ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ലോകകപ്പ് യോഗ്യത മത്സരത്തിൽ ആദ്യ തോൽവി വഴങ്ങി സ്പെയിൻ


ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഇരുപത്തിയെട്ടു വർഷത്തിനു ശേഷം ആദ്യത്തെ തോൽവി വഴങ്ങി സ്പെയിൻ. ലൂയിസ് എൻറിക്വക്കു കീഴിൽ യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തിയ ടീമിനെ സ്വീഡനാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയത്. കാർലോസ് സോളർ സ്പെയിനു വേണ്ടി ആദ്യഗോൾ നേടിയപ്പോൾ അലക്സാണ്ടർ ഇസക്കും വിക്റ്റർ ക്ളാസനുമാണ് സ്വീഡനു വേണ്ടി ഗോളുകൾ നേടിയത്.
മത്സരം അഞ്ചു മിനുട്ട് മാത്രം മുന്നോട്ടു പോയപ്പോൾ തന്നെ ജോർദി ആൽബയുടെ ക്രോസിൽ നിന്നും ഒരു ഹാഫ് വോളിയിലൂടെ അരങ്ങേറ്റക്കാരൻ സോളർ സ്പെയിനെ മുന്നിലെത്തിച്ചു. എന്നാൽ സ്പെയിനിന്റെ സന്തോഷം അധികനേരത്തേക്ക് നീണ്ടു നിന്നില്ല. ഒരു മിനുട്ടിനകം ബുസ്ക്വറ്റ്സ് വരുത്തിയ പിഴവിൽ നിന്നും ഇസക്ക് സ്വീഡനെ ഒപ്പമെത്തിച്ചു. അതിനു ശേഷം അൻപത്തിയേഴാം മിനുട്ടിലാണ് ക്ലാസൻ സ്വീഡന്റെ വിജയഗോൾ നേടുന്നത്.
1 - Spain ?? have suffered their first defeat in a World Cup qualifying match since March 1993 against Denmark ?? (1-0), ending a sequence of 66 qualifying matches unbeaten (W52 D14). Shock. pic.twitter.com/VdGcPWK4Ih
— OptaJose (@OptaJose) September 2, 2021
"ഇതു വലിയൊരു നാണക്കേടാണ്, ഞങ്ങൾ വിജയത്തിനു വേണ്ടിയാണ് പോയത്. മത്സരത്തിൽ ഞങ്ങൾ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന സമയത്തു തന്നെ അവർ രണ്ടാമത്തെ ഗോൾ നേടുകയും ചെയ്തു," മത്സരത്തിനു ശേഷം തന്റെ നിരാശ ടീമിന്റെ നായകനായ ബുസ്ക്വറ്റ്സ് വെളിപ്പെടുത്തി.
"ഈ ഗ്രൂപ്പ് കുറച്ചുകൂടി സങ്കീർണതകളിലേക്ക് പോയിരിക്കുന്നു, ഞങ്ങളുടെ കയ്യിലല്ല ഇപ്പോൾ കാര്യങ്ങളുള്ളത്. ഞങ്ങൾ നന്നായി മുന്നോട്ടു പോവുകയായിരുന്നു, എന്നാൽ ഭാഗ്യം ഒപ്പമുണ്ടായില്ല. എങ്കിലും ഞങ്ങൾക്കു മുന്നോട്ടു പോകണം. സാഹചര്യങ്ങൾ അത്ര മികച്ചതല്ല എങ്കിലും ഇനിയും മത്സരങ്ങൾ കളിക്കേണ്ടതുണ്ട്," ബുസ്ക്വറ്റ്സ് വ്യക്തമാക്കി.
അതേസമയം മധ്യനിരയിലെ പോരാട്ടങ്ങളിൽ പരാജയപ്പെട്ടതാണ് ടീമിനെ ദുർബലപ്പെടുത്തിയതെന്നാണ് പരിശീലകൻ ലൂയിസ് എൻറിക്വ പറയുന്നത്. മികച്ച അവസരങ്ങൾ സ്പെയിന് സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും കളിയിൽ പെട്ടെന്നു മാറ്റം വരുത്തി സ്വീഡൻ അപകടങ്ങൾ സൃഷ്ടിച്ചുവെന്നും അവർ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയതിനോട് സ്പെയിൻ പ്രതികരിക്കണമെന്നും എൻറിക്വ പറഞ്ഞു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.