2021ലെ ഏറ്റവും മികച്ച റൈറ്റ് ഫോർവേഡുകൾ
By Sreejith N

മുന്നേറ്റനിരയുടെ പ്രകടനത്തിൽ നിർണായക പങ്കു വഹിക്കുന്ന താരങ്ങളാണ് റൈറ്റ് ഫോർവേഡുകൾ. വേഗതയും ഡ്രിബ്ലിങ് മികവും കൊണ്ട് എതിർ പ്രതിരോധത്തെ കീറിമുറിച്ച് പ്രധാന സ്‌ട്രൈക്കർക്ക് ഗോളവസരങ്ങൾ ഒരുക്കി നൽകാനും അതുപോലെ തന്നെ ഗോളുകൾ നേടാനും കഴിയുന്ന താരങ്ങൾ ഇക്കൂട്ടത്തിലുണ്ട്. 2021ൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ടീമിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിച്ച അഞ്ചു റൈറ്റ് ഫോർവേഡുകളെയാണ് ഇവിടെ പ്രതിപാദിക്കുന്നത്.
5. സെർജെ ഗ്നാബ്രി
കളിച്ച മത്സരങ്ങൾ: 39
കളിച്ച മിനുട്ടുകൾ: 2206
ഗോളുകൾ: 15
അസിസ്റ്റുകൾ: 5
ഒരുക്കിയ അവസരങ്ങൾ: 49
ഷോട്ട്സ് (ഓൺ ടാർഗറ്റ്): 81 (40)
ഷോട്ട് കൺവെർഷൻ റേറ്റ്: 18.5%
മിനുട്ട്സ് പെർ ഗോൾ: 147
ഒരു കാലത്ത് ഫ്ലോപ്പായി കരുതിയിരുന്ന ഗ്നാബ്രി ബയേണിൽ എത്തിയതിനു ശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന ഖ്യാതി നേടിയെടുത്തു കഴിഞ്ഞു. വേഗതയും കരുത്തും ഒരുപോലെ സമന്വയിപ്പിച്ചു കളിക്കാൻ കഴിയുന്ന താരം ഏതൊരു പ്രതിരോധനിരക്കും വലിയ ഭീഷണിയാണ് സമ്മാനിക്കുന്നത്. ഇരുപത്തിയാറു വയസു മാത്രം പ്രായമുള്ള താരത്തിന് ഇനിയും യൂറോപ്പിൽ ഒരുപാട് നേട്ടങ്ങളുടെ ഭാഗമാകാനുള്ള സമയമുണ്ട്.
4. ഫെഡറികോ കിയേസ
കളിച്ച മത്സരങ്ങൾ: 44
കളിച്ച മിനുട്ടുകൾ: 3086
ഗോളുകൾ: 15
അസിസ്റ്റുകൾ: 7
ഒരുക്കിയ അവസരങ്ങൾ: 54
ഷോട്ടുകൾ (ഓൺ ടാർഗറ്റ്): 95 (38)
ഷോട്ട് കൺവെർഷൻ റേറ്റ്: 15.8%
മിനുട്ട്സ് പെർ ഗോൾ: 206
യൂറോ കപ്പ് കിരീടം നേടാൻ ഇറ്റലിക്കു വേണ്ടി കാഴ്‌ച വെച്ച പ്രകടനം ഒന്നു മാത്രം മതിയാവും ഫെഡറികോ കിയേസയെന്ന യുവതാരത്തിന്റെ പ്രതിഭ എത്രത്തോളമുണ്ടെന്നറിയാൻ. ഡോണറുമ്മ, ജോർജിന്യോ എന്നിവരാണ് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയതെങ്കിലും അസാമാന്യ വേഗതയും പന്തടക്കവും കൊണ്ട് കിയേസ എതിർ പ്രതിരോധത്തെ കീറി മുറിച്ചത് ഇറ്റലിയുടെ കിരീടനേട്ടത്തിൽ പ്രധാന്യമർഹിക്കുന്നു. ഇനിയും ഒരുപാട് കാലം കരിയറിൽ ബാക്കിയുള്ള താരത്തിനായി യൂറോപ്പിലെ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്.
3. റിയാദ് മഹ്റെസ്
കളിച്ച മത്സരങ്ങൾ: 48
കളിച്ച മിനുട്ടുകൾ: 3216
ഗോളുകൾ: 17
അസിസ്റ്റുകൾ: 10
ഒരുക്കിയ അവസരങ്ങൾ: 77
ഷോട്ട്സ് (ഓൺ ടാർഗറ്റ്): 120 (48)
ഷോട്ട് കൺവെർഷൻ റേറ്റ്: 14.2%
മിനുട്ട്സ് പെർ ഗോൾ: 189
സ്‌ക്വാഡിൽ നിരന്തരം റൊട്ടേഷൻ നടത്തുന്ന പെപ് ഗ്വാർഡിയോളയുടെ ടീമിൽ സ്ഥിരസാന്നിധ്യമാവുക എന്നതു തന്നെയാണ് റിയാദ് മഹ്റെസിന്റെ മികവിന്റെ പ്രധാന ഉദാഹരണം. കഴിഞ്ഞ സീസണിൽ സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടനേട്ടത്തിലും ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനത്തിലും നിർണായക പങ്കു വഹിച്ച താരം ഈ സീസണിലും തന്റെ ഫോം തുടർന്നു കൊണ്ടിരിക്കുന്നു. എന്നാൽ ആഫ്‌കോൺ കപ്പ് മൂലം ഒരു മാസത്തോളം താരത്തിന്റെ സേവനം ലഭ്യമാകില്ലെന്നത് മാഞ്ചസ്റ്റർ സിറ്റിക്കു തിരിച്ചടിയാണ്.
2. ലയണൽ മെസി
കളിച്ച മത്സരങ്ങൾ: 40
കളിച്ച മിനുട്ടുകൾ: 3482
ഗോളുകൾ: 32
അസിസ്റ്റുകൾ: 12
ഒരുക്കിയ അവസരങ്ങൾ: 86
ഷോട്ട്സ് (ഓൺ ടാർഗറ്റ്): 192 (83)
ഷോട്ട് കൺവെർഷൻ റേറ്റ്: 16.7%
മിനുട്ട്സ് പെർ ഗോൾ: 109
മെസി തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ വർഷമായിരുന്നു ഇത്തവണത്തേത് എങ്കിലും ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷമുള്ള താരത്തിന്റെ പ്രകടനം ഇതുവരെയും പ്രതിഭയോട് നീതി പുലർത്തുന്നതായിട്ടില്ല. കഴിഞ്ഞ സീസണിൽ ലാ ലിഗയിലെ ടോപ് സ്കോററായ താരം അതിനു ശേഷം കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയെങ്കിലും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം താരത്തിന് താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടീമുമായി ഇണങ്ങിച്ചേർന്നാൽ മെസി തന്റെ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണു ആരാധകർ പ്രതീക്ഷിക്കുന്നത്.
1. മൊഹമ്മദ് സലാ
കളിച്ച മത്സരങ്ങൾ: 46
കളിച്ച മിനുട്ടുകൾ: 3914
ഗോളുകൾ: 32
അസിസ്റ്റുകൾ: 10
ഒരുക്കിയ അവസരങ്ങൾ: 76
ഷോട്ട്സ് (ഓൺ ടാർഗറ്റ്): 163 (78)
ഷോട്ട് കൺവെർഷൻ റേറ്റ്: 19.6%
മിനുട്ട്സ് പേർ ഗോൾ: 122
മെസി രണ്ടാം സ്ഥാനത്തേക്കു വീണത് ഈജിപ്ഷ്യൻ മെസി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സലാക്ക് നേട്ടമായി. കഴിഞ്ഞ ഏതാനും സീസണുകളായി ലിവർപൂളിന് വേണ്ടി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരത്തിനു കഴിഞ്ഞ സീസണിൽ കൂടുതൽ നേട്ടങ്ങളൊന്നും കൊയ്യാൻ കഴിഞ്ഞില്ലെങ്കിലും വ്യക്തിപരമായി ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു വിളിക്കാവുന്ന സലാ ആഫ്‌കോൺ കപ്പിനു പോകുന്നത് ലിവർപൂളിന് കനത്ത തിരിച്ചടി തന്നെയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.