റയൽ മാഡ്രിഡിനോട് കണക്ക് തീർക്കാനുണ്ടെന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് മോ സലാ പറയരുതായിരുന്നെന്ന് തിയറി ഹെൻറി

റയൽ മാഡ്രിഡിന് എതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് അവരുമായി ഒരു കണക്ക് തീർക്കാനുണ്ടെന്ന് ലിവർപൂൾ താരം മുഹമ്മദ് സലാ പറയരുതായിരുന്നെന്ന് തിയറി ഹെൻറി.
"ഞാൻ എല്ലായ്‌പോഴും പറയും, ഫൈനലിന് മുൻപ് സംസാരിക്കരുതെന്ന്. റയൽ മാഡ്രിഡിനെ തോൽപ്പിക്കുക, എന്നിട്ട് "ഇത് പ്രതികാരമായിരുന്നു' എന്നും മറ്റെല്ലാം സംസാരിക്കുക. ഒരു ഫൈനലിന് മുൻപ് നിങ്ങൾ സംസാരിക്കുമ്പോൾ, നിങ്ങൾ അതിൽ വിജയിക്കണം," ഹെൻറി സിബിഎസ് സ്പോർട്സിൽ പറഞ്ഞു.
"നമ്മൾ ഇത് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. പന്ത് വലയിലെത്തിക്കുന്നതിലാണ് കാര്യം. അവർക്ക് (റയൽ മാഡ്രിഡിന്) ഒരു ഷോട്ട് ഓൺ ടാർഗറ്റ് ആണ് ഉണ്ടായത്, അവർ അത് സ്കോർ ചെയ്തു. ലിവർപൂളിന് ഒരുപാട് (ഷോട്ട് ഓൺ ടാർഗറ്റ്) ഉണ്ടായിരുന്നു. പക്ഷെ അവർ നേരിട്ടത് തിബോ കോർട്ടുവയെയാണ്. സെമി ഫൈനലിൽ ഞാൻ പറഞ്ഞത് ഓർക്കുക, ആളുകൾ അവന് അർഹിക്കുന്ന ക്രെഡിറ്റ് നൽകുന്നില്ല. അവൻ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്, എഡേഴ്‌സണെക്കാൾ മികച്ചവൻ. ഇന്ന് രാത്രി അവനത് കാണിക്കുകയും ചെയ്തു," ഹെൻറി കൂട്ടിച്ചേർത്തു.
ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് റയൽ മാഡ്രിഡിനോട് ലിവർപൂൾ പരാജയപ്പെട്ടത്. മത്സരത്തിൽ ലിവർപൂളിന് ഒൻപത് ഷോട്സ് ഓൺ ടാർഗറ്റ് ഉണ്ടായിരുന്നെങ്കിലും മിന്നും ഫോമിലായിരുന്ന കോർട്ടുവയെ മറികടന്ന് ഗോൾ കണ്ടെത്താൻ ചെമ്പടക്ക് ആയില്ല. അതേസമയം, രണ്ട് ഷോട്സ് ഓൺ ടാർഗറ്റ് ഉണ്ടായിരുന്ന റയൽ, അതിൽ ഒന്ന് ഗോളാക്കിയാണ് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.