Football in Malayalam

2021ൽ ട്രാൻസ്‌ഫർ മൂല്യത്തിൽ ഏറ്റവുമധികം ഇടിവുണ്ടായ പത്തു താരങ്ങൾ, പട്ടികയിൽ അഞ്ച് ബാഴ്‌സലോണ താരങ്ങൾ

Sreejith N
FC Barcelona v Getafe - La Liga Santander
FC Barcelona v Getafe - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ലോകഫുട്ബോളിലെ വമ്പൻ താരങ്ങളിൽ പലർക്കും അവരുടെ കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന ഒരു സീസണായിരുന്നു ഇത്തവണത്തേത്. കൊറോണ വൈറസ് ഏൽപ്പിച്ച സാമ്പത്തിക പ്രതിസന്ധി ട്രാൻസ്‌ഫർ പോളിസികളെ ബാധിച്ചതു മൂലം മികച്ച താരങ്ങൾ ടീമിലെത്താതിരുന്നത് ക്ലബുകളുടെയും താരങ്ങളുടെയും പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.

പ്രകടനത്തിലുണ്ടായ പോരായ്‌മയും പരിക്കും പ്രായവുമെല്ലാം ലോകഫുട്ബോളിലെ പല താരങ്ങളുടെയും ട്രാൻസ്‌ഫർ മൂല്യത്തിൽ ഇടിവുണ്ടാകാൻ കാരണമായിട്ടുണ്ട്. പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ട്രാൻസ്‌ഫർ മൂല്യത്തിൽ ഏറ്റവുമധികം ഇടിവു സംഭവിച്ചിട്ടുള്ള പത്തു താരങ്ങൾ ഇവരാണ്.

10. കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി)

Neymar, Kyle Walker, Kevin de Bruyne
Paris Saint-Germain v Manchester City - UEFA Champions League Semi Final: Leg One / Alex Grimm/Getty Images

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയെങ്കിലും ബെൽജിയൻ താരത്തിന്റെ ട്രാൻസ്‌ഫർ മൂല്യം ഇടിയുകയാണ് ചെയ്‌തിട്ടുള്ളത്‌. സീസണിൽ പരിക്കേറ്റു പുറത്തിരുന്നതാണ് താരത്തിന് തിരിച്ചടിയായതെന്ന് അനുമാനിക്കാം. ട്രാൻസ്‌ഫർ മൂല്യത്തിൽ 20 മില്യൺ കുറവു വന്ന താരത്തിന്റെ നിലവിലെ മൂല്യം 100 മില്യൺ യൂറോയാണ്.

9. സാഡിയോ മാനെ (ലിവർപൂൾ)

Sadio Mane
West Bromwich Albion v Liverpool - Premier League / Laurence Griffiths/Getty Images

ഈ സീസണിൽ ലിവർപൂളിന് വേണ്ടി തിളങ്ങാൻ പരാജയപ്പെട്ട താരത്തിന്റെ മൂല്യത്തിൽ ഡി ബ്രൂയ്‌ന്റെ അത്രമാത്രമേ ഇടിവു വന്നിട്ടുള്ളൂവെന്നതാണ് അവിശ്വസനീയമായ കാര്യം. ഇത്തവണ ഒരു കിരീടം പോലും സ്വന്തമാക്കിയിട്ടില്ലാത്ത ലിവർപൂളിന്റെ മുന്നേറ്റനിര താരത്തിന്റെ മൂല്യം 20 മില്യൺ യൂറോ കുറഞ്ഞ് 100 മില്യൺ യൂറോയാണിപ്പോൾ.

8. ലയണൽ മെസി (ബാഴ്‌സലോണ)

Lionel Messi
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images

സീസണിന്റെ തുടക്കത്തിൽ പതറിയ മെസി പിന്നീട് അസാമാന്യ തിരിച്ചു വരവ് കാഴ്‌ച വെച്ചെങ്കിലും ട്രാൻസ്‌ഫർ മൂല്യം നിലനിർത്താൻ താരത്തിനായില്ല. ബാഴ്‌സലോണയുടെ മോശം ഫോമും പ്രായവുമാണ് താരത്തിനു തിരിച്ചടിയായത്. 20 മില്യൺ യൂറോ കുറഞ്ഞ് 80 മില്യൺ യൂറോയാണ് മെസിയുടെ നിലവിലെ ട്രാൻസ്‌ഫർ മൂല്യം.

7. ജോവ ഫെലിക്‌സ് (അത്ലറ്റികോ മാഡ്രിഡ്)

Joao Felix
Atletico de Madrid v C.A. Osasuna - La Liga Santander / Denis Doyle/Getty Images

ലാ ലിഗ കിരീടത്തിനു തൊട്ടരികിൽ നിൽക്കുന്ന അത്ലറ്റികോ മാഡ്രിഡിന്റെ മികവൊന്നും പോർച്ചുഗൽ താരത്തെ രക്ഷിച്ചില്ല. സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും 100 മില്യൺ യൂറോയിൽ നിന്നും 20 മില്യൺ യൂറോ കുറഞ്ഞ് 80 മില്യൺ യൂറോയാണ് ഫെലിക്‌സിന്റെ ഇപ്പോഴത്തെ ട്രാൻസ്‌ഫർ മൂല്യം.

6. സെർജി ഗ്നാബ്രി (ബയേൺ മ്യൂണിക്ക്)

Serge Gnabry
1. FSV Mainz 05 v FC Bayern Muenchen - Bundesliga / Alexander Scheuber/Getty Images

ഈ സീസണിൽ ഒൻപതു ലീഗ് ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും കഴിഞ്ഞ സീസൺ കണക്കിലെടുക്കുമ്പോൾ മുൻ ആഴ്‌സണൽ താരത്തിന്റെ നിലവാരം ഇനിയും ഉയരാനുണ്ട്. ട്രാൻസ്‌ഫർ മൂല്യത്തിൽ 20 മില്യൺ യൂറോയുടെ ഇടിവു സംഭവിച്ച ഗ്നാബ്രിയുടെ നിലവിലെ ട്രാൻസ്‌ഫർ മൂല്യൻ 70 മില്യൺ യൂറോയാണ്.

5. അന്റോയിൻ ഗ്രീസ്മാൻ (ബാഴ്‌സലോണ)

Antoine Griezmann
Levante UD v FC Barcelona - La Liga Santander / Alex Caparros/Getty Images

അത്ലറ്റികോ മാഡ്രിഡിനൊപ്പമുള്ള പ്രകടനം ബാഴ്‌സയിലെത്തിയതിനു ശേഷം കാഴ്‌ച വെക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഫ്രഞ്ച് താരത്തിന്റെ ട്രാൻസ്‌ഫർ മൂല്യൻ ഓരോ തവണയും കുറഞ്ഞു വന്നു കൊണ്ടിരിക്കയാണ്. ഈ സീസണിലെ പ്രകടനം മികച്ചതായിരുന്നു എങ്കിലും 20 മില്യൺ യൂറോ കുറഞ്ഞ് 60 മില്യൺ യൂറോയാണ് ഗ്രീസ്മാന്റെ നിലവിലെ ട്രാൻസ്ഫർ മൂല്യം.

4. ഫിലിപ്പെ കുട്ടീന്യോ (ബാഴ്‌സലോണ)

Coutinho
Real Valladolid v FC Barcelona - La Liga Santander / Soccrates Images/Getty Images

ബാഴ്‌സലോണയിലേക്ക് ചേക്കേറിയതിനു ശേഷം തന്റെ പ്രതിഭ ഇതുവരെയും പുറത്തെടുക്കാൻ കഴിയാതിരുന്ന ബ്രസീലിയൻ താരത്തിന് പരിക്കു മൂലം സീസണിന്റെ പകുതിയിലധികം നഷ്ടമായിരുന്നു. വെറും നാൽപതു മില്യൺ യൂറോ നിലവിൽ മൂല്യം കൽപ്പിക്കുന്ന താരത്തിനും 20 മില്യൺ യൂറോയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

3. ഈഡൻ ഹസാർഡ് (റയൽ മാഡ്രിഡ്)

Eden Hazard
Granada CF v Real Madrid - La Liga Santander / Denis Doyle/Getty Images

ബാഴ്‌സയിൽ കുട്ടീന്യോ നേരിടുന്ന അതെ അവസ്ഥ റയൽ മാഡ്രിഡിൽ നേരിടുന്ന ഹസാർഡ് ഇതുവരെയും ലോസ് ബ്ലാങ്കോസിനൊപ്പം തന്റെ മികവു തെളിയിച്ചിട്ടില്ല. കുട്ടീന്യോക്ക് സമാനമായി 20 മില്യൺ കുറഞ്ഞ് നിലവിൽ നാൽപതു മില്യൺ യൂറോയാണ് താരത്തിന്റെ ട്രാൻസ്‌ഫർ മൂല്യം.

2. മിറാലം പ്യാനിച്ച് (ബാഴ്‌സലോണ)

Miralem Pjanic
FC Barcelona v Elche CF - La Liga Santander / Quality Sport Images/Getty Images

യുവന്റസിൽ നിന്നും ബാഴ്‌സലോണയിലെത്തി അവസരങ്ങൾ തീരെ ലഭിക്കാത്തതു കൊണ്ടാണ് ബോസ്‌നിയൻ താരത്തിന്റെ മൂല്യം കുറഞ്ഞതെന്നു വ്യക്തമാണ്. പഴയ മൂല്യത്തിൽ നിന്നും 22 മില്യണിന്റെ ഇടിവ് പ്യാനിച്ചിനു സംഭവിച്ചപ്പോൾ താരത്തിന്റെ പുതിയ ട്രാൻസ്‌ഫർ മൂല്യമായി വിലയിരുത്തപ്പെട്ടിരിക്കുന്നത് 25 മില്യൺ യൂറോയാണ്.

1. ക്ലെമന്റ് ലെങ്ലറ്റ് (ബാഴ്‌സലോണ)

Clement Lenglet
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images

മോശം പ്രകടനം കാഴ്‌ച വെക്കുന്ന ബാഴ്‌സലോണ പ്രതിരോധ നിരയിലെ പ്രധാനിയായ ഫ്രഞ്ച് താരത്തിനാണ് ഈ പട്ടികയിൽ ഏറ്റവുമധികം മൂല്യശോഷണം സംഭവിച്ചിരിക്കുന്നത്. ഇരുപത്തഞ്ചു മില്യൺ യൂറോ കുറഞ്ഞ് നിലവിൽ ഇരുപത്തിയഞ്ചു മില്യൺ യൂറോയാണ് ലെങ്ലറ്റിന്റെ ട്രാൻസ്‌ഫർ മൂല്യം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit