അബ്രോമോവിച്ച് ഭീതിയിലാണ്, ചെൽസിയെ വിൽക്കാൻ തന്നെ സമീപിച്ചിരുന്നുവെന്ന് സ്വിസ് ശതകോടീശ്വരൻ


റഷ്യൻ പ്രസിഡന്റായ വ്ലാദിമിർ പുട്ടിനുമായുള്ള അടുത്ത ബന്ധം കാരണം ചെൽസി ഉടമയായ റോമൻ അബ്രമോവിച്ച് വളരെയധികം ആശങ്കയിലാണെന്നും ലണ്ടൻ ക്ലബ്ബിനെ വിൽക്കാനായി തന്നെ സമീപിച്ചിരുന്നു എന്നും വ്യക്തമാക്കി സ്വിസ് ശതകോടീശ്വരനായ ഹാൻസിയോർഗ് വൈസ്. മറ്റു ചില പങ്കാളികളുമായി ചേർന്ന് ചെൽസിയെ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ആലോചിച്ചു മാത്രമേ തീരുമാനം എടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശമാണ് ബ്രിട്ടനിൽ അബ്രമോവിച്ചിന്റെ നില പരുങ്ങലിലാക്കിയത്. പുട്ടിനുമായുള്ള ബന്ധം കണക്കാക്കി ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാനുള്ള സാധ്യതയുണ്ടെന്നിരിക്കെ ക്ലബിന്റെ ഉടമസ്ഥാവകാശം ചെൽസി ചാരിറ്റബിൾ ഫൗണ്ടേഷനിലെ ട്രസ്റ്റികൾക്ക് അദ്ദേഹം കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് അബ്രോമോവിച്ച് ചെൽസിയെ വിൽക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് വൈസ് വെളിപ്പെടുത്തിയത്.
UPDATE: The Swiss billionaire Hansjorg Wyss, 86, worth a reported £3.8 billion, claims he has been offered the chance to buy Chelsea.
— Times Sport (@TimesSport) March 2, 2022
He said: “Abramovich wants to get rid of Chelsea quickly."
✍️ @Lawton_Times, @inspirellie_, @mhardysport, @becclancy https://t.co/gfKdsrG4in
"അബ്രമോവിച്ച് പുട്ടിന്റെ അടുത്ത സുഹൃത്തും ഉപദേശകരിൽ ഒരാളുമാണ്. മറ്റുള്ള പ്രഭുക്കളെന്ന പോലെ അദ്ദേഹവും ഭീതിയിൽ തന്നെയാണ്. ഇംഗ്ലണ്ടിലുള്ള തന്റെ വില്ലകൾ മുഴുവൻ അദ്ദേഹം വിൽക്കാൻ ശ്രമിക്കുകയാണ്. അബ്രോമോവിച്ചിന് ഉടനെ തന്നെ ചെൽസി വിടുകയും വേണം. എനിക്കും മറ്റു മൂന്നു പേർക്കും ചെൽസിയെ വാങ്ങാൻ അബ്രമോവിച്ചിൽ നിന്നുള്ള ഓഫർ ലഭിച്ചിരുന്നു."
"എനിക്ക് നാലോ അഞ്ചോ ദിവസം കൂടി കാത്തിരിക്കണം. റോമൻ അബ്രോമോവിച്ച് ഇപ്പോൾ ചോദിക്കുന്നത് വളരെയധികമാണ്. ചെൽസി അദ്ദേഹത്തിനു രണ്ടു ബില്യൺ പൗണ്ട് കടപ്പെട്ടിട്ടുണ്ട് എന്നു നിങ്ങൾക്കറിയാം. പക്ഷെ ചെൽസിയുടെ കയ്യിൽ പണമൊന്നുമില്ല. അതിനർത്ഥം ചെൽസിയെ വാങ്ങുന്നയാളുകൾ അബ്രമോവിച്ചിന് നഷ്ടപരിഹാരം നൽകണമെന്നാണ്." ബ്ലിക്കിനോട് സംസാരിക്കേ വൈസ് പറഞ്ഞു.
"ഇന്നുവരേക്കും യഥാർത്ഥ വിലയെന്താണെന്ന് എനിക്കറിയില്ല. മറ്റുള്ള പങ്കാളികളുമായി ചേർന്ന് ചെൽസിയെ ഏറ്റെടുക്കുന്നത് എനിക്ക് ചിന്തിക്കാൻ കഴിയും. പക്ഷെ പൊതുവായുള്ള കാര്യങ്ങൾ എനിക്കാദ്യം വിലയിരുത്തണം. പക്ഷെ എനിക്കിപ്പോൾ പറയാൻ കഴിയുക ഞാൻ ഒറ്റക്ക് ഇതൊന്നും ചെയ്യാൻ പോകുന്നില്ലെന്നാണ്. ഞാൻ ചെൽസിയെ വാങ്ങുകയാണെങ്കിൽ ആറോ ഏഴോ നിക്ഷേപകർ ചേർന്നൊരു കൺസോർഷ്യം ആയിട്ടായിരിക്കും." അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.