ലയണൽ മെസിക്കൊപ്പം വീണ്ടും ഒരുമിക്കാനുള്ള സാധ്യത കുറവാണെന്ന് ലൂയിസ് സുവാരസ്
By Sreejith N

ഖത്തർ ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് യുറുഗ്വായ് താരമായ ലൂയിസ് സുവാരസ് അത്ലറ്റികോ മാഡ്രിഡ് കരാർ അവസാനിച്ച് ഫ്രീ ഏജന്റാകുന്നത്. ലോകകപ്പിനായി ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കാൻ വേണ്ടി മറ്റൊരു ക്ലബ്ബിനെ സുവാരസ് തേടുകയാണെങ്കിലും ഇതുവരെയും ഏതു ക്ലബിലേക്കാണ് താരം എത്തുകയെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
ഇതിനു മുൻപ് ലയണൽ മെസിക്കൊപ്പം അമേരിക്കൻ ലീഗിൽ ഡേവിഡ് ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള താൽപര്യം സുവാരസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിനുള്ള സാധ്യതകളെ താരം കഴിഞ്ഞ ദിവസം സംസാരിക്കുമ്പോൾ തള്ളിക്കളഞ്ഞു. സമീപകാലത്തൊന്നും അതിനുള്ള സാധ്യതകൾ ഇല്ലെന്നാണ് സുവാരസ് പറയുന്നത്.
"ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിൽ കളിക്കുക? അത് യാഥാർത്ഥ്യമല്ല. പലതും പറയപ്പെടുന്നുണ്ട്. ഞങ്ങൾ കളിക്കാർക്ക് മറ്റുള്ളവർ പറയുന്നത് നിരസിക്കാൻ ഇരുപത്തിനാലു മണിക്കൂറും ചിലവഴിക്കാൻ കഴിയില്ല. അവർ പറയട്ടെ. ലിയോയുടെ ഭാവി പാരീസിലാണ്. താരത്തിന് എവിടെയാണ് വിരമിക്കാൻ താൽപര്യമെന്ന് എനിക്കറിയില്ല." സുവാരസ് പറഞ്ഞു.
ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര സഖ്യത്തിന്റെ ഭാഗമായിരുന്ന ലയണൽ മെസിയും ലൂയിസ് സുവാരസും വളരെയടുത്ത സുഹൃത്തുക്കൾ കൂടിയാണ്. സുവാരസ് എത്തിയതിനു ശേഷമുള്ള ആറു വർഷങ്ങളിൽ ബാഴ്‌സലോണ നേടിയ 70 ശതമാനം ഗോളുകളിലും ഇവർ രണ്ടു പേരിലൊരാൾ പങ്കു വഹിച്ചിട്ടുണ്ട്.
അതേസമയം അടുത്ത സീസണിൽ സുവാരസ് ഏതു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റ്, പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല എന്നിവിടങ്ങളിലേക്കാണ് താരമെത്താൻ കൂടുതൽ സാധ്യത നിലനിൽക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.