Football in Malayalam

തനിക്ക് പ്രായമായെന്നും, ഇനി ഒരിക്കലും ഉയർന്നതലത്തിൽ കളിക്കാനാവില്ലെന്നും അവർ പറഞ്ഞു; ടീം മാറ്റത്തെ കുറിച്ച് സുവാരസ്

Gokul Manthara
Feb 23, 2021, 10:11 PM GMT+5:30
FBL-ESP-LIGA-ATLETICO-VALLADOLID
FBL-ESP-LIGA-ATLETICO-VALLADOLID | PIERRE-PHILIPPE MARCOU/Getty Images
facebooktwitterreddit

കഴിഞ്ഞ സമ്മറിലായിരുന്നു ബാഴ്സലോണയുടെ ഉറുഗ്വെൻ സൂപ്പർ താരം ലൂയി സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. ലോകത്തെ മികച്ച മുന്നേറ്റ താരങ്ങളിലൊരാളായി തുടരുന്ന സമയത്ത് സുവാരസിനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ബാഴ്സലോണ തയ്യാറായത് ആരാധകർക്ക് കടുത്ത അതൃപ്തി സമ്മാനിച്ചിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിലെത്തിയതിന് ശേഷവും തകർപ്പൻ ഫോം തുടരുന്ന സുവാരസ്, തന്നെ ക്ലബ്ബ് വിടാനനുവദിച്ച ബാഴ്സലോണയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിച്ചു.

ഇപ്പോളിതാ ബാഴ്സലോണയിലെ തന്റെ അവസാന സമയങ്ങളിൽ തന്നെ ഏറ്റവുമധികം വിഷമിച്ച കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുവാരസ്. തനിക്ക് പ്രായമായെന്നും, ഇനി ഫുട്ബോളിന്റെ ഏറ്റവും ഉയർന്ന തലത്തിൽ തനിക്ക് കളിക്കാനാവില്ലെന്നും ബാഴ്സലോണ പറഞ്ഞതായും അത് തന്നെ അതീവ ദുഖിതനാക്കിയെന്നുമാണ് സുവാരസിന്റെ വെളിപ്പെടുത്തൽ.‌ കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

""എനിക്ക് പ്രായമായെന്നും, അതിനാൽ ഇനി ഒരിക്കലും ഉയർന്ന തലത്തിൽ കളിക്കാനാവില്ലെന്നും അവർ പറഞ്ഞതാണ് എന്നെ ശരിക്കും വിഷമിപ്പിച്ചത്. അതാണ് എനിക്ക് ഇഷ്ടപ്പെടാതിരുന്നത്.""

ലൂയി സുവാരസ്.

അതേ സമയം ബാഴ്സലോണ വിട്ട് അത്ലറ്റിക്കോ മാഡ്രിഡിലെത്തിയ ലൂയി സുവാരസ്, തന്റെ ഗോൾ വേട്ട പഴയപടി തുടരുകയായിരുന്നു. അതിവേഗം ഡിയഗോ സിമിയോണിയുടെ വിശ്വസ്ത താരമായി മാറിയ ഈ മുപ്പത്തിനാലുകാരൻ 2020-21 സീസൺ ലാലീഗയിൽ ഇതു വരെ കളിച്ച 20 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അടിച്ചു കഴിഞ്ഞു. നിലവിൽ ലീഗിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തും സുവാരസ് തന്നെയാണ്.

facebooktwitterreddit