Football in Malayalam

ആവശ്യപ്പെടുന്നത് വൻതുക പ്രതിഫലം, കരാർ ഒപ്പിടാൻ തയ്യാറാവാത്ത മോറിബയെ ബാഴ്‌സലോണ ബി ടീമിൽ നിന്നും ഒഴിവാക്കി

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്‌സലോണ ബി ടീമിൽ നിന്നും കഴിഞ്ഞ സീസണിൽ സീനിയർ ടീമിൽ അവസരങ്ങൾ ലഭിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്‌ത ഐലൈക്സ്‌ മൊറീബയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. കരാർ പുതുക്കാൻ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് താരത്തെ സീനിയർ ടീമിനൊപ്പം പരിശീലനത്തിന് അനുവദിക്കാതിരുന്ന ബാഴ്‌സലോണ കൂടുതൽ കടുത്ത നടപടികളിലേക്കാണ് കടക്കുന്നത്.

കഴിഞ്ഞ സീസണിൽ സീനിയർ ടീമിന്റെ ഭാഗമായിരുന്ന മൊറീബ നിലവിൽ ബി ടീമിനൊപ്പമാണ് പരിശീലനം നടത്തുന്നത്. എന്നാൽ താരത്തിനെതിരെയുള്ള നടപടി ഒന്നുകൂടി മുറുക്കിയ ബാഴ്‌സലോണ സീനിയർ ടീമിനൊപ്പമുള്ള മത്സരങ്ങളിൽ കഴിവു തെളിയിച്ച താരത്തെ ബി ടീമിന്റെ സൗഹൃദ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. എൽഎസ്‌കലക്കെതിരായ സൗഹൃദ മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നാണ് മൊറീബയെ ബാഴ്‌സ തഴഞ്ഞത്.

അടുത്ത വർഷത്തോടെ കരാർ അവസാനിക്കുന്ന മൊറീബ അതു പുതുക്കുന്നതു വരെ ബാഴ്‌സലോണ താരത്തിനെതിരെ നടപടി തുടർന്നേക്കുമെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. കരാർ പുതുക്കാൻ മൊറീബ തയ്യാറായില്ലെങ്കിൽ ഈ സീസണിൽ താരത്തിനു സീനിയർ ടീമിൽ അവസരം നൽകില്ലെന്നു ബാഴ്‌സ തീർച്ചയാക്കിയിട്ടുണ്ട്. അതല്ലെങ്കിൽ മറ്റേതെങ്കിലും ക്ലബിലേക്കു താരത്തെ വിൽക്കുന്ന കാര്യവും ബാഴ്‌സയുടെ പരിഗണനയിലുണ്ട്.

പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവർ താരത്തിനു പിന്നിലുണ്ടെന്നും ഇവർ സീസണിൽ ആറു മില്യൺ യൂറോ പ്രതിഫലം വാഗ്‌ദാനം ചെയ്‌തുവെന്നും സ്‌പോർട് നേരത്തെ റിപ്പോർട്ടു ചെയ്‌തിരുന്നു. നിലവിൽ ലാ മാസിയയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നതാരമായ മൊറീബ ആറു മില്യൺ യൂറോ പുതിയ കരാറിൽ പ്രതിഫലമായി നൽകാൻ ബാഴ്‌സയോട് ആവശ്യപ്പെട്ടുവെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

facebooktwitterreddit