Manchester United

പുതിയ താരങ്ങളെ സ്വന്തമാക്കാൻ ടെൻ ഹാഗിനു നൽകേണ്ട ട്രാൻസ്‌ഫർ ബഡ്‌ജറ്റ്‌ തീരുമാനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Erik Ten Hag Could Be Handed 120 Million Transfer Budget By Man Utd
Erik Ten Hag Could Be Handed 120 Million Transfer Budget By Man Utd / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി അടുത്ത സീസണിൽ എറിക് ടെൻ ഹാഗ് എത്തുമെന്ന പ്രഖ്യാപനം ആരാധകരിൽ വലിയ ആവേശമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. വമ്പൻ താരങ്ങളില്ലാത്ത അയാക്‌സിന് മികച്ച നേട്ടങ്ങൾ സ്വന്തമാക്കി നൽകാനും ഒരിക്കൽ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ വരെയെത്തിക്കാനും കഴിഞ്ഞ ടെൻ ഹാഗിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതാപകാലത്തേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയുമെന്ന് ഏവരും കരുതുന്നു.

പുതിയ പരിശീലകൻ എത്തുമ്പോൾ തീർച്ചയായും അദ്ദേഹത്തിന്റെ ശൈലിക്ക് അനുയോജ്യമായ താരങ്ങളെയും ആവശ്യമായി വരുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അടുത്ത സീസണിലേക്ക് ടീമിനെ കെട്ടിപ്പടുക്കാൻ എറിക് ടെൻ ഹാഗിന് 120 മില്യൺ യൂറോ മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം അനുവദിച്ചു നൽകിയിട്ടുണ്ടെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസ് റിപ്പോർട്ടു ചെയ്യുന്നത്.

നിലവിൽ ടീമിലുള്ള താരങ്ങളെ അടുത്ത സമ്മറിൽ വിൽക്കാൻ കഴിഞ്ഞാൽ ഈ തുക വർധിക്കുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫ്രീ ഏജന്റായി മാറുന്ന പോഗ്ബ, മാറ്റിച്ച്, ലിംഗാർഡ്, മാട്ട എന്നിവർക്കൊപ്പം എറിക് ബെയ്‌ലി, ആന്തണി മാർഷ്യൽ, ഫിൽ ജോൺസ്, ആൻഡ്രെസ് പെരേര എന്നിവരുമാണ് ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ സാധ്യതയുള്ള താരങ്ങൾ.

അതേസമയം ടെൻ ഹാഗ് പ്രധാനമായും ലക്ഷ്യമിടുന്ന താരങ്ങളിൽ രണ്ടു പേർ അയാക്‌സിൽ നിന്നു തന്നെയാണ്. ബ്രസീലിയൻ വിങ്ങറായ ആന്റണി, അർജന്റീനിയൻ പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസ് എന്നിവരെയാണ് ടെൻ ഹാഗ് തനിക്കൊപ്പം യുണൈറ്റഡിലെത്തിക്കാൻ ശ്രമിക്കുന്നത്. ഇതിനു പുറമെ മുൻ അയാക്‌സ് താരമായ യുവന്റസിന്റെ ഡി ലൈറ്റും പരിഗണനയിലുണ്ട്.

മധ്യനിരയിലെ ടെൻ ഹാഗ് അഴിച്ചുപണി നടത്തിയേക്കും. വെസ്റ്റ്ഹാം യുണൈറ്റഡിന്റെ ഡെക്ലൻ റൈസ്, ലീഡ്‌സ് യുണൈറ്റഡിന്റെ കാൽവിൻ ഫിലിപ്‌സ് എന്നിവരെയാണ് യുണൈറ്റഡ് പ്രധാനമായും പരിഗണിക്കുന്നത്. ഈ താരങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അതു ക്ലബിന്റെ നിലവാരം വളരെയധികം ഉയർത്തുമെന്നാണ് ഡച്ച് പരിശീലകൻ പ്രതീക്ഷിക്കുന്നത്.

ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ വരാനെ, ഡേവിഡ് ഡി ഗിയ എന്നിവർ അടുത്ത സീസണിലും ടീമിന്റെ പ്രധാന താരങ്ങളായി തുടരും, സാഞ്ചോക്ക് കൂടുതൽ മെച്ചപ്പെടാനുള്ള അവസരവും ടെൻ ഹാഗ് ഒരുക്കും. സോൾഷെയറെ പോലെ തന്നെ ക്ലബിന്റെ സൈനിംഗുകളെ സംബന്ധിച്ച് തന്റെ നിലപാട് ശക്തമായി അറിയിക്കാനുള്ള അധികാരവും ടെൻ ഹാഗിന് നൽകുമെന്നും റിപ്പോർട്ട് പറയുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit