Football in Malayalam

കോപ്പ ഫൈനലിന് ശേഷം മെസിയുടെ ജേഴ്സി ലഭിച്ചത് ബ്രസീലുകാരനായ അർജന്റൈൻ ആരാധകന്, ആ കഥ ഇങ്ങനെ...

Gokul Manthara
Brazil v Argentina: Final - Copa America Brazil 2021
Brazil v Argentina: Final - Copa America Brazil 2021 / MB Media/Getty Images
facebooktwitterreddit

ലയണൽ മെസിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും വിശിഷ്ടമായ നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞയാഴ്ച റിയോ ഡി‌ ജനീറോയിലെ മാരക്കാന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീനക്കൊപ്പം കിരീടം ചൂടിയതോടെ ഒരു അന്താരാഷ്ട്ര കിരീടമെന്ന ദീർഘകാലത്തെ കാത്തിരിപ്പിന് മാരക്കാനയിൽ മെസി അവസാനമിടുകയായിരുന്നു. കോപ്പ ഫൈനലിലെ അവസാന വിസിലിന് ശേഷം അർജന്റീന ആരാധകർ തുടങ്ങിയ ആവേശവും ആരവങ്ങളും ഇപ്പോളും അവസാനിച്ചിട്ടില്ല എന്നതാണ് സത്യം.

മെസി കോപ്പ അമേരിക്കയിൽ കിരീടം ചൂടിയത് അർജന്റീനക്കാരെ മാത്രമല്ല ഫൈനലിൽ അവരുടെ എതിരാളികളായിരുന്നു ബ്രസീലിൽ നിന്നുള്ളവരേയും ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇതിൽ മെസിയും, അർജന്റീനയും കോപ്പ കിരീടം ചൂടിയതിൽ ഏറ്റവുമധികം സന്തോഷിക്കുന്ന ബ്രസീലുകാരിലൊരാളാണ് തിയാഗോ റെസിനോ എന്ന ബ്രസീലിയൻ വസ്ത്രവ്യാപാരി. ബ്രസീലുകാരനാണെങ്കിലും 2019 മുതൽ അർജന്റീനയുടെ കടുത്ത ആരാധകനാണ് അദ്ദേഹം. തന്റെ രാജ്യത്ത് വെച്ചു തന്നെ നടന്ന 2019 ലെ കോപ്പ അമേരിക്ക ടൂർണമെന്റിനിടെ അർജന്റൈൻ താരം പൗളോ ഡിബാലയെ കണ്ടു മുട്ടിയ റെസിനോ ഇതിന് ശേഷമാണ് അർജന്റീനയുടെ കടുത്ത ആരാധകനായി മാറിയത്.

ഡിബാലയുമായുള്ള സൗഹൃദം റെസീനോയും അർജന്റൈൻ സ്ക്വാഡുമായുള്ള അടുപ്പം വർധിപ്പിച്ചു. ഈ അടുപ്പമാണ് ഇത്തവണത്തെ കോപ്പ ഫൈനലിൽ ഗ്യാലറിയിലിരുന്ന് അർജന്റീനക്കായി ആർപ്പുവിളിക്കാൻ റെസിനോയ്ക്ക് അവസരം നേടിക്കൊടുത്തത്. ഈ മത്സരത്തിനായി ലയണൽ മെസിയുടെ സ്റ്റാഫിനാലാണ് റെസീനോക്ക് ക്ഷണമെത്തിയത്. മെസി പറഞ്ഞിട്ടാണ് തനിക്ക് അദ്ദേഹത്തിന്റെ സ്റ്റാഫിലൊരാൾ മത്സരം കാണാനുള്ള ക്രെഡൻഷ്യൽസ് നൽകിയതെന്നും മത്സരശേഷം മെസിയുടെ ഷർട്ട് തനിക്ക് തരാമെന്ന് വാഗ്ദാനമുണ്ടായിരുന്നതായും അർജന്റൈൻ മാധ്യമമായ ഡിയാരിയോ ഒലെയോട് സംസാരിക്കവെ റെസീനോ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

അതേ സമയം കോപ്പ ഫൈനൽ കാണാനുള്ള ക്രെഡൻഷ്യൽസ് ലഭിച്ചതിലൂടെ തന്റെ പ്രിയ ടീം നീണ്ട 28 വർഷങ്ങൾക്ക് ശേഷം കോപ്പ അമേരിക്കയിൽ മുത്തമിടുന്നത് ചരിത്രമുറങ്ങുന്ന മാരക്കാന സ്റ്റേഡിയത്തിലിരുന്ന് തത്സമയം വീക്ഷിക്കാൻ റെസീനോക്ക് കഴിഞ്ഞു. മത്സരത്തിന് ശേഷമാകട്ടെ അർജന്റീനയുടെ ലോക്കർ റൂമിലേക്കും ഈ ഇരുപത്തിയേഴുകാരന് ക്ഷണം ലഭിച്ചു. പത്തോ പതിനഞ്ചോ മിനുറ്റ് ചിലവഴിക്കാനായിരുന്നു ലോക്കർ റൂമിലേക്ക് റെസിനോ എത്തിയെങ്കിലും അതിലുമധികം സമയം അദ്ദേഹം അവിടെ നിന്നു.

തന്റെ പ്രിയ ടീമിന്റെ വിജയാഘോഷം കണ്ട് മതിമറന്നു നിന്ന റെസിനോക്ക് ഏറ്റവും വലിയ സമ്മാനം ലഭിക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. ലോക്കർ റൂമിലെ ആഘോഷങ്ങൾക്കിടെ നേരത്തെ പറഞ്ഞിരുന്നതു പോലെ മെസി, കോപ്പ ഫൈനലിൽ കളിച്ച തന്റെ ജേഴ്സി അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫോട് കൂടി റെസീനോക്ക് സമർപ്പിച്ചു. അങ്ങനെ ലോകത്തെ ഏറ്റവും ഭാഗ്യവാനായ അർജന്റീന ആരാധകനായണ് റെസീനോ എന്ന ബ്രസീലുകാരൻ കോപ്പ ഫൈനലിന് ശേഷം മാരക്കനായിൽ നിന്ന് മടങ്ങിയത്.

facebooktwitterreddit