Football in Malayalam

മെസിയും റൊണാൾഡോയും ലാ ലിഗ വിട്ടെങ്കിലും വിനീഷ്യസിനെ പോലെയുള്ള മികച്ച താരങ്ങൾ ലീഗിലുണ്ടെന്ന് ഹാവിയർ ടെബാസ്

Sreejith N
Real Madrid v FC Barcelona - La Liga Santander
Real Madrid v FC Barcelona - La Liga Santander / Angel Martinez/Getty Images
facebooktwitterreddit

ലോകഫുട്ബോൾ തന്നെ തങ്ങളുടെ കാൽക്കീഴിലാക്കിയ രണ്ടു സൂപ്പർതാരങ്ങൾ വിട്ടു പോയെങ്കിലും മികച്ച യുവതാരങ്ങൾ ലാ ലീഗയിൽ വളർന്നു വരുന്നുണ്ടെന്ന് പ്രസിഡന്റ് ഹാവിയർ ടെബാസ്. റയൽ മാഡ്രിഡിൽ നിന്നും റൊണാൾഡോയും ബാഴ്‌സയിൽ നിന്നും ലയണൽ മെസിയും പോയതിൽ നിരാശയുണ്ടെങ്കിലും വിനീഷ്യസ് ജൂനിയറിനെ പോലുള്ള മികച്ച താരങ്ങൾ ലീഗിൽ വളർന്നു വരുന്നുണ്ടെന്നാണ് ടെബാസിന്റെ അഭിപ്രായം.

"ലയണൽ മെസിയെയും സെർജിയോ റാമോസിനെയും മാത്രമല്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എനിക്കു മിസ് ചെയ്യുന്നുണ്ട്. അതു കാര്യമാക്കാതെ വീണ്ടും വളരുന്നതിനെ കുറിച്ചാണ് ഞാൻ ആശങ്ക പുലർത്തുന്നത്." സ്‌പാനിഷ്‌ സോക്കർ ലീഗിന്റെ 2021-22 സീസണിലെ പനിനി സ്റ്റിക്കർ ആൽബം അവതരിപ്പിക്കുന്ന ചടങ്ങിൽ ടെബാസ് പറഞ്ഞു.

"ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്‌മറും പോയപ്പോൾ അതൊരു വലിയ ദുരന്തമായി എല്ലാവരും കണക്കാക്കി. ലയണൽ മെസിയുടെ കാര്യത്തിലും അതു തന്നെ സംഭവിച്ചേക്കാം. ഒന്നിനെക്കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല. വിനീഷ്യസിനെ പോലെയുള്ള മികച്ച യുവതാരങ്ങൾ ഇപ്പോൾ ലീഗിലുണ്ട്." ടെബാസ് വ്യക്തമാക്കി.

ഇത്തവണ ലാ ലിഗയിൽ കിരീടത്തിനായി അവസാനം വരെയുള്ള പോരാട്ടം കാണാൻ കഴിയുമെന്നും ടെബാസ് പറഞ്ഞു. കഴിഞ്ഞ സീസണിൽ തന്നെ അവസാനം വരെ സെവിയ്യ കിരീടത്തിനു വേണ്ടി പൊരുതിയതിനു സമാനമായ അതേ സാഹചര്യം ഇത്തവണയും ഉണ്ടാകുമെന്നും വ്യക്തമാക്കിയ അദ്ദേഹം സെവിയ്യക്കു പകരം മറ്റേതെങ്കിലും ടീമായിരിക്കും ഉയർന്നു വരികയെന്നും പറഞ്ഞു.

പിഎസ്‌ജി, മാഞ്ചസ്റ്റർ സിറ്റി മുതലായ ക്ലബുകൾ വമ്പൻ തുക വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കുന്നത് വളരെയധികം പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ സാഹചര്യമാണ് സൂപ്പർ ലീഗ് സൃഷ്ടിക്കുകയെന്നും അത് അപകടകരമായ ഒരു പ്രവണത ഫുട്ബാളിൽ സൃഷ്‌ടിക്കുമെന്നും ടെബാസ് അഭിപ്രായപ്പെട്ടു.

facebooktwitterreddit