അർജന്റീനക്കെതിരായ മത്സരശേഷം മെസിയുമായി ജേഴ്സി കൈമാറാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ലൂയിസ് ഡയസ്

ഇരു ടീമുകളിലേയും താരങ്ങൾ മത്സര ശേഷം തങ്ങളുടെ ജേഴ്സികൾ പരസ്പരം കൈമാറ്റം ചെയ്യുന്നത് ഫുട്ബോളിലെ പതിവു കാഴ്ചയാണ്. ഇത്തവണത്തെ കോപ്പ അമേരിക്കയിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച കൊളംബിയയുടെ ലൂയിസ് ഡയസ് അർജന്റീനക്കെതിരെ നടന്ന സെമിഫൈനൽ പോരാട്ടത്തിന് ശേഷം ഇത്തരത്തിൽ ജേഴ്സി കൈമാറ്റം നടത്തിയിരുന്നു. ഈ മത്സരത്തിന് ശേഷം അർജന്റൈൻ നായകനായ ലയണൽ മെസിയുമായി മൈതാനത്ത് വെച്ച് കുശലാന്വേഷണം നടത്തിയ ഡയസ് പക്ഷേ മറ്റൊരു അർജന്റൈൻ സൂപ്പർ താരമായ ഏഞ്ചൽ ഡി മരിയയുമായിട്ടായിരുന്നു ജേഴ്സി കൈമാറിയത്.
മെസിയുമായി ഡയസ് ജേഴ്സി കൈമാറാത്തതുമായി ബന്ധപ്പെട്ട് ഈ മത്സരശേഷം പല തരത്തിലുള്ള സംസാരങ്ങളും ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കൊളംബിയൻ റേഡിയോ നെറ്റ്വർക്കായ കാരക്കോൾ റേഡിയോയിൽ സംസാരിക്കവെ ഇതിന് കാരണമെന്തെന്ന് ഡയസ് തന്നെ വ്യക്തമാക്കി.
ലയണൽ മെസിയുടെ ഷർട്ട് തന്റെ കൈയ്യിൽ നേരത്തെ തന്നെ ഉണ്ടായിരുന്നതായും അതിനാലാണ് ഡി മരിയയുമായി ഇക്കുറി ജേഴ്സി കൈമാറാൻ താൻ തീരുമാനിച്ചതെന്നും പറയുന്ന ഡയസ്, മറ്റ് കാരണങ്ങളൊന്നും ഇതിന് പിന്നിലില്ലെന്നും വ്യക്തമാക്കുന്നു.
"മത്സരശേഷം ഞങ്ങൾ കുറച്ച് വാക്കുകൾ പരസ്പരം കൈമാറി (മെസിയുമായി), കേവലം അഭിവാദ്യം മാത്രം. അദ്ദേഹത്തെ അവിടെ തൊട്ടടുത്ത് ലഭിച്ചത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു, കാരണം എനിക്ക് എല്ലായ്പ്പോളും ആ തലത്തിലെത്താനും ലോകത്തെ ഏറ്റവും മികച്ച വർക്കൊപ്പം കളിക്കാനും ആഗ്രഹമുണ്ടായിരുന്നു. അത് വളരെ മികച്ച സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഡി മരിയയുമായാണ് ഞാൻ ടി ഷർട്ട് കൈമാറിയത്. എനിക്ക് ലയണൽ മെസിയുടെ ഷർട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നു. അതിനാലാണ് ഇത്തവണ മറ്റൊരാളുമായി അത് കൈമാറാൻ ഞാൻ ശ്രമിച്ചത്." കൊളംബിയൻ റേഡിയോയിൽ സംസാരിക്കവെ ഡയസ് വ്യക്തമാക്കി.
അതേ സമയം ഇത്തവണത്തെ കോപ്പ അമേരിക്കയിൽ ഉജ്ജ്വല പ്രകടനമായിരുന്നു കൊളംബിയക്കായി ലൂയിസ് ഡയസ് പുറത്തെടുത്തത്. ടൂർണമെന്റിൽ നാല് ഗോളുകൾ നേടി ലയണൽ മെസിക്കൊപ്പം ടോപ് സ്കോററായ ഡയസിന് അസിസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഗോൾഡൻ ബൂട്ട് നഷ്ടമായത്.