Football in Malayalam

ഫുട്ബോളിൽ വിപ്ലവ മാറ്റം സൃഷ്ടിക്കാൻ കെൽപ്പുള്ള 5 നിയമങ്ങൾ; പരീക്ഷണം നടക്കുന്നത് ഫ്യൂച്ച്വർ ഓഫ് ഫുട്ബോൾ ടൂർണമെന്റിൽ

By Gokul Manthara
FBL-GER-BUNDESLIGA-HANOVER-MUNICH
FBL-GER-BUNDESLIGA-HANOVER-MUNICH / ODD ANDERSEN/Getty Images
facebooktwitterreddit

ഫുട്ബോൾ നിയമങ്ങൾ എല്ലാക്കാലത്തും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ്. കളിയുടെ മുന്നേറ്റത്തിനും വളർച്ചയ്ക്കും നിയമങ്ങളിൽ കൊണ്ടു വരുന്ന അത്തരം മാറ്റങ്ങൾ അത്യാവശ്യവുമാണ്. പല ടൂർണമെന്റുകളിലും പരീക്ഷിച്ച് വിജയം കണ്ടതിന് ശേഷം മാത്രമേ പുതിയ നിയമങ്ങൾ സീനിയർ ഫുട്ബോളിൽ ഫിഫ പ്രാബല്യത്തിൽ കൊണ്ടു വരാറുള്ളൂ. ഇപ്പോളിതാ ഭാവിയിൽ ഫുട്ബോളിൽ നാം കാണാൻ സാധ്യതയുള്ള അത്തരം അഞ്ച് പുതിയ നിയമങ്ങൾ യൂറോപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ടൂർണമെന്റിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. ഫുട്ബോളിൽ വിപ്ലവ മാറ്റം സൃഷ്ടിക്കാൻ കെൽപ്പുള്ള അഞ്ച് പുതിയ നിയമങ്ങൾ പി എസ്‌ വി, എഇസഡ്, ആർ ബി‌ ലെപ്സിഗ്, ക്ലബ്ബ് ബ്രഗ്ഗ് എന്നീ ക്ലബ്ബുകളുടെ അണ്ടർ 19 ടീമുകൾ പങ്കെടുക്കുന്ന ഫ്യൂച്ച്വർ ഓഫ് ഫുട്ബോൾ കപ്പിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

മത്സരസമയത്തിലും, മഞ്ഞക്കാർഡുമായി ബന്ധപ്പെട്ട ശിക്ഷയുടെ കാര്യത്തിലും, സബ്സ്റ്റിറ്റ്യൂഷന്റെ കാര്യത്തിലുമെല്ലാം ഇപ്പോളത്തെ നിയമത്തിൽ നിന്ന് വലിയ മാറ്റമാണ് നിലവിൽ ഫ്യൂച്ച്വർ ഓഫ് ഫുട്ബോൾ കപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന നിയമങ്ങൾക്കുള്ളത്. ഫിഫയുടെ പിന്തുണ ഈ ടൂർണമെന്റിനില്ലെങ്കിലും സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയുടെ റിപ്പോർട്ട് പ്രകാരം അവിടെ ഉപയോഗിക്കുന്ന പുതിയ നിയമങ്ങൾ വിജയകരമാണെന്ന് തെളിയുകയാണെങ്കിൽ ഭാവിയിൽ ഈ നിയമങ്ങൾ ഫുട്ബോളിൽ ആവിഷ്കരിക്കുന്നതിന്റെ സാധ്യതകളെപ്പറ്റി വിശകലനം ചെയ്യാൻ ഇഫാബിനോട് (ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ്) ഫിഫ ആവശ്യപ്പെട്ടേക്കും.

