റൊണാൾഡോയെ വിൽക്കാനില്ല, താരത്തിന്റെ കരാർ ഒരു വർഷത്തേക്കു കൂടി നീട്ടുമെന്ന സൂചനകൾ നൽകി എറിക് ടെൻ ഹാഗ്


മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി നിൽക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാൻ തനിക്ക് യാതൊരു പദ്ധതിയും ഇല്ലെന്നു വീണ്ടുമാവർത്തിച്ച് പരിശീലകൻ എറിക് ടെൻ ഹാഗ്. അടുത്ത സീസണിലെ തന്റെ പദ്ധതികൾ റൊണാൾഡോയെക്കൂടി കേന്ദ്രീകരിച്ചു കൊണ്ടാണെന്നു വ്യക്തമാക്കിയ അദ്ദേഹം താരത്തിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയേക്കുമെന്ന സൂചനകളും നൽകി.
വരുന്ന സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നതിനു വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നത്. ഇക്കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വത്തെ താരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ താരത്തെ വിട്ടുകൊടുക്കാൻ യാതൊരു പദ്ധതിയുമില്ലെന്നാണ് ടെൻ ഹാഗ് പറയുന്നത്.
Erik ten Hag: “Cristiano Ronaldo is not for sale. I planned with him, and I’m looking forward to working with him. The situation is still the same. I am well informed – he also has an option for a further season” 🚨🔴 #MUFC
— Fabrizio Romano (@FabrizioRomano) July 18, 2022
“Ronaldo could stay beyond this season? Yes”, he added. pic.twitter.com/ZhUHARoQrf
"ക്രിസ്റ്റ്യാനോ റൊണാൾഡോ വിൽപ്പനക്കില്ല. ഞാൻ താരത്തെയും ഉൾപ്പെടുത്തിയാണ് അടുത്ത സീസൺ പദ്ധതിയിട്ടിരിക്കുന്നത്, ഒരുമിച്ച് മുന്നോട്ടു പോകാനാണ് പദ്ധതി. അതിനു പുറമെ ക്ലബിന് താരത്തിന്റെ കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാൻ കഴിയുമെന്ന ഉടമ്പടിയുമുണ്ട്. ഈ സീസണു ശേഷവും താരം ടീമിനൊപ്പം തുടർന്നേക്കാം." ഡച്ച് പരിശീലകൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രീ സീസൺ പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഇതുവരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം റൊണാൾഡോ ചേർന്നിട്ടില്ല. കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് താരം പ്രീ സീസണിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചത്. എന്നാണു റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം ചേരുകയെന്നു തനിക്കറിയില്ലെന്നും ടെൻ ഹാഗ് പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.