2021ലെ ഏറ്റവും മികച്ച സെൻട്രൽ മിഡ്‌ഫീൽഡർമാർ
By Sreejith N

ഗോളുകളും ഗോളവസരങ്ങളും സൃഷ്‌ടിക്കുന്നതിനൊപ്പം തന്നെ ഫുട്ബോളിൽ പ്രധാനപ്പെട്ട ജോലിയാണ് പന്തടക്കം കാത്തു സൂക്ഷിക്കുകയെന്നത്. മധ്യനിരയിൽ നിന്നും പന്തു നഷ്ടമായാൽ അത് വേഗത്തിൽ ഗോളിൽ കലാശിക്കാനുള്ള സാധ്യതയുണ്ട് എന്നതിനാൽ ടീമിന്റെ മുന്നേറ്റത്തിലും അതുപോലെ തന്നെ പ്രതിരോധത്തിലും നിർണായകമായ സംഭാവനയാണ് സെൻട്രൽ മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്നവർ നടത്തുന്നത്. ഒരു ടീമിന്റെ കപ്പിത്താനെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന സെൻട്രൽ മിഡ്‌ഫീൽഡർമാരിൽ 2021ലെ ഏറ്റവും മികച്ച അഞ്ചു പേരെയാണ് ഇവിടെ പരാമർശിക്കുന്നത്.
5. ഇൽകയ് ഗുൻഡോഗൻ
കളിച്ച മത്സരങ്ങൾ: 47
കളിച്ച മിനുട്ടുകൾ: 3528
ഗോളുകൾ: 16
അസിസ്റ്റുകൾ: 7
ഷോട്ടുകൾ: 86
ഒരുക്കിയ അവസരങ്ങൾ: 79
പാസുകൾ: 2627
പാസിംഗ് കൃത്യത: 91.7%
ടാക്കിളുകൾ: 40
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി നടത്തിയ പ്രകടനത്തിൽ മധ്യനിരയിൽ കളി നിയന്ത്രിച്ച താരം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയ വർഷമാണ് കടന്നു പോകുന്നത്. 2021ന്റെ തുടക്കത്തിൽ തന്നെ താരം തുടർച്ചയായി നേടിയ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം അതിനുള്ള തെളിവാണ്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി കാണിക്കുന്ന കുതിപ്പിലും പെപ് ഗ്വാർഡിയോളയുടെ പ്രിയപ്പെട്ട താരം നിർണായക സംഭാവനയാണ് നൽകുന്നത്.
4. ലിയോൺ ഗോരേറ്സ്ക
കളിച്ച മത്സരങ്ങൾ: 34
കളിച്ച മിനുട്ടുകൾ: 2456
ഗോളുകൾ: 6
അസിസ്റ്റുകൾ: 6
ഷോട്ടുകൾ: 77
ഒരുക്കിയ അവസരങ്ങൾ: 41
പാസുകൾ: 1499
പാസിംഗ് കൃത്യത: 87.1%
ടാക്കിളുകൾ: 43
ഇരുപത്തിയാറാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച സെൻട്രൽ മിഡ്‌ഫീൽഡർ എന്ന തലത്തിലേക്ക് ഉയർന്ന ലിയോൺ ഗോരേറ്സ്ക കായിക ശേഷിയിലും വളരെയധികം മികച്ചു നിൽക്കുന്നുണ്ട്. റോബർട്ട് ലെവൻഡോസ്‌കി ബയേൺ മ്യൂണിക്കിന്റെ വിജയങ്ങളിൽ താരമായി തിളങ്ങുമ്പോൾ അതിനു പിന്നിൽ ഗോരേറ്സ്കയുടെ അധ്വാനവുമുണ്ട്. ലോകത്തിലെ ഏതു ടീമിനും ചേരുന്ന കളിക്കാരനാണ് താരമെന്നതിൽ യാതൊരു സംശയവുമില്ല.
3. ടോണി ക്രൂസ്
കളിച്ച മത്സരങ്ങൾ: 33
കളിച്ച മിനുട്ടുകൾ: 2604
ഗോൾസ്: 4
അസിസ്റ്റുകൾ: 12
ഷോട്ടുകൾ: 46
ഒരുക്കിയ അവസരങ്ങൾ: 71
പാസുകൾ: 2560
പാസിംഗ് കൃത്യത: 93.7%
ടാക്കിളുകൾ: 47
ദേശീയ ടീമിൽ നിന്നും വിരമിച്ച താരമാണ് ടോണി ക്രൂസ് എങ്കിലും ഈ ലിസ്റ്റിലെ അഞ്ചു കളിക്കാരിൽ മൂന്നു പേരും ജർമനിയിൽ നിന്നാണെന്നത് ശ്രദ്ധേയമമായ കാര്യമാണ്. കഴിഞ്ഞ സീസണിൽ നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞില്ലെങ്കിലും മധ്യനിരയിലെ നിശബ്ദനായി പോരാളിയായ ക്രൂസിനു വെറും മുപ്പത്തിയൊന്നു വയസ്സാണ് പ്രായമെന്നതിനാൽ ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ താരത്തിന് അവസരങ്ങളുണ്ട്.
2. ലൂക്ക മോഡ്രിച്ച്
കളിച്ച മത്സരങ്ങൾ: 41
കളിച്ച മിനുട്ടുകൾ: 3279
ഗോളുകൾ: 2
അസിസ്റ്റുകൾ: 9
ഷോട്ടുകൾ: 52
ഒരുക്കിയ അവസരങ്ങൾ: 58
പാസുകൾ: 2960
പാസിംഗ് കൃത്യത: 88.4%
ടാക്കിളുകൾ: 38
റയലിന്റെ പുതിയ പരിശീലകനായി കാർലോ ആൻസലോട്ടി എത്തിയപ്പോഴും മുപ്പത്തിയാറു വയസായ താരത്തിലാണ് ടീമിന്റെ മധ്യനിരയുടെ ചുമതല വിശ്വസിച്ച് ഏൽപ്പിച്ചത്. പ്രായം കൂടുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന താരം തന്റെ ജോലി ഭംഗിയായി ചെയ്യുന്നതിന്റെ തെളിവാണ് റയൽ ഈ സീസണിൽ കാണിക്കുന്ന കുതിപ്പ്. മോഡ്രിച്ച്, ക്രൂസ്, കസമീറോ എന്നിവർ അണിനിരക്കുന്ന റയൽ മാഡ്രിഡിന്റെ മധ്യനിര ഇനിയും ഒരുപാട് വർഷങ്ങൾ ഇതേ ഫോമിൽ കളിക്കണം എന്നാവും ഓരോ ആരാധകന്റെയും ആഗ്രഹം.
1. മാർകോ വെറാറ്റി
കളിച്ച മത്സരങ്ങൾ: 26
കളിച്ച മിനുട്ടുകൾ: 1931
ഗോളുകൾ: 0
അസിസ്റ്റുകൾ: 5
ഷോട്ട്സ്: 7
ഒരുക്കിയ അവസരങ്ങൾ: 33
പാസുകൾ: 1910
പാസിംഗ് കൃത്യത: 90.4%
ടാക്കിളുകൾ: 68
കണക്കുകളിൽ പിന്നിൽ നിൽക്കുന്നുണ്ടെങ്കിലും മാർക്കോ വെറാറ്റി ടീമിൽ ചെലുത്തുന്ന പ്രഭാവം മനസിലാക്കാൻ പിഎസ്‌ജിയെ എടുത്തു നോക്കിയാൽ മതി. ലോകോത്തര നിലവാരമുള്ള മധ്യനിര താരങ്ങൾ കൂടെ ഇല്ലാതിരുന്നിട്ടും പിഎസ്‌ജിയെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് നയിക്കുന്നതിൽ താരം വഹിക്കുന്ന പങ്ക് ചെറുതല്ല. ഇറ്റലി യൂറോ കപ്പ് നേടിയപ്പോൾ നടത്തിയ പ്രകടനം വെറാറ്റിയുടെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.