Football in Malayalam

ഒന്നുമില്ലായ്‌മയിൽ നിന്നും പൊരുതി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക്, ചെൽസിയുടെ ജയത്തിൽ താരങ്ങളായി കാന്റെയും മെൻഡിയും

Sreejith N
Manchester City v Chelsea FC - UEFA Champions League Final
Manchester City v Chelsea FC - UEFA Champions League Final / David Ramos/Getty Images
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ രണ്ടാം തവണയും മുത്തമിടാൻ ചെൽസിയെ സഹായിച്ചത് ജർമൻ പരിശീലകനായ തോമസ് ടുഷെലിന്റെ തന്ത്രങ്ങളും എണ്ണയിട്ട യന്ത്രങ്ങളെപ്പോലെ പരിശീലകന്റെ തന്ത്രങ്ങൾ മൈതാനത്തു നടപ്പിലാക്കിയ താരങ്ങളുമാണെന്നതിൽ സംശയമില്ല. ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടമുയർത്തിയ, മുഴുവൻ സമയവും ആക്രമണത്തിലൂന്നി കളിക്കുന്ന പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ഒരു ഷോട്ട് മാത്രമാണ് മത്സരം തീർന്നപ്പോൾ ചെൽസിയുടെ ഗോൾമുഖം ലക്ഷ്യമാക്കി പായിച്ചതെന്ന കണക്ക് നീലപ്പടയുടെ അച്ചടക്കവും വിജയിക്കാനുള്ള മനോഭാവവും വ്യക്തമാക്കി തരുന്നു.

ചെൽസിയുടെ വിജയത്തിന് ടുഷെൽ ജനുവരിയിൽ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു ശേഷം തേച്ചു മിനുക്കിയെടുത്ത ഓരോ താരങ്ങളും അവരുടേതായ പങ്കു വഹിച്ചിട്ടുണ്ടെങ്കിലും മത്സരത്തിനു ശേഷം ആരാധകർ വാഴ്‌ത്തുന്നത് മധ്യനിരയിലെ എഞ്ചിനായ എൻഗോളോ കാന്റയെയും ഗോൾകീപ്പർ എഡ്വാർഡോ മെൻഡിയെയുമാണ്. ഒന്നുമില്ലായ്‌മയുടെ ഭൂതകാലമായിരുന്നിട്ടു കൂടി ജീവിതത്തോട് ദൃഢനിശ്ചയത്തോടെ പൊരുതി പ്രതിബന്ധങ്ങളെ തരണം ചെയ്‌ത ഈ രണ്ടു താരങ്ങളും തികച്ചും അർഹിക്കുന്നതാണ് ഈ കിരീടനേട്ടം. അതല്ലെങ്കിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഈ താരങ്ങളെ അർഹിക്കുന്നുവെന്നും പറയാം.

2012ൽ ഫ്രാൻസിലെ മൂന്നാം ഡിവിഷൻ ക്ലബിലെ താരമായിരുന്ന, ഒരു ഫുട്ബോൾ കളിക്കാരനു വേണ്ട ആകാരം പോലുമില്ലാത്ത എൻഗോളോ കാന്റെ കളിക്കളത്തിൽ പുലർത്തുന്ന ആത്മാർത്ഥതയും കഠിനാധ്വാനവുമാണ് അദ്ദേഹത്തിനെ ഇവിടെ വരെയെത്താൻ സഹായിച്ചത്. 2014ൽ ഫ്രഞ്ച് ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ കെയിനിൽ നിന്നും 2015ൽ പ്രീമിയർ ലീഗ് ക്ലബായ ലൈസ്റ്റർ സിറ്റിയിലെത്തിയതാണ് കാന്റയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ്. 2016ൽ ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച് ലൈസ്റ്റർ സിറ്റി പ്രീമിയർ ലീഗ് സ്വന്തമാക്കിയപ്പോൾ മധ്യനിരയിൽ തന്നെ എതിരാളികളുടെ ആക്രണമങ്ങളുടെ മുനയൊടിക്കുന്ന അഞ്ചടി അഞ്ചിഞ്ചുകാരനെ ശ്രദ്ധിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല.

അതിന്റെ തൊട്ടടുത്ത സീസണിൽ ചെൽസി സ്വന്തമാക്കിയ കാന്റെ പിന്നീട് ചെൽസിയിലും ഫ്രാൻസ് ടീമിലും സ്ഥിരസാന്നിധ്യമായി മാറി. 2017ൽ ചെൽസിക്കൊപ്പം പ്രീമിയർ ലീഗും അതിനു തൊട്ടടുത്ത വർഷം ഫ്രാൻസിനൊപ്പം ലോകകിരീടവും സ്വന്തമാക്കിയ താരം ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടു പാദങ്ങളിലും ഫൈനലിലും കളിയിലെ താരമായി ഇപ്പോൾ ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ കിരീടവും സ്വന്തം പേരിലെഴുതിച്ചേർത്തിരിക്കുന്നു. എന്നാൽ ഈ കിരീടനേട്ടങ്ങളിലൊന്നും തന്റെ എളിമ കൈവിട്ടിട്ടില്ലെന്നത് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാക്കി കാന്റയെ മാറ്റുന്നു.

അതേസമയം ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിലെത്തിയ എഡ്വേർഡ് മെൻഡി തന്റെ ഇരുപത്തിരണ്ടാം വയസിൽ ഫ്രാൻസിലെ ഒരു ക്ലബ് പോലും ഏറ്റെടുക്കാനില്ലാതെ മറ്റേതെങ്കിലും തൊഴിലിലേക്ക് തിരിയേണ്ട സാഹചര്യത്തെ അഭിമുഖീകരിച്ച താരമാണ്. എന്നാൽ താൻ ചെറുപ്പം മുതൽ കളിച്ച ലെ ഹാവ്‌റെ ക്ലബിനൊപ്പം തുടർന്ന് കഠിനമായി പരിശ്രമിച്ച താരം പിന്നീട് മാഴ്‌സയുടെ നാലാം നമ്പർ ഗോൾകീപ്പറായാണ് തന്റെ കരിയർ വീണ്ടെടുക്കുന്നത്. അതിനു ശേഷം റെയ്യിംസിലേക്ക് ചേക്കേറിയ താരം അവിടെ ഒന്നാം നമ്പർ ഗോൾകീപ്പറായി മാറി അവർക്ക് ലീഗ് വണിലേക്ക് പ്രമോഷൻ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

റെയിംസിൽ നിന്നും റെന്നെസിലേക്കെത്തിയ മെൻഡിയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവ് അവിടെ നിന്നുമാണ് ആരംഭിക്കുന്നത്. ഫ്രഞ്ച് ലീഗിൽ റെന്നെസിനെ മൂന്നാം സ്ഥാനത്തെത്തിച്ച താരത്തിന്റെ പ്രകടനം ലോകറെക്കോർഡ് തുകക്ക് ടീമിലെത്തിച്ച കെപ്പക്ക് പകരക്കാരനെ തിരയുന്ന ചെൽസിയുടെ ശ്രദ്ധയിൽ പതിയുകയും മുൻ റെന്നെസ് താരവും ചെൽസിയുടെ ഇതിഹാസവുമായ പീറ്റർ ചെക്കിന്റെ നിർദ്ദേശപ്രകാരം താരം ഇരുപത്തിരണ്ടു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ലണ്ടനിൽ എത്തുന്നതിലേക്ക് വഴിയൊരുക്കുകയും ചെയ്‌തു.

ടോട്ടനത്തിനെതിരെ കറബാവോ കപ്പിൽ ചെൽസിക്ക് വേണ്ടി മെൻഡി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ടീം പരാജയപ്പെട്ടെങ്കിലും പിന്നീട് ചെൽസി ഗോൾവലക്കു മുന്നിലെ കരുത്തുറ്റ സാന്നിധ്യമായി താരം മാറി. ഈ സീസണിൽ പ്രീമിയർ ലീഗിൽ പതിനാറു ക്ളീൻ ഷീറ്റുകളുമായി എഡേഴ്‌സണ് പിന്നിൽ രണ്ടാമതുള്ള താരം ചാമ്പ്യൻസ് ലീഗിൽ ഒൻപതു ക്ളീൻ ഷീറ്റുകളും നേടി. ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ സീസണിൽ തന്നെ ഏറ്റവുമധികം ക്ളീൻ ഷീറ്റുകളെന്ന റെക്കോർഡ് ഇപ്പോൾ മെൻഡിയുടെയും കൂടി പേരിലാണ്. ഇതിനു പുറമെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ ഗോൾകീപ്പർ എന്ന നേട്ടവും ഗിനിയ ബിസാവു താരം സ്വന്തമാക്കി.

ജീവിതത്തിൽ വളരെയധികം പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടും അതിൽ തളരാതെ ആത്മവീര്യത്തോടെ പൊരുതിയ ഈ താരങ്ങളുടെ സാന്നിധ്യം ഈ സീസണിൽ കരുത്തരായ എതിരാളികളെ പോലും നിർഭയത്വത്തോടെ നേരിടാനും ആത്മവിശ്വാസത്തോടെ കുതിക്കാനും ചെൽസിയെ സഹായിച്ചിട്ടുണ്ട്. ഒന്നുമില്ലായ്‌മയിൽ നിന്നും പൊരുതി ഇവിടെ വരെയെത്തിയ ഈ രണ്ടു താരങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തോടെ ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പുതുചരിത്രം കൂടിയാണ് എഴുതിച്ചേർത്തത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit