Manchester United

ഹാരി മാഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനായി തുടരുമെന്ന് എറിക് ടെൻ ഹാഗ്

Sreejith N
Erik Ten Hag Confirms Harry Maguire To Continue As Captain
Erik Ten Hag Confirms Harry Maguire To Continue As Captain / Michael Regan/GettyImages
facebooktwitterreddit

ഇംഗ്ലണ്ട് പ്രതിരോധതാരമായ ഹാരി മാഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകസ്ഥാനത്തു തുടരുമെന്ന് പരിശീലകനായ എറിക് ടെൻ ഹാഗ് സ്ഥിരീകരിച്ചു. മുൻ അയാക്‌സ് പരിശീലകൻ ചുമതല ഏറ്റെടുത്തതോടെ കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയ മാഗ്വയറിന്റെ നായകസ്ഥാനം തെറിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി.

2021-22 സീസണിൽ ഹാരി മാഗ്വയർ മോശം പ്രകടനമാണ് നടത്തിയത്. ഒരു പ്രൊഫെഷണൽ ഫുട്ബോളർ വരുത്താൻ പാടില്ലാത്ത തെറ്റുകൾ നിരവധി മത്സരങ്ങളിൽ ആവർത്തിച്ച താരത്തിനെതിരെ ആരാധകർ പ്രതിഷേധം ഉയർത്തുകയും ടീമിന്റെ നായകനാവാൻ യോഗ്യനല്ലെന്ന് പറയുകയും ചെയ്‌തെങ്കിലും എറിക് ടെൻ മഗ്വയർ തന്നെ തുടരാനുള്ള തീരുമാനമാണ് എടുത്തത്.

"ഹാരി മാഗ്വയറാണ് ടീമിന്റെ നായകൻ. എനിക്ക് കളിക്കാരെ മനസിലാക്കാനുണ്ടെന്നും അതിനു സമയമെടുക്കുമെന്നും തീർച്ചയായ കാര്യമാണ്. എന്നാൽ മാഗ്വയർ കുറച്ചു വർഷങ്ങളായി അംഗീകരിക്കപ്പെട്ട ഒരു നായകനാണ്. ഒരുപാട് വിജയങ്ങൾ താരം നേടുകയും ചെയ്‌തിട്ടുണ്ട്‌. ഇക്കാര്യത്തിൽ എനിക്ക് സംശയങ്ങളില്ല." എറിക് ടെൻ ഹാഗ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഹാരി മാഗ്വയർ തന്നെ ടീമിന്റെ നായകനായി തുടരുമെന്നതോടെ ടീമിന്റെ പ്രതിരോധത്തിൽ അഴിച്ചുപണികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അയാക്‌സ് താരമായ ലിസാൻഡ്രോ മാർട്ടിനസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് അതിനു കഴിഞ്ഞാൽ മാഗ്വയർ-മാർട്ടിനസ് സഖ്യം മത്സരങ്ങളിൽ ഇറങ്ങാനുള്ള സാധ്യത വർധിക്കുകയും റാഫേൽ വരാനെ, ലിൻഡ്‌ലോഫ് എന്നിവരുടെ അവസരങ്ങൾ കുറയുകയും ചെയ്യും.

പ്രീ സീസൺ മത്സരങ്ങൾക്കായി തായ്‌ലാൻഡിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യത്തെ മത്സരത്തിൽ ലിവർപൂളിനെയാണ് നേരിടുന്നത്. രാജമംഗള സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മത്സരം ജൂലൈ 11 ചൊവ്വാഴ്‌ച, ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് ആരംഭിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit