Football in Malayalam

എംബാപ്പക്ക് തിയറി ഹെൻറിയുടെ പിന്തുണ, താരം റയൽ മാഡ്രിഡിനെ തഴയുമെന്ന പ്രതീക്ഷയിൽ ഫ്രഞ്ച് ഇതിഹാസം

Sreejith N
Belgium v France: Semi Final - 2018 FIFA World Cup Russia
Belgium v France: Semi Final - 2018 FIFA World Cup Russia / Catherine Ivill/Getty Images
facebooktwitterreddit

പിഎസ്‌ജി കരാർ പുതുക്കാൻ തയ്യാറാവാത്ത കെയ്‌ലിയൻ എംബാപ്പയുടെ തീരുമാനത്തിനു പ്രതിരോധം തീർത്ത് ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെൻറി. കരാർ പുതുക്കാതിരിക്കുന്നതു വഴി താരം ടീമിനെ അവമതിക്കുന്നില്ലെന്നു വ്യക്തമാക്കിയ ഹെൻറി, എംബാപ്പെ ഫ്രാൻസിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വ്യക്തമാക്കി.

ലയണൽ മെസി കൂടി ടീമിലേക്ക് എത്തിയതോടെ പിഎസ്‌ജിയിൽ എംബാപ്പയുടെ ഭാവിയെക്കുറിച്ച് വളരെയധികം അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ള താരത്തെ ടീമിൽ നിലനിർത്താൻ ക്ലബ് നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും താരം അതിനു തയ്യാറല്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

"എംബാപ്പയുമായി ബന്ധപ്പെട്ട് എന്താണു നടന്നു കൊണ്ടിരിക്കുന്നത് എന്നെനിക്കറിയില്ല. നമ്മൾക്ക് നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് ഊഹക്കച്ചവടം നടത്താം. ഞാൻ കാണുന്നത് താരം ഇപ്പോഴും ഇവിടെയുണ്ടെന്നാണ്. പരിശീലനം നടത്തുകയും കളത്തിലിറങ്ങി സഹതാരങ്ങൾക്ക് അവസരങ്ങൾ ഉണ്ടാക്കി നൽകുകയും ചെയ്യുന്നു."

"തന്റെ കരാറിനെ വളരെയധികം ബഹുമാനിക്കുന്ന താരമായ എംബാപ്പെ ഗോളുകൾ നേടുന്നുണ്ടെന്നും എനിക്കറിയാം. താരം ഒന്നും മോശമായി ചെയ്യാതെ മൈതാനത്താണ് പ്രതികരിക്കുന്നത്, അതുകൊണ്ടു തന്നെ സന്തോഷത്തോടെ തുടരൂ," ആമസോൺ പ്രൈമിനോട് ഹെൻറി പറഞ്ഞു.

"ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതു പോലെ അസാധാരണമായ കഴിവുകളുള്ള താരങ്ങളിൽ ചെറിയ പിഴവുകൾ വരെ നമ്മൾ കണ്ടെത്താൻ ശ്രമിക്കും. താരം പിഎസ്‌ജിയിൽ തന്നെ തുടരും എന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. ആരോടെങ്കിലും എംബാപ്പ ബഹുമാനമില്ലായ്മ കാണിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല," ഹെൻറി വ്യക്തമാക്കി.

എംബാപ്പെ ക്ലബിൽ തന്നെ തുടരുമെന്നാണ് മുൻപ് പിഎസ്‌ജി പ്രസിഡന്റും വ്യക്തമാക്കിയതെങ്കിലും കരാർ പുതുക്കാതെ നിൽക്കുന്ന താരത്തെ ടീമിൽ നിലനിർത്താൻ ഫ്രഞ്ച് ക്ലബ് തയ്യാറായേക്കില്ല. അങ്ങിനെ ചെയ്‌താൽ അടുത്ത സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ എംബാപ്പയെ നഷ്ടപ്പെടും എന്നതിനാൽ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപു തന്നെ പിഎസ്‌ജി താരത്തെ ഒഴിവാക്കാൻ സാധ്യതയുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit