Football in Malayalam

ഛേത്രിയുടെ മനസിൽ നിന്നും മായാതെ കേരളത്തിൽ നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഏറ്റവും പ്രിയപ്പെട്ടതെന്ന് ഇന്ത്യൻ നായകൻ

Sreejith N
FBL-IND-CHHETRI
FBL-IND-CHHETRI / PUNIT PARANJPE/Getty Images
facebooktwitterreddit

2015ൽ നടന്ന ടൂർണമെന്റാണ് സാഫ് ചാമ്പ്യൻഷിപ്പുകളിൽ വെച്ചു തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ആ വർഷം തിരുവനന്തപുരത്തു വെച്ച് നടന്ന ഫൈനലും അന്നത്തെ മത്സരത്തിനെത്തിയ ആരാധകരെയും ഇന്നും ഓർത്തിരിക്കുന്ന ഛേത്രി അതിൽ അഫ്‌ഗാനിസ്ഥാനെതിരെ ജെജെ നേടിയ ഗോൾ സാഫ് ചാമ്പ്യൻഷിപ്പുകളിലെ തന്റെ പ്രിയപ്പെട്ട ഗോളാണെന്നും പറഞ്ഞു.

പതിമൂന്നു വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ടീമിനൊപ്പം തന്റെ ആദ്യത്തെ സാഫ് ചാമ്പ്യൻഷിപ്പിനിറങ്ങിയ ഛേത്രിക്ക് ഒക്ടോബർ നാലിനു മാലിദ്വീപിൽ ആരംഭിക്കാനിരിക്കുന്ന ടൂർണമെന്റ് തന്റെ കരിയറിൽ അഞ്ചാമത്തേതാണ്. ഇതിനു മുന്നോടിയായി എഐഎഫ്എഫിനു നൽകിയ അഭിമുഖത്തിലാണ് അതിൽ വെച്ചു തനിക്കേറ്റവും പ്രിയപ്പെട്ട ചാമ്പ്യൻഷിപ്പും ഗോളും ഇന്ത്യൻ നായകൻ വെളിപ്പെടുത്തിയത്.

"കേരളത്തിൽ വെച്ചു നമ്മൾ വിജയിച്ച 2015-16 എഡിഷനാണ് ഞാൻ തിരഞ്ഞെടുക്കുക. ഫൈനലിലെത്തിയ അഫ്‌ഗാനിസ്ഥാനുമായുള്ള വൈരിയും ആ മത്സരത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളും ഗംഭീരമായിരുന്നു."

"ടീമിൽ ധാരാളം യുവതാരങ്ങൾ ഉണ്ടായിരുന്നു എന്നതും, ആദ്യ മത്സരത്തിൽ തന്നെ റോബിൻ സിങ്ങിനു പരിക്കേറ്റതിനാൽ വെറും 19 കളിക്കാരെ വെച്ചു വിജയം നേടി എന്നതും അതിൽ പ്രധാനമാണ്. നാല്പതിനായിരത്തോളം വരുന്ന കാണികളാണ് ഫൈനൽ മത്സരത്തിൽ ഞങ്ങൾക്കു വേണ്ടി ആർപ്പു വിളിക്കാനെത്തിയത്. അതെന്റെ മനസിൽ എന്നുമുണ്ടാകും," ഛേത്രി പറഞ്ഞു.

"2015-16 എഡിഷനിൽ അഫ്‌ഗാനിസ്ഥാനെതിരെ ജെജെ നേടിയ ഗോളാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. വളരെ കടുപ്പമേറിയ മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഞങ്ങൾ ഒരു ഗോളിനു പിന്നിലായിരുന്നു. വളരെ പ്രധാനപ്പെട്ട ആ ഗോൾ സൂപ്പർതാരം ഫ്ലിക്ക് ചെയ്‌തു നേടിയത് അതിമനോഹരമായിരുന്നു."

"ഏറ്റവും പ്രധാനമായി ആ ഗോൾ ശരിയായ നിമിഷത്തിലാണു വന്നത്. ഞങ്ങൾ ആ ഗോൾ നേടിയില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഞങ്ങൾ ഭയപ്പെടുകയും മത്സരഫലം മറ്റൊന്നാവുകയും ചെയ്തേനെ. ആ മത്സരത്തിൽ ഞങ്ങൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം നേടിയത്." ഛേത്രി പറഞ്ഞു.

ഒക്ടോബർ നാലിന് ബംഗ്ലാദേശിനെതിരെയാണ് സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യത്തെ മത്സരം അതിനു ശേഷം ഒക്ടോബർ ഏഴ്, പത്ത്, പതിമൂന്ന് തീയതികളിൽ അവർ ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ് എന്നീ ടീമുകളെ നേരിടും.


facebooktwitterreddit