Football in Malayalam

സ്‌പോൺസർമാർ ടൂർണമെന്റിന് അനിവാര്യം, റൊണാൾഡോ കൊക്കക്കോള ബോട്ടിലുകൾ മാറ്റി വെച്ചതിനെതിരെ പ്രതികരിച്ച് യുവേഫ

Sreejith N
FBL-EURO-2020-2021-MATCH11-HUN-POR
FBL-EURO-2020-2021-MATCH11-HUN-POR / BERNADETT SZABO/Getty Images
facebooktwitterreddit

ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള യൂറോ കപ്പ് മത്സരത്തിനു മുൻപു നടന്ന പത്രസമ്മേളനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്കു മുന്നിലിരുന്ന കൊക്ക കോള ബോട്ടിലുകൾ എടുത്തു മാറ്റിയ വിഷയത്തിൽ പ്രതികരണവുമായി യുവേഫ. ടൂർണമെന്റിന് സ്‌പോൺസർമാർ അനിവാര്യമാണെന്നു വ്യക്തമാക്കിയ യുവേഫയുടെ പ്രസ്‌താവനയിൽ റൊണാൾഡൊക്കെതിരെ പരാമർശമില്ലെങ്കിലും താരത്തിന്റെ പ്രവൃത്തി അസ്വീകാര്യമാണെന്നു തന്നെയാണ് അവർ വ്യക്തമാക്കുന്നത്.

ഹംഗറിക്കെതിരായ മത്സരത്തിന് മുൻപ് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസുമായി പത്രസമ്മേളനത്തിന് എത്തിയപ്പോഴാണ് റൊണാൾഡോ തനിക്കു മുന്നിലുള്ള കൊക്ക കോള കുപ്പികൾ എടുത്തു മാറ്റിയത്. അതിനു ശേഷം കോളക്ക് പകരം വെള്ളം കുടിക്കാൻ താരം ആവശ്യപ്പെട്ടത് വളരെയധികം വാർത്താ പ്രാധാന്യം നേടുകയും കൊക്ക കോളയുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടാക്കുകയും ചെയ്‌തിരുന്നു.

"ടൂർണമെന്റ് നടത്തുന്നതിനും യുവാക്കൾ, സ്ത്രീകൾ എന്നിവരുൾപ്പെടെയുള്ള യൂറോപ്പിലുടനീളം ഫുട്ബോളിന്റെ വികസനം നടത്തുന്നതിനും അത് മികച്ച രീതിയിലാണെന്ന് ഉറപ്പു വരുത്താനും സ്‌പോൺസർമാർ അവിഭാജ്യ ഘടകങ്ങളാണെന്ന് പങ്കെടുക്കുന്ന ടീമുകളെ യുവേഫ ഓർമിപ്പിച്ചിട്ടുണ്ട്," യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവുമുയർന്ന സംഘടനയായ യുവേഫയുടെ പ്രസ്‌താവന വ്യക്തമാക്കുന്നു.

റൊണാൾഡോ കൊക്ക കോള ബോട്ടിലുകൾ എടുത്തു മാറ്റിയതിനു പിന്നാലെ പത്രസമ്മേളനത്തിൽ തനിക്കു മുന്നിലുണ്ടായിരുന്ന മദ്യക്കമ്പനിയുടെ കുപ്പികൾ പോഗ്ബയും എടുത്തു മാറ്റിയിരുന്നു. ഇതിനു ശേഷം ഇറ്റാലിയൻ താരമായ മാനുവൽ ലോകാടെല്ലിയും ഇവരുടെ മാതൃക പിന്തുടർന്ന് കൊക്ക കോള ബോട്ടിലുകൾ എടുത്തു മാറ്റിയെങ്കിലും ഇനിയീ പ്രവൃത്തി ആരും തുടരില്ലെന്നാണ് യുവേഫ പ്രസ്‌താവന നടത്തിയതോടെ കരുതേണ്ടത്.

അതേസമയം മതപരമായ വിശ്വാസങ്ങൾ മൂലം പോഗ്ബ മദ്യക്കമ്പനികൾ കുപ്പികൾ എടുത്തു മാറ്റിയത് മനസിലാക്കാൻ കഴിയുന്ന കാര്യമാണെങ്കിലും റൊണാൾഡോ ചെയ്‌തത്‌ അതുപോലെയല്ലെന്ന് യൂറോ 2020 ടൂർണമെന്റ് ഡയറക്ടറായ മാർട്ടിൻ കല്ലേൻ പറഞ്ഞു. താരങ്ങൾക്കെതിരെ ഇതിന്റെ പേരിൽ നടപടി എടുക്കാൻ യുവേഫ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit