La Liga

"ടോപ് ലെവൽ ഫുട്ബോളിൽ എന്റെ കാലം കഴിഞ്ഞെന്നു പലരും പറഞ്ഞു" - വിമർശകർക്ക് നേരെ ഒളിയമ്പുമായി സുവാരസ്

Sreejith N
Atletico de Madrid v Real Sociedad - La Liga Santander
Atletico de Madrid v Real Sociedad - La Liga Santander / Denis Doyle/Getty Images
facebooktwitterreddit

ലയണൽ മെസിക്കൊപ്പം ഏറ്റവും മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയെടുത്ത താരമാണെങ്കിലും ബാഴ്‌സലോണയിൽ ലൂയിസ് സുവാരസിന്റെ അവസാന നാളുകൾ അത്ര ആശ്വാസകരമായിരുന്നില്ല. ഗോളുകൾ അടിച്ചുകൂട്ടിയിരുന്നെങ്കിലും പല മത്സരങ്ങളിലെയും പ്രകടനത്തിന്റെ പേരിലും മുന്നേറ്റനിരയിലെ വേഗതക്കുറവിന്റെ പേരിലും താരം വിമർശിക്കപ്പെട്ടു. ബാഴ്‌സയിൽ തന്നെ തുടരണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കൂമാൻ പരിശീലകനായി എത്തിയതോടെ സുവാരസ് ക്ലബ് വിടാൻ നിർബന്ധിതനാവുകയും ചെയ്‌തു.

എന്നാൽ തന്നെ ഒഴിവാക്കിയ ബാഴ്‌സയുടെ തീരുമാനം തെറ്റാണെന്നു തെളിയിച്ച് ഈ സീസണിലിതു വരെ 19 ലീഗ് ഗോളുകൾ നേടി അത്ലറ്റികോ മാഡ്രിഡിന്റെ ടോപ് സ്കോററായി ക്ലബിനു ലാ ലിഗ കിരീടം സമ്മാനിക്കുന്നതിന്റെ തൊട്ടരികിലാണ് യുറുഗ്വായ് താരം. കഴിഞ്ഞ ദിവസം ക്ലബ് ഡെൽ ഡിപോർട്ടിസ്റ്റയോട് സംസാരിക്കുമ്പോൾ അത്ലറ്റികോ മാഡ്രിഡിനൊപ്പമുള്ള തന്റെ ആദ്യ സീസണെ കുറിച്ചും മറ്റും സുവാരസ് സംസാരിച്ചു.

"എല്ലാവരും വെല്ലുവിളികളെ ഇഷ്ടപ്പെടുന്നവരാണ്‌. അത്ലറ്റികോ മാഡ്രിഡിൽ വരുന്നത് പല കാരണങ്ങൾ കൊണ്ടും വലിയൊരു വെല്ലുവിളിയായിരുന്നു. കഴിഞ്ഞ വർഷം ഞാൻ നേരിട്ട പ്രധാന വിമർശനങ്ങളിലൊന്ന് എനിക്കു വലിയ നേട്ടങ്ങൾക്കു വേണ്ടി മത്സരിക്കാനും ബാഴ്‌സലോണയിൽ ആണെങ്കിലും വലിയ മത്സരങ്ങളിൽ തിളങ്ങാനുമുള്ള കഴിവില്ലെന്നുമായിരുന്നു.

"വ്യക്തിപരമായി അതെന്നിൽ വലിയൊരു വെല്ലുവിളിയാണ് സൃഷ്ടിച്ചത്. അത്ലറ്റികോ മാഡ്രിഡിലെത്തുമ്പോൾ ഉയർന്ന തലത്തിലുള്ള ഫുട്ബോളിൽ ഞാൻ നിലനിൽക്കുന്നുണ്ടെന്നും വളരെ വർഷമായി ഞാനേതു തരം കളിക്കാരനാണോ, അതിനൊരു കാരണമുണ്ടെന്നും എനിക്ക് തെളിയിക്കണമായിരുന്നു. ആ വെല്ലുവിളി ഞാൻ വളരെ താൽപര്യത്തോടെ ഏറ്റെടുത്തു, എനിക്ക് നിരാശപ്പെടേണ്ടി വന്നില്ല," സുവാരസ് പറഞ്ഞു.

ഈ സീസണിൽ ബാക്കിയുള്ള രണ്ടു മത്സരവും വിജയിച്ചാൽ ലാ ലിഗ കിരീടമുയർത്താൻ നിൽക്കുന്ന അത്ലറ്റികോ മാഡ്രിഡിന്റെ വിജയം ആരാധകർക്കൊപ്പം ആഘോഷിക്കാൻ കഴിയില്ലെന്നത് നിരാശയാണെന്നും സുവാരസ് പറഞ്ഞു. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ട് എല്ലാം സാധാരണ നിലയിലേക്ക് വളരെ വേഗത്തിൽ എത്തുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit