സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിൽ നിന്നും പത്തു താരങ്ങൾ പുറത്തേക്ക്


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ നടത്തുന്ന മാറ്റങ്ങളുടെ ഭാഗമായി ഒരു താരത്തെ പിഎസ്ജി വിൽപ്പന നടത്തിയിട്ടുണ്ട്. 2019-20 സീസണിൽ റയൽ മാഡ്രിഡ് ബാക്കപ്പ് ഗോൾകീപ്പറായി ലക്ഷ്യമിട്ടിരുന്ന അൽഫോൻസോ അരിയോളയാണ് ക്ലബ് വിട്ടത്. കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാമാണ് താരത്തെ സ്വന്തമാക്കിയത്.
12 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ക്ലബ് വിട്ട താരം ഈ സമ്മറിൽ പിഎസ്ജി സ്ക്വാഡിനുള്ളിൽ കൂടുതൽ ഇടം സൃഷ്ടിക്കാനും പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ഫണ്ട് കണ്ടെത്താനും വേണ്ടി നടപ്പിലാക്കാൻ പോകുന്ന പദ്ധതികളുടെ തുടക്കമാണ്. ഇതിനു പുറമെ ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇനിയും പത്തോളം കളിക്കാരെ പിഎസ്ജി ഒഴിവാക്കുമെന്നാണ് എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത്.
പുതിയ സ്പോർട്ടിങ് ഡയറക്റ്ററായ ലൂയിസ് കാംപോസിന്റെ ലിസ്റ്റിൽ ഇല്ലെങ്കിലും മറ്റൊരു ഗോൾകീപ്പറായാ മാർസിൻ ബുർക്ക നീസിലേക്ക് രണ്ടു മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ ചേക്കേറിയിട്ടുമുണ്ട്. ഇതിനു പുറമെ തിലോ കെഹ്ലർ, അബ്ദു ദിയല്ലോ, സെർജിയോ റിക്കോ, ഇഡ്രിസ ഗുയെയെ, അർനൗദ് കലീമുണ്ടോ എന്നീ താരങ്ങളാണ് പിഎസ്ജി ഒഴിവാക്കാൻ പോകുന്നവരിൽ മുന്നിലുള്ളത്.
എന്നാൽ താരങ്ങളെ വിൽക്കുന്ന കാര്യത്തിൽ പിഎസ്ജി രണ്ടു പ്രതിസന്ധികൾ നേരിടുന്നുണ്ട്. ആദ്യത്തേത് ഈ താരങ്ങളുടെ ഉയർന്ന പ്രതിഫലമാണ്. ഇതിനു സമാനമായ പ്രതിഫലം നൽകാൻ മറ്റൊരു ക്ലബും തയ്യാറാവാത്തതിനാൽ കളിക്കാർ ക്ലബ് വിടാൻ മടിക്കും. പിഎസ്ജി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന താരങ്ങളായ ലിയാൻഡ്രോ പരഡെസ്, മൗറോ ഇകാർഡി, ആൻഡർ ഹെരേര എന്നിവർ ക്ലബിൽ തുടരാനുള്ള താൽപര്യം പ്രകടിപ്പിച്ചതും അവർക്ക് തിരിച്ചടി തന്നെയാണ്.
ടീമിലെ സൂപ്പർതാരമായ നെയ്മർ ക്ലബ് വിടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ആർഎംസി സ്പോർട്ട് റിപ്പോർട്ടു ചെയ്തിരുന്നു. നെയ്മറെ വിൽക്കാൻ ആഗ്രഹമുണ്ട് എങ്കിലും അതിനു ക്ലബുകൾ മുന്നോട്ടു വരാത്തതും പോച്ചട്ടിനോയെ പുറത്താക്കി പുതിയ പരിശീലകനെ നിയമിക്കാൻ കഴിയാത്തതും ഇന്റർ മിലാൻ താരമായ സ്ക്രിനിയറുടെ ട്രാൻസ്ഫർ അനിശ്ചിതത്വത്തിൽ നിൽക്കുന്നതുമെല്ലാം പിഎസ്ജിക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.