ഫുട്ബോളിനു ശേഷമുള്ള ജീവിതത്തിലേക്ക് ആദ്യത്തെ ചുവടുവെപ്പുമായി ഇന്ത്യൻ ടീം നായകൻ സുനിൽ ഛേത്രി


മുപ്പത്തിയേഴാം വയസിലും ഇന്ത്യൻ ഫുട്ബാളിലെ തിളക്കമുള്ള താരങ്ങളിൽ ഒരാളായി നിൽക്കുന്നുണ്ടെങ്കിലും അതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് സുനിൽ ഛേത്രി ചിന്തിച്ചു തുടങ്ങുന്നു. അതിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി താരം മാസ്റ്റേഴ്സ് കോഴ്സിനു ചേരുകയും ചെയ്തിട്ടുണ്ട്. ഐഎസ്ഡിഇ ലോ ബിസിനസ് സ്കൂളിൽ ഗ്ലോബൽ മാസ്റ്റേഴ്സ് ഇൻ സ്പോർട്സ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്കിൽസ് എന്ന വിഷയമാണ് ഛേത്രി പഠിക്കാനാരംഭിച്ചിരിക്കുന്നതെന്ന് ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്തു.
ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് ഒരു മാസം മുൻപാണ് ആരംഭിച്ചത്. ഇതു കൃത്യമായി പൂർത്തിയാക്കിയാൽ ഛേത്രിക്ക് ബിരുദാനന്തര ബിരുദം ലഭിക്കും. പ്രസ്തുത കോഴ്സ് വാഗ്ദാനം ചെയ്യുന്ന അക്കാദമി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ, പ്രൊഫെഷണൽ ഫുട്ബോളെഴ്സിനെ പ്രതിനിധീകരിക്കുന്ന ആഗോളസംഘടനയായ ഫിഫപ്രൊ എന്നിവരുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.
The 37-year-old India captain, has enrolled himself in the prestigious ISDE Law Business School to study global masters in sports management and legal skills.@chetrisunil11 #football https://t.co/FPVaBE5yHC
— The Telegraph (@ttindia) May 4, 2022
ഈ കോഴ്സിന്റെ ഫീസ് പതിനയ്യായിരം യൂറോ (ഇന്ത്യൻ രൂപ പന്ത്രണ്ടു ലക്ഷത്തിലധികം) ആണെങ്കിലും ഛേത്രിക്ക് നൂറു ശതമാനം സ്കോളർഷിപ്പ് അക്കാദമി നൽകുന്നുണ്ട്. ഇതിനു ചേരാനുള്ള ആപ്ലിക്കേഷനും ബയോഡാറ്റയും ഫിഫ്പ്രോയുടെ ഇന്ത്യൻ വിഭാഗമായ ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വഴിയാണ് ഛേത്രി സമർപ്പിച്ചത്. ഇതിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് സുനിൽ ഛേത്രി.
നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നവരിൽ ഏറ്റവുമധികം ഇന്റർനാഷണൽ ഗോളുകൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഛേത്രി ഈ കോഴ്സ് കൃത്യമായി പൂർത്തിയാക്കിയാൽ ജർമൻ ഇതിഹാസം ഒലിവർ ഖാൻ, മാഞ്ചസ്റ്റർ സിറ്റി നായകൻ വിൻസന്റ് കൊമ്പനി, ഇറ്റലി നായകൻ ജോർജിയോ കില്ലിനി, മുൻ ഇന്ത്യൻ നായകൻ ബൈച്ചുങ് ബൂട്ടിയ എന്നിവരുടെ നിരയിലേക്കാണ് എത്തിപ്പെടുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.