ഫിഫയുടെ വിലക്ക് ക്ലബുകളുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെയും ബാധിക്കും, തിരിച്ചടി നേരിടുന്ന ടീമുകൾ ഇവയാണ്


ഇന്റർനാഷണൽ മത്സരങ്ങൾക്കായി താരങ്ങളെ വിട്ടു നൽകാൻ ക്ലബുകൾ വിസമ്മതിച്ചതിന്റെ ഭാഗമായി കളിക്കാരെ അഞ്ചു ദിവസത്തേക്ക് വിലക്കിയ ഫിഫയുടെ നടപടി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളെയും ബാധിക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് അയക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണ് ക്ലബുകൾ താരങ്ങളെ വിട്ടു കൊടുക്കാൻ തയ്യാറാവാതിരുന്നത് എങ്കിലും അതിനു പിന്നാലെ ദേശീയ ടീം നേതൃത്വം നൽകിയ പരാതിയിലാണ് ഫിഫ നടപടിയെടുത്തത്.
ബ്രസീലിൽ നിന്നുള്ള എട്ടു താരങ്ങളടക്കം ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്കാണ് വിലക്ക് ബാധകമാവുക. സെപ്തംബർ 10 മുതൽ 14 വരെയുള്ള അഞ്ചു ദിവസങ്ങളിലെ മത്സരങ്ങളിൽ പ്രസ്തുത താരങ്ങൾക്ക് കളിക്കാൻ കഴിയില്ലെന്നു ഫിഫ അറിയിച്ചതോടെ ചില ക്ലബുകൾക്ക് അവരുടെ താരങ്ങളെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും നഷ്ടമാകുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.
ചെൽസി (തിയാഗോ സിൽവ), മാഞ്ചസ്റ്റർ സിറ്റി (ഗബ്രിയേൽ ജീസസ്, എഡേഴ്സൺ), മാഞ്ചസ്റ്റർ യുണൈറ്റഡ് (ഫ്രെഡ്), ലിവർപൂൾ (റോബർട്ടോ ഫിർമിനോ, ഫാബിന്യോ, അലിസൺ ബക്കർ), ലീഡ്സ് യുണൈറ്റഡ് (റഫിന്യ) എന്നീ ബ്രസീലിയൻ താരങ്ങൾക്ക് അടുത്ത പ്രീമിയർ ലീഗ് മത്സരം നഷ്ടമാകും. ഇതിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി ടീമുകൾക്ക് ഫിഫയുടെ വിലക്കുള്ള കാലയളവിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഉള്ളതിനാൽ ആ ടീമിലെ കളിക്കാർക്ക് യൂറോപ്യൻ പോരാട്ടവും നഷ്ടമാകുമെന്ന് മാർക്ക റിപ്പോർട്ടു ചെയ്യുന്നു.
അതേസമയം എവർട്ടൻ തങ്ങളുടെ ബ്രസീലിയൻ സ്ട്രൈക്കറായ റിച്ചാർലിസണിനെ ലോകകപ്പ് യോഗ്യത മത്സരത്തിനു വിട്ടു കൊടുക്കാൻ തയ്യാറായില്ലെങ്കിലും താരത്തിനു ഫിഫയുടെ വിലക്കു ബാധകമാകില്ല. കോപ്പ അമേരിക്ക. ഒളിമ്പിക്സ് എന്നീ രണ്ടു ടൂർണമെന്റുകളിലും റിച്ചാർലിസണിനെ കളിപ്പിക്കാൻ എവെർട്ടൺ അനുവദിച്ചതു കൊണ്ട് ഫിഫക്ക് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പരാതിയിൽ നിന്നും എവർട്ടനെ അവർ ഒഴിവാക്കിയതാണ് ഇതിനു കാരണം.
ചിലി, മെക്സിക്കോ, പാരഗ്വായ് എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ പ്രീമിയർ ലീഗ് കളിക്കാരെയും ഫിഫയുടെ വിലക്ക് ബാധിക്കും. ന്യൂകാസിൽ യുണൈറ്റഡിൽ കളിക്കുന്ന പാരഗ്വായ് താരം മിഗ്വൽ അൽമിറോൺ, വോൾവ്സിലെ മെക്സിക്കൻ സ്ട്രൈക്കർ റൗൾ ജിമിനെസ്, വാട്ഫോഡിൽ കളിക്കുന്ന ചിലി താരം ഫ്രാൻസിസ്കോ സിയറാൾട്ട എന്നിവരാണ് വിലക്കു ബാധകമാകുന്ന മറ്റു താരങ്ങൾ.