Football in Malayalam

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്നതിനെ സ്വാഗതം ചെയ്‌ത്‌ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി

Sreejith N
India v Bahrain - AFC Asian Cup Group A
India v Bahrain - AFC Asian Cup Group A / Matthew Ashton - AMA/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്താനുള്ള ഫിഫയുടെയും ഫിഫ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫായ ആഴ്‌സൺ വെങ്ങറുടെയും നിർദ്ദേശത്തിനു പിന്തുണ അറിയിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ഇതുവരെയും ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ കഴിയാത്ത രാജ്യങ്ങൾക്ക് ഇതു കൂടുതൽ അവസരം നൽകുമെന്നാണ് ഛേത്രി അഭിപ്രായപ്പെടുന്നത്.

മുൻ ആഴ്‌സണൽ പരിശീലകനായ ആഴ്‌സൺ വെങ്ങർ ഫിഫ ഗ്ലോബൽ ഫുട്ബോൾ ഡെവെലപ്മെന്റിന്റെ മേധാവിയായി ചുമതല ഏറ്റെടുത്തതോടെയാണ് രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന ആശയം സജീവമായത്. പല ഭാഗത്തു നിന്നും ഇതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ വിവിധ ദേശീയ ടീം നായകന്മാരുമായി വെങ്ങർ സംസാരിച്ചതിന് സുനിൽ ഛേത്രിയും ഉൾപ്പെട്ടിരുന്നു.

"വെങ്ങറുമായുള്ള കൂടിക്കാഴ്‌ചയിൽ ഫുട്ബോൾ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്തുകയെന്ന ആശയത്തെ ഇതുവരെ ലോകകപ്പ് കളിക്കാത്തതും, തൊട്ടടുത്തു വരെ എത്തിയിട്ടുള്ളതും, ഇനിയും കൂടുതൽ അവസരങ്ങൾ വേണ്ടതുമായ ഞങ്ങളെപ്പോലുള്ള ടീമുകൾ സ്വാഗതം ചെയ്യുമെന്നാണ് പറഞ്ഞത്. എന്നാൽ എന്റെ മറ്റൊരു ഭാഗം പറയുന്നത് ലോകകപ്പ് വളരെ വിശുദ്ധമായ ഒന്നാണെന്നാണ്. കാത്തിരിപ്പാണ് അതിനെ കൂടുതൽ മനോഹരമാക്കുന്നത്."

"എന്നാൽ അതൊരു പഴഞ്ചൻ ആരാധകന്റെ ചിന്തയാണ്. എന്നിലുള്ള കളിക്കാരനും എന്റെ ഉള്ളിലുള്ള ഇന്ത്യൻ ഫുട്ബോളിനുമറിയാം രണ്ടു വർഷത്തിൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുമ്പോൾ ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുമെന്ന്." ഛേത്രി വ്യക്തമാക്കി.

വെങ്ങറുടെ ആശയം ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഗുണം ചെയ്യുന്ന ഒന്നാണെങ്കിലും അതു നടപ്പിലാകുമോയെന്നു കണ്ടറിയേണ്ട കാര്യമാണ്. നിലവിൽ തന്നെ യുവേഫയും കോൺമെബോളും രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് എന്ന ആശയത്തെ ശക്തമായി എതിർത്തിട്ടുണ്ട്. പ്രീമിയർ ലീഗ് ക്ലബുകളും ദിവസങ്ങൾക്കു മുൻപ് ഇതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

facebooktwitterreddit