പ്രീ സീസൺ മത്സരത്തിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ പുറത്താക്കി ടെൻ ഹാഗ്
By Sreejith N

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീ സീസൺ മത്സരങ്ങളിൽ ഒന്നിൽ നിന്നും ഒരു താരത്തെ എറിക് ടെൻ ഹാഗ് ഒഴിവാക്കിയെന്നു റിപ്പോർട്ടുകൾ. പരിശീലനത്തിന് രണ്ടു തവണ വൈകി എത്തിയതിനെ തുടർന്നാണ് ടീമിലെ ഒരു താരത്തെ ഓസ്‌ട്രേലിയയിൽ വെച്ചു നടന്ന ഒരു പ്രീ സീസൺ മത്സരത്തിൽ നിന്നും ഡച്ച് പരിശീലകൻ ഒഴിവാക്കിയത്.
പ്രീ സീസൺ ടൂരിനുള്ള സ്‌ക്വാഡിൽ ഉൾപ്പെട്ട താരം അതിനിടയിൽ നടന്ന പരിശീലനസെഷനിലാണ് രണ്ടു തവണ വൈകിയെത്തിയത്. ഓസ്‌ട്രേലിയയിൽ വെച്ചു നടന്ന മത്സരത്തിൽ താരത്തെ ടീമിനു വേണ്ടി ഉപയോഗിക്കാൻ ടെൻ ഹാഗിന് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ അച്ചടക്ക ലംഘനം നടത്തിയതോടെ ശിക്ഷയായി താരത്തെ ടെൻ ഹാഗ് ടീമിൽ നിന്നും ഒഴിവാക്കി. താരം ആരാണെന്ന് വ്യക്തമല്ലെന്നും ദി അത്ലറ്റിക് വ്യക്തമാക്കുന്നു..
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി ടെൻ ഹാഗ് എത്തിയതിനു ശേഷം ക്ലബിലെ അച്ചടക്കം വർധിച്ചിട്ടുണ്ടെന്ന് പല താരങ്ങളും സൂചനകൾ നൽകിയിരുന്നു. താൻ നടപ്പിലാക്കുന്ന നിയമങ്ങളിൽ നിന്നും ഒരു താരത്തിനും ഒഴിവാക്കാൻ കഴിയില്ലെന്ന് ടെൻ ഹാഗിന്റെ പ്രവൃത്തി തെളിയിക്കുന്നുണ്ട്.
പ്രീ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലും വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ കളിയിൽ ആസ്റ്റൺ വില്ലയോട് സമനില വഴങ്ങിയിരുന്നു. അതേസമയം ഇതുവരെ ടീമിനൊപ്പം ചേരാത്ത സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണു തിരിച്ചെത്തുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.