Main Stories

സൂപ്പർലീഗിൽ നിന്നും പിന്മാറിയ ക്ലബുകൾക്ക് പിഴ, ബാഴ്‌സക്കും റയലിനും യുവന്റസിനുമെതിരെ കടുത്ത നടപടിയുണ്ടായേക്കും

Sreejith N
NETHERLANDS-UEFA-FBL-SPORT
NETHERLANDS-UEFA-FBL-SPORT / ROBIN VAN LONKHUIJSEN/Getty Images
facebooktwitterreddit

യൂറോപ്യൻ സൂപ്പർലീഗിൽ നിന്നും പിന്മാറി യുവേഫയോടു പ്രതിജ്ഞാബദ്ധത അറിയിച്ച പന്ത്രണ്ടിൽ ഒൻപതു ക്ലബുകളും പിഴശിക്ഷ ഏറ്റു വാങ്ങേണ്ടി വരുമെന്നുറപ്പായി. അതേസമയം ഇതുവരെയും സൂപ്പർലീഗിനുള്ള പദ്ധതികൾ ഉപേക്ഷിച്ചിട്ടില്ലാത്ത റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ക്ലബുകൾക്ക് അതിനേക്കാൾ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടി വരും. യുവേഫ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പന്ത്രണ്ടു ക്ലബുകൾ ഒരുമിച്ചു ചേർന്നു നടത്താൻ പദ്ധതിയിട്ട സൂപ്പർ ലീഗിൽ നിന്നും ആഴ്‌സണൽ, എസി മിലാൻ, ചെൽസി, അത്ലറ്റികോ മാഡ്രിഡ്, ഇന്റർ മിലാൻ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം ഹോസ്‌പർ എന്നിവരാണ് പിന്നീട് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. ഫുട്ബോൾ അസോസിയേഷനുകളുടെയും ആരാധകരുടെയും കടുത്ത എതിർപ്പാണ് ഇതിനു പിന്നിലെങ്കിലും റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ക്ലബുകൾ ലീഗിനുള്ള പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറായില്ല.

"സൂപ്പർലീഗ് പ്രോജക്ട് ഒരു തെറ്റു പറ്റിയതാണെന്നു സമ്മതിച്ച് ആരാധകർ, ദേശീയ അസോസിയേഷനുകൾ, നാഷണൽ ലീഗുകൾ, മറ്റു യൂറോപ്യൻ ക്ലബുകൾ, യുവേഫ എന്നിവരോട് ഒൻപതു ക്ലബുകൾ ക്ഷമാപണം നടത്തിയിരുന്നു. യുവേഫയുടെ നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും പരിധിയിൽ സൂപ്പർലീഗ് വരില്ലെന്നും അവർ മനസിലാക്കിയിട്ടുണ്ട്." ഔദ്യോഗിക പ്രസ്‌താവനയിൽ യുവേഫ വ്യക്തമാക്കി.

യുവേഫയിൽ നിന്നും ഒരു സീസണിൽ ലഭിച്ച വരുമാനത്തിന്റെ അഞ്ചു ശതമാനമാണ് നിലവിൽ ഈ ക്ലബുകൾ പിഴയായി നൽകേണ്ടി വരിക. അതേസമയം സൂപ്പർലീഗടക്കം നിയമപ്രകാരമല്ലാതെ നടക്കുന്ന മറ്റേതെങ്കിലും ടൂര്ണമെന്റുകളിൽ ഈ ടീമുകൾ കളിക്കുകയാണെങ്കിൽ 100 മില്യൺ യൂറോയും പിഴയായി ലഭിക്കും.

സൂപ്പർ ലീഗ് പദ്ധതികൾ ഇതുവരെ ഉപേക്ഷിച്ചിട്ടില്ലാത്ത ക്ലബുകൾക്ക് ഉചിതമായ ശിക്ഷ നൽകാനുള്ള എല്ലാ അവകാശവും തങ്ങളിൽ നിക്ഷിപ്‌തമാണെന്നും യുവേഫ വ്യക്തമാക്കി. യുവേഫയുടെ അച്ചടക്ക സമിതിയിലേക്ക് ഈ വിഷയം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും അവരുടെ അന്വേഷണത്തിനു ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും യുവേഫ വ്യക്തമാക്കിയതോടെ രണ്ടു സീസണുകളിൽ ഈ ടീമുകൾക്ക് യൂറോപ്യൻ മത്സരങ്ങളിൽ വിലക്കു ലഭിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.

facebooktwitterreddit