ബാഴ്സലോണയുടെ യൂറോപ്പ ലീഗ് സ്ക്വാഡിൽ നിന്നും ഡാനി ആൽവസിനെ ഒഴിവാക്കാനുള്ള കാരണങ്ങൾ


നാപ്പോളിയുമായി ഇന്നു രാത്രി നടക്കാനിരിക്കുന്ന യൂറോപ്പ ലീഗ് പ്ലേ ഓഫ് പോരാട്ടത്തിനായി ഒരുങ്ങിയിരിക്കയാണ് ബാഴ്സലോണ. ഈ സീസണിൽ സാധ്യതയുള്ള കിരീടപ്പോരാട്ടങ്ങളിൽ നിന്നെല്ലാം പുറത്തായ ബാഴ്സലോണക്ക് ആകെയുള്ള പ്രതീക്ഷ യൂറോപ്പ ലീഗിൽ മാത്രമാണ്. എന്നാൽ യൂറോപ്പ ലീഗിനുള്ള സ്ക്വാഡിൽ ബ്രസീലിയൻ താരമായ ഡാനി ആൽവസ് കളിക്കില്ലെന്നത് ബാഴ്സലോണക്ക് ആശങ്കയുണർത്തുന്ന കാര്യമാണ്.
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിച്ച മൂന്നു താരങ്ങളെ മാത്രമേ യൂറോപ്പ ലീഗ് സ്ക്വാഡിൽ പുതിയതായി ഉൾപ്പെടുത്താൻ കഴിയൂ എന്നിരിക്കെ ഫെറൻ ടോറസ്, ഒബാമയാങ്, അഡമ ട്രയോറെ എന്നിവരെ പരിഗണിച്ച ബാഴ്സലോണ മുപ്പത്തിയെട്ടു വയസുള്ള ഡാനി ആൽവസിനെ ഒഴിവാക്കുകയായിരുന്നു. താരത്തെ സാവി തഴഞ്ഞതിനു പിന്നിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ടെന്നാണ് സ്പോർട്ട് വെളിപ്പെടുത്തുന്നത്.
ആൽവസിൽ സാവിക്ക് വളരെയധികം വിശ്വാസമുണ്ടെങ്കിലും ഒരാഴ്ചയിൽ രണ്ടു മത്സരങ്ങൾ വീതം കളിക്കുന്നത് 38 വയസുള്ള താരത്തെ സംബന്ധിച്ച് വളരെ ദുഷ്കരമായ കാര്യമാകുമെന്നും അത് ഫോമിനെ ബാധിക്കുമെന്നും കരുതിയാണ് സാവി ഡാനിയെ ഒഴിയാക്കിയത്. ഇതിനു പുറമെ അഡമ ട്രയോറെ, സെർജിനോ ഡെസ്റ്റ്, ഓസ്കാർ മിൻഗുയെസ, അറോഹോ തുടങ്ങിയ താരങ്ങൾക്ക് റൈറ്റ്ബാക്കായി കളിക്കാൻ കഴിയുമെന്നതും ഇതിനു കാരണമായി.
യൂറോപ്പ ലീഗ് സ്ക്വാഡിൽ താരങ്ങളെ ഉൾപ്പെടുത്താനുള്ള അവസാന തീയതിയിൽ ഡെംബലെയുടെ ഭാവിയെ സംബന്ധിച്ച് തീരുമാനം ആകാതിരുന്നതും ജുഗ്ള, അബ്ദെ തുടങ്ങിയ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നതും അൻസു ഫാറ്റി പരിക്കേറ്റു പുറത്താണ് എന്നതെല്ലാം പരിഗണിച്ച് മൂന്നു മുന്നേറ്റനിര താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാവി തീരുമാനിക്കുകയായിരുന്നു.
ലാ ലീഗയിൽ ഈ സീസണിൽ ടോപ് ഫോർ ലക്ഷ്യം വെച്ചു മുന്നേറുന്ന ബാഴ്സലോണക്കായി ഒരു ഗോളും മൂന്നു അസിസ്റ്റും ഡാനി അൽവസ് സ്വന്തമാക്കിയിട്ടുണ്ട്. സാവിയുടെ ശൈലിക്കു വളരെ ചേരുന്ന കളിക്കാരനായ ഡാനിയെ യൂറോപ്പ ലീഗ് സ്ക്വാഡിൽ നിന്നും പുറത്താക്കാനുള്ള ബാഴ്സയുടെ തീരുമാനം തിരിച്ചടി നൽകുമോയെന്നാണ് ആരാധകരുടെ പ്രധാന ആശങ്ക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.