അർജന്റീനക്കൊപ്പമുള്ളത് മറ്റൊരു മെസി, പിഎസ്ജിയിൽ താരം പൂർണമായും തൃപ്തനല്ലെന്ന് കാർലോസ് ടെവസ്


പിഎസ്ജിയിലെ മെസിയെയല്ല അർജന്റീന ടീമിനൊപ്പം കാണാൻ കഴിയുകയെന്നും ദേശീയ ടീമിൽ കളിക്കുമ്പോൾ താരം വളരെ വ്യത്യസ്തനാണെന്നും അർജന്റീന സഹതാരമായിരുന്ന കാർലോസ് ടെവസ്. പിഎസ്ജിയിൽ പൂർണമായും തൃപ്തനല്ലാത്ത താരം പകുതി മാത്രം സന്തോഷത്തോടെയാണ് അവർക്കൊപ്പം കളിക്കുന്നതെന്നും മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ ടെവസ് അഭിപ്രായപ്പെട്ടു.
നിരവധി വർഷങ്ങൾ നീണ്ട ബാഴ്സലോണ കരിയറിന് അവസാനം കുറിച്ച് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് മെസി പിഎസ്ജിയിലേക്ക് ചേക്കേറിയത്. കോപ്പ അമേരിക്ക കിരീടം ഉയർത്തിയതിന്റെ സന്തോഷവുമായി സീസൺ ആരംഭിച്ച താരം പക്ഷെ പിഎസ്ജിക്കൊപ്പം സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് നടത്തിയത്.
Carlos Tevez on how he sees two versions of Lionel Messi: "One is when he is with PSG and the other is when he comes to the Argentina national team."
— Roy Nemer (@RoyNemer) May 17, 2022
Tevez adds that he sees Messi more happy with Argentina and that he is "half half" with PSG. This via @canal9oficial. pic.twitter.com/5YmkSnSQzQ
പിഎസ്ജിക്കൊപ്പം പതറുമ്പോഴും അർജന്റീന ടീമിനൊപ്പം മികച്ച പ്രകടനം നടത്താൻ മെസിക്ക് കഴിയുന്നുണ്ട്. കോപ്പ അമേരിക്കക്കു ശേഷമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾ അടക്കമുള്ള എല്ലാ കളികളിലും അർജന്റീന പരാജയം അറിയാതെ കുതിച്ചപ്പോൾ അതിൽ മെസി നിർണായക പ്രകടനം നടത്തിയിരുന്നു. അർജന്റീന ടീമിൽ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പുള്ള ഒരേയൊരു താരം മെസിയാണെന്നും സ്കലോണി പറയുകയുണ്ടായി.
മെസിയുടെ കളിക്കളത്തിലെ പ്രകടനം രണ്ടു തരത്തിൽ ആയതിനെ കുറിച്ച് ഒരു അർജന്റീനിയൻ മാധ്യമത്തോട് സംസാരിക്കുമ്പോൾ ടെവസ് മറുപടി നൽകിയത് ഇങ്ങിനെയാണ്. "ഒന്ന് താരം പിഎസ്ജിയിൽ ഉണ്ടാകുമ്പോഴും മറ്റൊന്ന് താരം ദേശീയ ടീമിലേക്ക് വരുമ്പോഴുമാണ്." അർജന്റീന ടീമിലുള്ളതിൽ നിന്നും വ്യത്യസ്തമായി ക്ലബിനൊപ്പം ചേരുമ്പോൾ മെസി പകുതി മാത്രമാണ് സന്തോഷിക്കുന്നതെന്നും ടെവസ് കൂട്ടിച്ചേർത്തു.
ഈ സീസണിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണിൽ മെസിയുടെ ഏറ്റവും മികച്ച പ്രകടനം കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടീമിനുള്ളിൽ അഴിച്ചുപണി നടക്കുകയും താരത്തിന് കൂടുതൽ ഒത്തിണക്കം വരികയും ചെയ്താൽ അതു സംഭവിക്കും എന്നവർ ഉറച്ചു വിശ്വസിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.