Football in Malayalam

'ദൈവം' തിരിച്ചെത്തുന്നു, വിരമിക്കൽ പ്രഖ്യാപിച്ച ഇബ്രാഹിമോവിച്ചിനെ അഞ്ചു വർഷങ്ങൾക്ക് ശേഷം തിരിച്ചു വിളിച്ച് സ്വീഡൻ

Sreejith N
AC Milan  v FC Internazionale - Serie A
AC Milan v FC Internazionale - Serie A / Jonathan Moscrop/Getty Images
facebooktwitterreddit

എസി മിലാൻ സ്‌ട്രൈക്കറായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്വീഡിഷ് ടീമിലുൾപ്പെടുത്തി. 2016ൽ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷമാണ് തിരിച്ചു വരുന്നത്. മുപ്പത്തിയൊൻപതുകാരനായ താരം ജോർജിയ, കൊസോവ എന്നീ ടീമുകൾക്കെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള സ്‌ക്വാഡിലാണ് ഇടം പിടിച്ചിരിക്കുന്നത്.

സ്വീഡൻ ടീമിന്റെ സ്‌ക്വാഡിനെ പ്രഖ്യാപിച്ചതിനു ശേഷം എന്താണ് സ്ലാട്ടൻ ടീമിന് നൽകുകയെന്ന ചോദ്യത്തിന് പരിശീലകൻ ആൻഡേഴ്‌സണിന്റെ മറുപടി ഇങ്ങിനെയായിരുന്നു. "ആദ്യമായും പ്രധാനമായും അദ്ദേഹം വളരെ മികച്ച ഒരു ഫുട്ബോൾ താരമാണ്. സ്വീഡന് ലഭിച്ചതിൽ വെച്ചേറ്റവും മികച്ച താരം. തിരിച്ചു വരാനുള്ള അദ്ദേഹത്തിന്റെ തീരുമാനം രസകരമാണ്."

"കളിക്കളത്തിൽ അദ്ദേഹത്തിന് എന്ത് ചെയ്യാൻ കഴിയുന്നു എന്നതിനൊപ്പം വളരെയധികം പരിചയസമ്പത്തുള്ള താരമാണ് സ്ലാട്ടൻ. മറ്റു താരങ്ങൾക്ക് അത് പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിയും," ആൻഡേഴ്‌സൺ മാധ്യമങ്ങളോട് മറുപടി പറഞ്ഞു.

അതേസമയം ദേശീയ ടീമിനൊപ്പം താൻ വീണ്ടും കളിക്കുമെന്ന കാര്യം സ്ലാട്ടൻ ഇബ്രാഹിമോവിച്ചും സ്ഥിരീകരിച്ചു. ട്വിറ്ററിൽ ദേശീയ ടീമിന്റെ ജേഴ്‌സിയിൽ നിൽക്കുന്ന ചിത്രത്തിനൊപ്പം 'ദൈവത്തിന്റെ തിരിച്ചുവരവ്' എന്നാണു താരം തലക്കെട്ടു നൽകിയത്.

2001ൽ സ്വീഡൻ ടീമിൽ അരങ്ങേറ്റം നടത്തിയ ഇബ്രാഹിമോവിച്ച് 116 മത്സരങ്ങളിൽ കളിക്കാനിറങ്ങിയിട്ടുണ്ട്. രണ്ടു ലോകകപ്പിലും നാല് യൂറോ കപ്പിലും സ്വീഡന് വേണ്ടി കളിക്കാനിറങ്ങിയ താരമാണ് സ്വീഡന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയിരിക്കുന്നത്. ഈ സീസണിൽ എസി മിലാന് വേണ്ടി 21 മത്സരങ്ങളിൽ 16 ഗോൾ നേടിയ പ്രകടനമാണ് സ്ലാട്ടന് ടീമിലേക്ക് വീണ്ടും വിളി വരാൻ പ്രധാന കാരണമായത്.

facebooktwitterreddit