Football in Malayalam

ലോകകപ്പിൽ ഇറ്റലിയും, സ്പെയിനും, മറ്റൊരു ടീമും തമ്മിലായിരിക്കും പോരാട്ടം; യൂറോ സെമിക്ക് മുൻപ് മാൻസീനി പറഞ്ഞത്...

Gokul Manthara
Italy v England - UEFA Euro 2020: Final
Italy v England - UEFA Euro 2020: Final / Andy Rain - Pool/Getty Images
facebooktwitterreddit

യൂറോ 2020 ൽ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് ഇറ്റലി കിരീടം ചൂടിയത്. ടൂർണമെന്റിന്റെ ആദ്യാവസാനം ഉജ്ജ്വല പ്രകടനം പുറത്തെടുത്ത റോബർട്ടോ മാൻസീനിയുടെ സംഘം ഏറ്റവുമധികം പരീക്ഷിക്കപ്പെട്ടത്‌ സ്പെയിനെതിരെ നടന്ന സെമി ഫൈനലിലായിരുന്നു‌. അവിടെ ലൂയിസ് എൻറിക്വെയുടെ പരിശീലനത്തിന് കീഴിൽ കളിക്കാനിറങ്ങിയ സ്പെയിന് മുന്നിൽ ഏറെ വിയർത്തെങ്കിലും അവസാനം ഷൂട്ടൗട്ടിൽ അസൂറിപ്പട വിജയിച്ചു കയറുകയായിരുന്നു‌.

സ്പെയിനെതിരായ മത്സരം ഇറ്റലിയെ സംബന്ധിച്ചിടത്തോളം കഠിനമായിരിക്കുമെന്ന് പരിശീലകൻ റോബർട്ടോ മാൻസീനിക്ക് കൃത്യമായി അറിയാമായിരുന്നു‌. അടുത്ത ലോകകപ്പിലും തങ്ങളുടെ പ്രധാന എതിരാളികളായിരിക്കുനെന്ന് മാൻസീനി കരുതുന്ന സ്പെയിനെതിരായ മത്സരത്തിന് മുൻപ് തന്റെ കളികാരുമായി നടത്തിയ സംഭാഷണത്തിനിടെ ഇറ്റാലിയൻ ബോസ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇറ്റലിയുടെ ദേശീയ ബ്രോഡ്കാസ്റ്ററായ റായ്, ടീമിന്റെ യൂറോ വിജയത്തെ ആസ്പദമാക്കി 'സോഗ്നോ അസൂറോ' എന്ന പേരിൽ ഒരു ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു. സ്പെയിനെതിരായ മത്സരത്തിന് മുൻപ് മാൻസീനി തന്റെ കളികാരുമായി പങ്കു വെച്ച കാര്യങ്ങൾ ഈ ഡോക്യുമെന്ററിയിൽ വിശദമായി കാണിക്കുന്നുണ്ട്.

സ്പെയിനെതിരായ സെമി‌ഫൈനൽ പോരാട്ടം ഒട്ടും എളുപ്പമായിരിക്കില്ലെന്നും, മത്സരത്തിന്റെ അവസാന നിമിഷം വരെ നമുക്ക് കഷ്ടപ്പെടേണ്ടി വരുമെന്നും ടീമംഗങ്ങളോട് പറയുന്ന മാൻസീനി, വളരെ മികച്ച സ്ക്വാഡാണ് അവർക്ക് ഒപ്പമുള്ളതെന്നും, വരാനിരിക്കുന്ന ലോകകപ്പിൽ നമ്മുടെ (ഇറ്റലിക്ക്) പ്രധാന എതിരാളികൾ സ്പെയിനും, മറ്റൊരു ടീമുമായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

" മത്സരം നിയന്ത്രിക്കുന്നതിലൂടെ എല്ലായ്പ്പോളും നിങ്ങൾക്ക് ജയിക്കാനാവില്ല. അതാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. എന്നാൽ അതിഷ്ടപ്പെടുന്ന എതിരാളികളുമുണ്ട്. നിങ്ങൾക്ക് ജയിക്കണമെങ്കിൽ കാത്തിരിക്കുക, അവരെ കളിക്കാൻ അനുവദിക്കുക. ശാന്തത പാലിക്കുക.

സ്പെയിന് വളരെ മികച്ച സ്ക്വാഡുണ്ട്. നമ്മളും, അവരും, മറ്റൊരു ടീമും തമ്മിലായിരിക്കും ലോകകപ്പിൽ പോരാട്ടം. അവർക്ക് വളരെ മികച്ച താരങ്ങളുണ്ട്. ചെറുപ്പക്കാരായ മികച്ച താരങ്ങൾ. ഈ മത്സരം എളുപ്പമാവില്ല. അവസാനം വരെ നമുക്ക് കഷ്ടപ്പെടേണ്ടി വരും. പക്ഷേ എപ്പോളത്തെയും പോലെ നമ്മൾ ഒരുമിച്ച് (അത് ചെയ്യാൻ) വിജയിക്കാൻ ശ്രമിക്കും." സ്പെയിനെതിരായ യൂറോ കപ്പ് സെമിക്ക് മുൻപ് മാൻസീനി ഇറ്റാലിയൻ താരങ്ങളോട് പറഞ്ഞു.

അതേ സമയം യൂറോ 2020 ൽ പതിഞ്ഞ തുടക്കമായിരുന്നു സ്പെയിന്റേതെങ്കിലും പതിയെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ അവർ നോക്കൗട്ടിൽ ഉജ്ജ്വല പ്രകടനമായിരുന്നു കാഴ്ച വെച്ചത്. സ്ലൊവാക്യക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലും, ക്രൊയേഷ്യക്കെതിരായ പ്രീക്വാർട്ടറിലും ഗോൾ മഴ പെയ്യിച്ച സ്പെയിൻ, ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി സെമിയിലെത്തിയെങ്കിലും അവിടെ ഇറ്റലിക്ക് മുന്നിൽ വീഴുകയായിരുന്നു.

facebooktwitterreddit