Football in Malayalam

സാവി പരിശീലകനായി നൂറു ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ ബാഴ്‌സലോണയുടെ പ്രകടനത്തിന്റെ കണക്കുകൾ

Sreejith N
RCD Espanyol v FC Barcelona - La Liga Santander
RCD Espanyol v FC Barcelona - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

തിങ്കളാഴ്‌ചയോടെ ബാഴ്‌സലോണ പരിശീലകസ്ഥാനത്ത് സാവി ഹെർണാണ്ടസ് നൂറു ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കയാണ്. റൊണാൾഡ്‌ കൂമാനു പകരക്കാരനായി നവംബർ 6നു ബാഴ്‌സ പരിശീലകനായി എത്തിയ അദ്ദേഹത്തിനു കീഴിൽ ടീം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഈ നൂറു ദിവസങ്ങളിൽ ബാഴ്‌സലോണ നടത്തിയ പ്രകടനത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ മനസിലാകും.


സാവിക്കു പരിശീലകൻ ആയതിനു ശേഷം എസ്‌പാന്യോളുമായി നടന്ന ആദ്യത്തെ മത്സരത്തിൽ ഡീപേയുടെ ഗോളിൽ വിജയം നേടിയ ബാഴ്‌സ അതിനു ശേഷം ലാ ലീഗയിൽ സാധ്യമായ 33 പോയിന്റുകളിൽ 22 പോയിന്റും നേടിയിട്ടുണ്ട്. ഇതിനിടയിൽ ഒരൊറ്റ ലീഗ് മത്സരത്തിൽ മാത്രമാണ് ടീം തോൽവി നേരിട്ടത്. സാവി വരുമ്പോൾ ഒൻപതാം സ്ഥാനത്തു നിന്നിരുന്ന ടീം നിലവിൽ നാലാം സ്ഥാനത്താണ്.

സാവിക്കു കീഴിൽ 16 മത്സരങ്ങൾ ക്ലബ് പൂർത്തിയാക്കിയപ്പോൾ അതിൽ ഏഴെണ്ണത്തിലാണ് ടീമിനു വിജയിക്കാൻ കഴിഞ്ഞത്. അഞ്ചു മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ നാല് മത്സരങ്ങളിൽ ടീം പരാജയപ്പെട്ടു. ഇരുപത്തിയഞ്ചു ഗോളുകൾ ബാഴ്‌സലോണ ഇക്കാലയളവിൽ നേടിയപ്പോൾ 22 ഗോളുകൾ വഴങ്ങിയിട്ടുണ്ട്.

മുപ്പത്തിമൂന്നു വ്യത്യസ്‌ത താരങ്ങളെ ടീമിനായി ഉപയോഗിച്ച സാവിയുടെ കീഴിൽ ഏറ്റവുമധികം മത്സരങ്ങളിൽ ഇറങ്ങിയത് നിക്കോ ഗോൺസാലസാണ്. പതിനാറു മത്സരങ്ങളിലും താരം കളിച്ചപ്പോൾ ടെർ സ്റ്റീഗൻ (15), ബുസ്‌ക്വറ്റ്സ് (15), അറോഹോ (15), പിക്വ (15), ജോർദി ആൽബ (14), ഫ്രാങ്കീ ഡി ജോംഗ് (15), ഗാവി (15) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ കണക്കുകൾ.

നാലു തവണ വലകുലുക്കിയ ലൂക്ക് ഡി ജോങാണ് സാവിക്കു കീഴിൽ ഏറ്റവുമധികം ഗോൾ നേടിയ താരം. മെംഫിസ്, നിക്കോ, ഫ്രാങ്കീ, പെഡ്രി, ഗാവി, അറോഹോ, ജുഗ്‌ള എന്നിവരെല്ലാം രണ്ടു ഗോളുകൾ വീതം നേടിയപ്പോൾ ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററൻ താരമായ ഡാനി ആൽവസ് അഞ്ചു മത്സരങ്ങളിൽ നിന്നും മൂന്നു അസിസ്റ്റുകൾ നേടി മുന്നിൽ നിൽക്കുന്നു.

സാവിയുടെ കീഴിൽ ബാഴ്‌സലോണയുടെ വലിയൊരു പോരായ്‌മ നോക്ക്ഔട്ട് മത്സരങ്ങളുള്ള ടൂർണമെന്റുകളിലെ പ്രകടനമാണ്. ചാമ്പ്യൻസ് ലീഗ്, സ്‌പാനിഷ്‌ സൂപ്പർ കപ്പ്, കോപ്പ ഡെൽ റേ എന്നീ ടൂർണമെന്റുകളിൽ നിന്നെല്ലാം പുറത്തായ ബാഴ്‌സലോണക്ക് ഇനിയുള്ള കിരീടപ്രതീക്ഷ യൂറോപ്പ ലീഗ് മാത്രമാണ്. ജനുവരി ജാലകത്തിൽ ടീം മെച്ചപ്പെടുത്തിയതിനാൽ സാവിയുടെ ബാഴ്‌സ സീസണിന്റെ രണ്ടാം പകുതിയിൽ കൂടുതൽ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit