേരിടേണ്ടി വന്നത്. ഇതിന് മറുപടിയായിട്ടായിരുന്നു ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന തരത്തിൽ ഒരു സൂചനയും റൊണാൾഡോ ഇതു വരെ നൽകിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

"അവസാന സീസണിൽ റൊണാൾഡോ 44 മത്സരങ്ങളിൽ 36 ഗോളുകൾ സ്കോർ ചെയ്തു. അക്കങ്ങൾ എല്ലായ്പ്പോളും എല്ലാക്കാര്യങ്ങളും പറയുന്നില്ല, പക്ഷേ അവ ചില സത്യങ്ങൾ മറച്ചു വെക്കുന്നു. തന്റെ അവധിക്കാലം പൂർത്തിയാക്കിയ ഉടൻ തന്നെ റൊണാൾഡോ ടീമിൽ ചേരുമെന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്." ചെറുബിനി പറഞ്ഞു.

2021-22 സീസണിനായി റൊണാൾഡോ യുവന്റസിലേക്ക് മടങ്ങിയെത്തുമോ എന്ന് മാധ്യമപ്രവർത്തകർ ഒരിക്കൽക്കൂടി ഊന്നിച്ചോദിച്ചപ്പോൾ, നിലവിൽ താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സൂചനകളുമില്ലെന്നായിരുന്നു യുവന്റസ് സി ഇ ഓ യുടെ മറുപടി.

അതേ സമയം 2018 ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ നിന്നായിരുന്നു ‌ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലെത്തിയത്. പോയ മൂന്ന് സീസണുകളിലും ക്ലബ്ബിന്റെ പ്രധാന താരമായിരുന്ന റോണോ, അവർക്കായി കളിച്ച 133 മത്സരങ്ങളിൽ 101 ഗോളുകൾ നേടിയതിനൊപ്പം 22 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit