Indian Football

യൂറോപ്യൻ സൂപ്പർ ലീഗ് പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് റയൽ മാഡ്രിഡും ബാഴ്‌സയും യുവന്റസും

Sreejith N
The Real Madrid, Juventus and Barcelona Club Badges
The Real Madrid, Juventus and Barcelona Club Badges / Visionhaus/Getty Images
facebooktwitterreddit

സൂപ്പർ ലീഗിന്റെ ഭാഗമായതു കൊണ്ട് റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ക്ലബുകൾക്കെതിരെ യുവേഫക്ക് നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് യൂറോപ്പിലെ കോടതി വ്യക്തമാക്കിയതോടെ ടൂർണമെന്റുമായി മുന്നോട്ടു പോകുമെന്ന് ക്ലബുകൾ അറിയിച്ചു. സൂപ്പർ ലീഗ് പ്രൊജക്റ്റിനെ ഏറ്റവും നല്ല രീതിയിൽ സഹകരണത്തോടെ നടപ്പിലാക്കുമെന്നാണ് ക്ലബുകൾ സംയുക്ത പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയത്.

നേരത്തെ യൂറോപ്പിലെ പന്ത്രണ്ടു പ്രധാന ക്ലബുകൾ ഭാഗമായാണ് സൂപ്പർലീഗ് പദ്ധതികൾ ആരംഭിച്ചതെങ്കിലും യുവേഫയുടെയും ആഭ്യന്തര ഫുട്ബോൾ നേതൃത്വത്തിന്റെയും വിലക്ക് ഭീഷണികളെ തുടർന്ന് ഇതിൽ ഒൻപതു ക്ലബുകളും പിന്മാറുകയായിരുന്നു. എന്നാൽ ഇതിൽ നിന്നും പിന്മാറാൻ തയ്യാറാവാത്ത സ്ഥാപക ക്ളബുകളായ റയൽ, ബാഴ്‌സ, യുവന്റസ് നടപടി നേരിടേണ്ടി വരുമെന്ന് യുവേഫ ആവർത്തിച്ചു വ്യക്തമാക്കുന്നതിന്റെ ഇടയിലാണ് സുപ്രധാനമായ കോടതിവിധി ഉണ്ടാകുന്നത്.

യൂറോപ്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ടു മുന്നോട്ടു പോയാൽ ഈ മൂന്നു സ്ഥാപക ക്ലബുകൾക്കെതിരെ നടപടി എടുക്കാൻ യുവേഫക്കു കഴിയില്ലെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ റയൽ, ബാഴ്‌സ, യുവന്റസ് എന്നിവർ ഇതിന്റെ ഭാഗമായുള്ള പിഴ, മറ്റു നിയന്ത്രണങ്ങളിൽ നിന്നും ബാക്കി ഒൻപതു ക്ളബുകളെ ഒഴിവാക്കിയ കോടതിയുടെ നടപടിയും ഉചിതമാണെന്നു പ്രസ്‌താവനയിൽ വ്യക്തമാക്കി.

ഈ കേസിൽ യുവേഫയുടെ ഏകാധിപത്യപരമായ നീക്കങ്ങൾ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് വീണ്ടും വിലയിരുത്തുമെന്നു വ്യക്തമാക്കിയ ക്ലബുകൾ നിലവിലെ ഭീഷണികൾ അവസാനിച്ചതിൽ സന്തോഷവും അറിയിച്ചു. വളരെ മികച്ച രീതിയിൽ ആരാധകർ, താരങ്ങൾ, പരിശീലകർ, ക്ലബുകൾ, ലീഗുകൾ, ദേശീയ, അന്തർദേശീയ അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെ ലീഗ് നടത്താനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി.

പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ സൂപ്പർ ലീഗ് വീണ്ടും ആരംഭിക്കാനുള്ള വഴി തുറന്നിട്ടുണ്ട്. എന്നാൽ ആദ്യം അവതരിപ്പിച്ച ഫോർമാറ്റിൽ ചില പോരായ്‌മകളുണ്ടെന്നു മേധാവിയായ പെരസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ അതെല്ലാം പരിഹരിച്ച് എല്ലാവരുടെയും ഉത്കണ്ഠ ഇല്ലാതാക്കിയാവും പുതിയ പദ്ധതി തുടങ്ങുന്നത്.


facebooktwitterreddit