Football in Malayalam

പിറന്നാൾ ദിനത്തിൽ ഇന്ത്യയിലെ യുവഫുട്ബോൾ താരങ്ങൾക്ക് മുന്നറിയിപ്പു നൽകി സുനിൽ ഛേത്രി

Sreejith N
India v Bahrain - AFC Asian Cup Group A
India v Bahrain - AFC Asian Cup Group A / Matthew Ashton - AMA/Getty Images
facebooktwitterreddit

ഇന്ത്യയിലെ യുവഫുട്ബോൾ താരങ്ങൾക്ക് സുപ്രധാന സന്ദേശവുമായി കഴിഞ്ഞ ദിവസം മുപ്പത്തിയേഴാമത്തെ പിറന്നാളോഘോഷിച്ച ഇന്ത്യൻ ഫുട്ബോൾ ടീം നായകനുമായ സുനിൽ ഛേത്രി. കളിക്കളത്തിൽ മികവു തുടരാൻ തന്നെ സഹായിക്കുന്നത് വിട്ടുവീഴ്ചയില്ലാത്ത പരിശീലനമാണെന്നു വ്യക്തമാക്കിയ ഛേത്രി ഭാവിയിലേക്കു കടക്കുന്ന താരങ്ങളോട് ആ മാതൃക പിന്തുടരാനും തന്റെ പ്രായത്തെ ഓർമിപ്പിക്കുന്നതൊന്നും ചെയ്യരുതെന്നും ആവശ്യപ്പെട്ടു.

പിറന്നാൾ ദിനത്തിൽ ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു സുനിൽ ഛേത്രി. "പിറന്നാൾ ഞാൻ വലിയ രീതിയിൽ ആഘോഷിക്കാറില്ല, ഇത്തവണയും അതു വ്യത്യസ്‌തമല്ല,ബെംഗളൂരു എഫ്‌സിക്കൊപ്പം ബെല്ലാരിയിലുള്ള പരിശീലന ക്യാമ്പിലാണ് ഞാനുള്ളത്. എനിക്കേറ്റവും പ്രിയപ്പെട്ട കാര്യം ചെയ്തുകൊണ്ടാണ് ഞാൻ ദിവസം ആരംഭിക്കുന്നത്- ഫുട്ബോൾ മൈതാനത്തുണ്ടാവുകയെന്നത്. ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നതു കൊണ്ട് ഞാൻ എന്റെ കുടുംബത്തിന്റെ ഒപ്പമാണെന്നും എനിക്ക് സംശയമില്ലാതെ പറയാം."

"എന്റെ പ്രായത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന കാര്യങ്ങൾ ട്രെയിനിങ്ങിൽ ചെയ്യരുതെന്ന് ഞാൻ യുവതാരങ്ങൾക്ക് മുന്നറിയിപ്പു നൽകാറുണ്ട്. ഓരോ ദിവസവും ഞാൻ പരിശീലനവും ഫുട്ബോൾ കളിക്കുന്നതും ആസ്വദിക്കാറുണ്ട്. ഇനിയും മുന്നോട്ടു പോകാനാകുമെന്നാണ് എനിക്കു തോന്നുന്നത്. ആഗ്രഹവും, അഭിലാഷവും ഫുട്ബോളിൽ നിന്നു ലഭിക്കുന്ന സന്തോഷവുമെല്ലാം ഇതുവരെയും കുറഞ്ഞിട്ടില്ല."

"ഞാൻ ഏതാനും ചില അത്ലറ്റുകളെ നോക്കി അവരിൽ നിന്നും ഏറ്റവും മികച്ചത് സ്വീകരിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അവസാനം ഓരോ മത്സരത്തിലും നൂറു ശതമാനം മികച്ച പ്രകടനം നടത്തണമെന്നാണ് എനിക്ക് ആഗ്രഹമുണ്ടാവുക, അതിനു വേണ്ടിയാണ് ഞാൻ ട്രെയിനിങ്ങിൽ കഠിനാധ്വാനം ചെയ്യുന്നത്." ഛേത്രി വ്യക്തമാക്കി.

അതേസമയം ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോളുകളെന്ന നേട്ടത്തിൽ ലയണൽ മെസിയുമായുള്ള പോരാട്ടം തനിക്ക് അഭിമാനമാണെന്നും എന്നാൽ അതൊരിക്കലും താരതമ്യത്തിനു പോലും അർഹമല്ലെന്നും ഛേത്രി പറഞ്ഞു. വളരെ ഉയർന്ന തലത്തിൽ കളിക്കുന്ന താരത്തിന്റെ ആരാധകനാണ് താനെന്നും ഛേത്രി വ്യക്തമാക്കി.

facebooktwitterreddit