Manchester United

ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വമ്പൻ വിജയത്തിൽ പ്രതികരിച്ച് എറിക് ടെൻ ഹാഗ്

Sreejith N
Erik Ten Hag Comments On Man Utd Win Against Liverpool In Pre Seaon Friendly
Erik Ten Hag Comments On Man Utd Win Against Liverpool In Pre Seaon Friendly / Matthew Ashton - AMA/GettyImages
facebooktwitterreddit

പുതിയ സീസണു മുന്നോടിയായുള്ള ആദ്യത്തെ പ്രീ സീസൺ മത്സരത്തിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ വിജയത്തിൽ പ്രതികരിച്ച് പരിശീലകൻ എറിക് ടെൻ ഹാഗ്. തന്റെ കീഴിലെ ആദ്യത്തെ മത്സരത്തിൽ ടീം നേടിയ വിജയത്തിൽ വളരെ സംതൃപ്‌തിയുണ്ടെന്നു പറഞ്ഞ എറിക് ടെൻ ഹാഗ് അതിനൊപ്പം ജയത്തെ അമിതമായി വിലമതിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.

തായ്‌ലാൻഡിൽ വെച്ചു നടന്ന പ്രീ സീസൺ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. ജാഡൻ സാഞ്ചോ, ഫ്രെഡ്, ആന്തോണി മാർഷ്യൽ, ഫാകുണ്ടോ പെല്ലിസ്ട്രി എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. യുവതാരങ്ങളെ അണിനിരത്തിയായിരുന്നു ലിവർപൂളിന്റെ ആദ്യ ഇലവനെങ്കിലും മത്സരത്തിലെ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആത്മവിശ്വാസം നൽകുന്നതാണ്.

"ഞാൻ സംതൃപ്‌തനാണ്. വളരെയധികം ആവേശമുള്ള ടീമാണിത്, തുടങ്ങിയിട്ടേയുള്ളൂവെന്ന് ഞങ്ങൾക്കറിയുകയും ചെയ്യാം. ഞങ്ങൾ പ്രെസ്സിങ്ങിൽ ചില പിഴവുകൾ വരുത്തി, ചില അവസരങ്ങൾ വഴങ്ങി. പക്ഷെ ഞങ്ങൾ ഒരുപാട് അവസരങ്ങൾ മെനഞ്ഞെടുത്തു."

പിഴവുകൾ തിരുത്താൻ ഞങ്ങൾ കഠിനമായി അധ്വാനിക്കണം. ഞങ്ങൾ സന്തോഷത്തിലാണ്, ഞങ്ങൾക്ക് മികച്ച താരങ്ങളുണ്ടെന്നും അറിയാം. ഞങ്ങളൊരു ടീമിനെ കെട്ടിപ്പടുത്തു കൊണ്ടിരിക്കെ ആദ്യത്തെ മത്സരം തന്നെ സന്തോഷം നൽകുന്നതാണ്."

"അതിനൊരുപാട് സമയമെടുത്തേക്കും. ഒരുപാട് പിഴവുകൾ ഞാൻ കണ്ടു. ലിവർപൂൾ മൂന്നു ടീമുകളെയാണ് കളിപ്പിച്ചത്, അവർ ഏറ്റവും കരുത്തുറ്റ സംഘമായിരുന്നില്ല. ഈ ഫലത്തെ അമിതമായി വിലമതിച്ചു കാണരുത്. പക്ഷെ, എങ്കിലും ഞങ്ങൾ വളരെ നല്ല കാര്യങ്ങൾ കണ്ടു. സ്‌പീഡും ക്രിയാത്മകതയും മുന്നേറ്റനിരയിൽ ഉണ്ടായിരുന്നു." മാഞ്ചസ്റ്റർ യുണൈറ്റഡ് ടിവിയോട് ടെൻ ഹാഗ് പറഞ്ഞു.

ലിവർപൂളിനെതിരായ മത്സരത്തിനു ശേഷം മെൽബൺ സിറ്റിക്കെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത പ്രീ സീസൺ മത്സരം കളിക്കുന്നത്. അതിനു ശേഷം അവർ പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിനെയും നേരിടും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit