Football in Malayalam

ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേൽക്കുന്നതിന് മുൻപ് സാവി ക്ലബ്ബ് നേതൃത്വത്തിനോട് ആവശ്യപ്പെട്ട 3 കാര്യങ്ങൾ പുറത്ത്

By Gokul Manthara
FBL-QAT-AMIR-CUP-SADD-RAYYAN
FBL-QAT-AMIR-CUP-SADD-RAYYAN / KARIM JAAFAR/GettyImages
facebooktwitterreddit

കഴിഞ്ഞ മാസാവസാനം പുറത്താക്കപ്പെട്ട റൊണാൾഡ് കൂമാന് പകരം ക്ലബ്ബ് ഇതിഹാസമായ സാവി ഹെർണാണ്ടസ് ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേൽക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. നിലവിൽ ഖത്തർ ക്ലബ്ബായ അൽസാദിന്റെ പരിശീലകനായ സാവിയെ അവർ ആവശ്യപ്പെടുന്ന തുക നൽകിയാൽ ബാഴ്സലോണക്ക് സ്വന്തമാക്കാമെന്നാണ് സൂചന. അതിനിടെ ഇപ്പോളിതാ ബാഴ്സലോണയുടെ പരിശീലകനാവാൻ മനസ് കൊണ്ട് സജ്ജമായിക്കഴിഞ്ഞ സാവി ചുമതലയേറ്റെടുക്കുന്നതിന് മുൻപ് മൂന്ന് ആവശ്യങ്ങൾ ക്ലബ്ബ് നേതൃത്വത്തിന് മുന്നിൽ അവതരിപ്പിച്ചെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

ബാഴ്സലോണയുടെ പരിശീലകനായെത്തിയാൽ ക്ലബ്ബിൽ താൻ എന്തൊക്കെ മാറ്റങ്ങളാണ് ആഗ്രഹിക്കുന്നതെന്ന കാര്യത്തിൽ കൃത്യമായ നിർദ്ദേശങ്ങൾ സാവി കറ്റാലൻ ക്ലബ്ബിന്റെ നേതൃത്വത്തെ അറിയിച്ചെന്നും ഇവ മെഡിക്കൽ സ്റ്റാഫ്, സപ്പോർട്ട് സ്റ്റാഫ്, താൻ ആഗ്രഹിക്കുന്ന ഒരു സൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ടതാണെന്നുമാണ് സ്പാനിഷ് മാധ്യമമായ ഒൻസ റിപ്പോർട്ട് ചെയ്യുന്നത്.

ക്ലബ്ബിന്റെ വൈദ്യ സംഘത്തെ പൂർണമായി അഴിച്ചു പണിയണമെന്ന പക്ഷക്കാരനാണ് സാവി. ഇതുമായി ബന്ധപ്പെട്ട തന്റെ ആശങ്കകൾ ക്ലബ്ബുമായി പങ്കു വെച്ച അദ്ദേഹം ഇക്കാര്യത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌.

ഖത്തർ ക്ലബ്ബായ അൽ സാദിൽ തനിക്കൊപ്പമുണ്ടായിരുന്ന സപ്പോർട്ട് സ്റ്റാഫുകൾ ബാഴ്സലോണയിലും തനിക്കൊപ്പം വേണമെന്നതാണ് സാവി കറ്റാലൻ ക്ലബ്ബിന് മുന്നോട്ട് വെച്ച രണ്ടാമത്തെ ആവശ്യം. ഈ ആവശ്യത്തിലൂടെ തന്റെ സഹോദരനായ ഓസ്ക്കർ, സെർജിയോ അലെഗ്രെ, ഫിറ്റ്നസ് പരിശീലകനായ ഇവാൻ ടോറസ്, ഫിസിയോ കാർലോസ് നോഗ്വെറ, സ്കൗട്ടുകളായ ഡേവിഡ് പ്രാറ്റ്സ്, ടോണി ലാബ്, സെർജിയോ ഗ്രാസിയ എന്നിവരെ ബാഴ്സലോണയിലേക്ക് കൊണ്ടു വരണമെന്നാണ് സാവി വ്യക്തമാക്കുന്നത്.

സാവിയുടെ മൂന്നാമത്തെ ആവശ്യം സൈനിംഗുമായി ബന്ധപ്പെട്ടതാണ്. വിംഗർമാരോട് അല്പം ഇഷ്ടക്കൂടുതലുള്ള പരിശീലകനാണ് അദ്ദേഹം. അത് കൊണ്ടു തന്നെ ക്ലബ്ബ് പുതിയൊരു വിംഗറെ സൈൻ ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നതായും സാവി ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.

facebooktwitterreddit