നിലവിലെ ഏറ്റവും മികച്ച ലാറ്റിനമേരിക്കൻ താരങ്ങൾ, നെയ്മർ ആദ്യ അഞ്ചിലില്ല, മെസിക്ക് മൂന്നാം സ്ഥാനം


ഫുട്ബോളിൽ ലോകത്തിലെ ഏറ്റവും മികച്ച ടാലന്റ് ഫാക്ടറി ഏതാണെന്നു ചോദിച്ചാൽ ലാറ്റിനമേരിക്കയെന്നു നമുക്ക് നിസംശയം പറയാനാകും. ബ്രസീലിലെ 'ഫവേല'കൾ മുതൽ അർജന്റീനയിലെ 'ബാരിയോ'കളിൽ നിന്നും ഉയർന്നുവന്ന നിരവധി ഇതിഹാസതാരങ്ങളാണ് ഫുട്ബോൾ ലോകം അടക്കി ഭരിച്ചിരുന്നത്.
ലോകത്തിലെ എക്കാലത്തെയും മികച്ച നാലു താരങ്ങൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ പെലെ, ഡീഗോ മറഡോണ, ലയണൽ മെസി എന്നിങ്ങനെ മൂന്നുപേർക്കായി അവകാശവാദം ഉന്നയിക്കാനാകും. മറ്റൊന്ന് തീർച്ചയായും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
എന്നാൽ അനശ്വരമായ മറ്റു ഫുട്ബോൾ ഇതിഹാസങ്ങളുടെ നിരയെടുത്താൽ ലാറ്റിനമേരിക്കയിൽ നിന്നു തന്നെ റൊണാൾഡോ നസാരിയോ, റൊണാൾഡോ, ഗാരിഞ്ച, ആൽഫ്രഡോ ഡി സ്റ്റെഫാനോ, സീക്കോ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ നമുക്ക് ചൂണ്ടിക്കാണിക്കാനാകും.
ലാറ്റിനമേരിക്കയിലെ ഇതിഹാസതാരങ്ങളിലൂടെ നമ്മൾ കടന്നു പോവുമ്പോൾ നിലവിലെ ഏറ്റവും മികച്ച ലാറ്റിനമേരിക്കൻ താരം ആരൊക്കെയാണെന്ന ചോദ്യവും ഉയർന്നുവന്നേക്കാം. അതിനുള്ള ഉത്തരമാണ് ഫുട്ബോൾ മാധ്യമമായ ഫോർഫോർടു നൽകുന്നത്. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച 10 ലാറ്റിനമേരിക്കൻ താരങ്ങളെ ഫോർഫോർടു ലിസ്റ്റു ചെയ്യുന്നു.
ഫോർഫോർടൂവിന്റെ ലിസ്റ്റ് പ്രകാരം നിലവിൽ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും മികച്ച 10 താരങ്ങൾ ഇവരാണ്:
10. ഫാബിഞ്ഞോ
ലിവർപൂളിന്റെ മധ്യനിരയിൽ പരിശീലകൻ യർഗൻ ക്ലോപ്പിന്റെ വിശ്വസ്ത താരമാണ് ഫാബിഞ്ഞോ. പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച മധ്യനിരതാരങ്ങളിലൊരാളാണ് ഫാബിഞ്ഞോ. ഡിഫൻസീവ് മിഡ്ഫീൽഡറായി കളിക്കാൻ ബ്രസീലിൽ കാസമിറോയും ഉണ്ട് എന്നത് താരത്തിന്റെ ദേശിയ ടീമിലെ അവസരങ്ങളെ ബാധിക്കുന്നുണ്ട്. അല്ലായിരുന്നുവെങ്കിൽ ഈ ലിസ്റ്റിൽ ഇതിനേക്കാൾ ഉയർന്ന സ്ഥാനത്താകുമായിരുന്നു താരം.
9. ഗബ്രിയേൽ ജീസസ്
25കാരനായ ഗബ്രിയേൽ ജീസസ് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്സണലിലേക്ക് ചേക്കേറുന്നതിനടുത്താണ്. മാഞ്ചസ്റ്റർ സിറ്റിയിലായിരുന്ന സമയം സാമാന്യം ഭേദപ്പെട്ട രീതിയിൽ ഗോളടിച്ചു കൂട്ടിയ താരം 234 മത്സരങ്ങളിൽ നിന്നായി 95 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ സിറ്റിയിൽ താരത്തിന്റെ മത്സരസമയം കുറഞ്ഞതോടെയാണ് ആഴ്സണലിലേക്ക് ചേരാൻ താരം തീരുമാനിച്ചത്. അത് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ലോകകപ്പിലേക്കുള്ള ബ്രസീൽ സ്ക്വാഡിലേക്ക് അവസരമൊരുക്കുമെന്നും താരം പ്രതീക്ഷിക്കുന്നു.
8. ലൗറ്റാരോ മാർട്ടിനസ്
അർജന്റീനൻ മുന്നേറ്റനിരയിലെ കുന്തമുനയായ ലൗറ്റാരോ മാർട്ടിനസിന്റെ മിന്നും പ്രകടനം 2020-21 സീസണിൽ ഇന്ററിന്റെ സീരി എ കിരീടനേട്ടത്തിന് പ്രധാനകാരണമായിരുന്നു. കഴിഞ്ഞ സീസണിൽ 25 ഗോളുകൾ നേടിയ താരത്തിന്റെ പ്രകടനം ഇന്റർ മിലാനെ കിരീടത്തിനടുത്തെത്തിച്ചിരുന്നു. വെറും 24 വയസു മാത്രം പ്രായമുള്ള താരത്തിനു ക്ലബ്ബിനും രാജ്യത്തിനുമായി മികച്ച ഭാവിയാണ് മുന്നിലുള്ളത്.
7. ലൂയിസ് ഡയസ്
ലിവർപൂളിന്റെ ഏറ്റവും മികച്ച പുതിയ കണ്ടെത്തലായി ഉയർന്നു വരുന്ന കൊളമ്പിയൻ താരമാണ് ലൂയിസ് ഡയസ്. പ്രീമിയർ ലീഗിലേക്കുള്ള താരത്തിന്റെ കടന്നുവരവ് കഴിഞ്ഞ സീസണിൽ അത്ഭുതത്തോടെയാണ് ഫുട്ബോൾ ലോകം വീക്ഷിച്ചത്. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നിലേക്ക് വരികയും മൂന്നു മത്സരങ്ങൾ കൊണ്ട് ടീമിലെ സ്ഥിരസാന്നിധ്യമായി മാറാനും ഡയസിനു സാധിച്ചു. അധികം ഗോളുകളൊന്നും നേടാൻ സാധിക്കാത്തത് വിമർശനത്തിന് വഴിയൊരുക്കിയെങ്കിലും ലിവർപൂൾ ജേഴ്സിയിൽ ആറു ഗോളുകൾ നേടുകയെന്നത് ഭേദപ്പെട്ട പ്രകടനമാണ്. ഉണ്ടാക്കിയെടുത്ത അവസരങ്ങൾ ലക്ഷ്യത്തിലെത്തിയിരുന്നെങ്കിൽ ഗോളുകളുടെ എണ്ണം ഇനിയും ഉയരുമായിരുന്നു. അധികം വൈകാതെ തന്നെ ഫുട്ബോളിലെ മികച്ച താരങ്ങളിലൊരാളായി ഉയർന്നുവരാൻ താരത്തിനു സാധിക്കുമെന്നതിൽ സംശയമില്ല.
6. നെയ്മർ
നിലവിൽ ലാറ്റിനമേരിക്കയിലെ മികച്ചതാരങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ എത്താനാകാത്തത് നെയ്മറിന്റെ പ്രതാപം കുറഞ്ഞുവെന്നതിനു തെളിവാണ്. ബാഴ്സലോണയിൽ മെസ്സിക്കൊപ്പം ഉയർന്നുകേട്ട സൂപ്പർതാരപദവിയാണ് നെയ്മറിനുണ്ടായിരുന്നത്. ക്ലബ്ബ് തലത്തിൽ നിലവിൽ കാര്യങ്ങൾ നെയ്മറിനൊപ്പമല്ല എന്നത് വ്യക്തമാണ്. എന്നിരുന്നാലും ബ്രസീലിനു വേണ്ടി ലോകകപ്പ് കിരീടം നേടാൻ സാധിച്ചാൽ വീണ്ടും ലോക ഫുട്ബോളിന്റെ തലപ്പത്തേക്കെത്താൻ നെയ്മറിനു സാധിച്ചേക്കും.
5. കാസമിറോ
സ്ഥിരതയാർന്ന താരമെന്ന വിശേഷണമാണ് കാസമിറോക്ക് ചേരുക. അപൂർവമായേ കളിക്കളത്തിൽ പിഴവു വരുത്തുകയുള്ളുവെന്നതും പ്രതിരോധത്തിനു ശക്തി പകരുന്നതും ഒരു കലയാണെന്നു താരം തെളിയിക്കുന്നു. മുകളിൽ പറഞ്ഞ പോലെ തന്നെ ബ്രസീലിനായി ഫാബിഞ്ഞോക്ക് അവസരം കുറഞ്ഞതിന്റെ പ്രധാനകാരണം കാസമിറോയുടെ കളിമികവ് തന്നെയാണ്.
റയൽ മാഡ്രിഡിനൊപ്പം തന്റെ അഞ്ചാം ചാമ്പ്യൻസ് ലീഗ് നേട്ടവും കാസമിറോയുടെ വിജയഗാഥക്ക് നിറപ്പകിട്ടേകുന്നു.
4.ഫെഡറിക്കോ വാൽവെർദെ
ഈ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചു കാണില്ല. കാസമിറോ സ്ഥിരതയുടെ പര്യായമാണെങ്കിൽ ഫെഡറിക്കോ വാൽവെർദെ ഫുട്ബോളിലെ ബഹുമുഖ പ്രതിഭയാണെന്നു പറയാം. മധ്യനിരയിലും മുന്നേറ്റനിരയിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങുന്ന ഈ ഉറുഗ്വായൻ താരം ഏതൊരു പരിശീലകന്റെയും സ്വപ്നമാണ്.
3. ലയണൽ മെസി
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ മെസ്സി ഉണ്ടാകുമെങ്കിലും, നിലവിലെ ഏറ്റവും മികച്ച ലാറ്റിൻ അമേരിക്കൻ താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മെസ്സി.
അർജന്റീനക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും പിഎസ്ജിയിലെ താരത്തിന്റെ പ്രകടനം അത്ര മികച്ചതായില്ലെന്നത് ലിസ്റ്റിൽ താഴേക്ക് കൊണ്ടുപോയി.
2. അലിസൺ ബെക്കർ
ബ്രസീലിന്റെ മികച്ച രണ്ടു കീപ്പർമാരാണ് അലിസൺ ബെക്കറും എഡേഴ്സണും. അവർ പ്രീമിയർ ലീഗിലെ രണ്ടു മികച്ച ക്ലബ്ബുകളിൽ എതിരാളികളായി തുടരുന്നത് ചിലപ്പോൾ വിരോധാഭാസമായി തോന്നാം. ആധുനികഫുട്ബോളിൽ എഡേഴ്സൺ മികച്ച കീപ്പറാണ്. എന്നാൽ അന്താരാഷ്ട്ര ടീമിൽ അലിസൺ ബെക്കറിനു കീഴിലാണ് എഡേഴ്സന്റെ സ്ഥാനം. അതിനു കാരണം താരത്തിന്റെ ഗോൾകീപ്പിങ് മികവ് തന്നെയാണ്. ഫുട്ബോളിൽ 1 v 1 സാഹചര്യത്തിൽ അലിസന്റെ മികവ് അസാധാരണമാണ്.
1. വിനിഷ്യസ് ജൂനിയർ
വെറും 21 വയസു മാത്രം പ്രായമുള്ള താരം ഇനിയെന്തൊക്കെ നേടും എന്നത് പ്രവചനാതീതമാണ്. താരത്തിന്റെ ഭയപ്പെടുത്തുന്ന വേഗതയും മികച്ച സ്കില്ലുകളും പ്രതിരോധനിരക്കാർക്ക് എന്നും ഭീഷണിയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിലാണ് താരത്തിന്റെ പ്രശസ്തി വാനോളമുയരുന്നത്. ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വിജയഗോൾ നേടുകയും റയൽ മാഡ്രിഡിന്റെ മികച്ചതാരങ്ങളിലൊരാളായി ഉയർന്നുവരാനും താരത്തിനു സാധിച്ചു.