പുതിയ 5 നിയമങ്ങൾ ഇങ്ങനെ,

1. മത്സരം 30 മിനുറ്റ് വീതമുള്ള 2 പകുതികളാക്കുക

നിലവിൽ 45 മിനുറ്റുള്ള 2 പകുതികളായാണ് ഫുട്ബോൾ മത്സരം നടക്കുന്നത്. ഇത് 30 മിനുറ്റുകളുള്ള 2 പകുതികളായി മാറും. പുറത്തേക്ക് പന്ത് പോയാലോ മറ്റേതെങ്കിലും കാരണത്താൽ (പരിക്ക്, ഫൗളുകൾ, കളിക്കളത്തിലുണ്ടാകുന്ന തർക്കങ്ങൾ) കളി തടസപ്പെട്ടാലോ ഉടൻ സമയവും നിർത്തി വെക്കും‌. തുടർന്ന് കളി തുടങ്ങുമ്പോൾ മാത്രമേ സമയം വീണ്ടും കൗണ്ട് ചെയ്യൂ. ഇതിലൂടെ ഒരു മത്സരത്തിൽ 60 മിനുറ്റും മൈതാനത്ത് കളി നടക്കുമെന്ന് ഉറപ്പാക്കാനാകും

2. പരിധിയില്ലാത്ത മാറ്റങ്ങൾക്ക് അവസരം

മുൻപ് ഒരു മത്സരത്തിൽ മൂന്ന് പകരക്കാർക്കായിരുന്നു കളിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ കോവിഡ് കാലത്ത് ഇത് അഞ്ചാക്കി ഉയർത്തി. പക്ഷേ പുതിയ നിയമം അനുസരിച്ച് ഒരു മത്സരത്തിൽ ഒരു‌ ടീമിന് എത്ര മാറ്റങ്ങൾ വേണമെങ്കിലും കളിക്കളത്തിൽ വരുത്താൻ കഴിയും.

3. ത്രോ ഇന്നിന് പകരം കാലുകൾ ഉപയോഗിച്ചുള്ള കിക്ക് ഓഫ്സ്

പന്ത് സൈഡ് ലൈന് പുറത്തേക്ക് പോയാൽ ത്രോ ഇൻ ഉണ്ടാവില്ല. പകരം കാലുകൾ ഉപയോഗിച്ചുള്ള കിക്ക് ഓഫുകളാവും അനുവദിക്കുക. എന്നാൽ ഇത് കളിയിൽ അപകടകരകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്ന് പറയപ്പെടുന്നു.

4. മഞ്ഞക്കാർഡ് ലഭിക്കുന്ന താരത്തിന് അഞ്ച് മിനുറ്റ് സസ്പെൻഷൻ

കളിക്കളത്തിലെ അപകടകരമായ ഫൗളിന്റേയും, അച്ചടക്ക ലംഘനത്തിന്റേയും പേരിൽ മഞ്ഞക്കാർഡ് ലഭിക്കുന്ന കളികാരന് അഞ്ച് മിനുറ്റ് നേരത്തേക്ക് മൈതാനത്ത് നിന്ന് താൽക്കാലിക സസ്പെൻഷൻ കളിക്കും. മഞ്ഞക്കാർഡ് ലഭിച്ചതിന് ശേഷമുള്ള അഞ്ച് മിനുറ്റുകളിൽ ആ താരത്തിന് പുറത്തിരിക്കേണ്ടി വരും.

5. ഫ്രീകിക്ക് ഡ്രിബിൾ ചെയ്യാൻ കഴിയും

ഫ്രീകിക്കുകൾ ഡ്രിബിൾ ചെയ്യാൻ കഴിയുമെന്ന നിയമമാണ് ഏറ്റവും ശ്രദ്ധേയം. അതായത് ഫ്രീകിക്ക് എടുക്കുന്ന താരത്തിന് പന്തുമായി മുന്നോട്ട് നീങ്ങി എതിർ താരങ്ങളെ കബളിപ്പിച്ച് ഒറ്റയ്ക്ക് ഗോളുകൾ നേടാൻ കഴിയും.

facebooktwitterreddit