അതു കൂമാനോടുള്ള പ്രതികാരം ഉദ്ദേശിച്ചായിരുന്നില്ല, ഗോളാഘോഷം നടത്താതിരുന്നതിനെ കുറിച്ചും സുവാരസ്


ബാഴ്സലോണക്കെതിരായ ലാ ലിഗ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ നേടിയതിനു ശേഷം താൻ കാണിച്ച ആംഗ്യം റൊണാൾഡ് കൂമാനുള്ള മറുപടിയായിരുന്നില്ലെന്ന് അത്ലറ്റികോ മാഡ്രിഡ് സ്ട്രൈക്കർ ലൂയിസ് സുവാരസ്. അത്ലറ്റികോ മാഡ്രിഡ് സ്വന്തം മൈതാനത്ത് എതിരില്ലാതെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ സുവാരസ് താൻ ഗോളാഘോഷിക്കാതിരുന്നതിനെ കുറിച്ചും സംസാരിച്ചു.
മത്സരത്തിൽ ഗോൾ നേടിക്കഴിഞ്ഞപ്പോൾ കൈകൾ കൂപ്പി ക്ഷമാപണം നടത്തുകയാണ് സുവാരസ് ചെയ്തത്. അതിനു ശേഷം ടീമംഗങ്ങൾക്കൊപ്പമുള്ള ആഘോഷം കഴിഞ്ഞതിനു ശേഷം ഫോൺ വിളിക്കുന്നതിന്റെ ആംഗ്യവും താരം കാണിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കൂമാൻ പരിശീലകനായതിനു ശേഷം സുവാരസിനെ ഫോൺ വിളിച്ച് തന്റെ പദ്ധതികളിൽ ഇടമില്ലെന്നു പറഞ്ഞതിനോടുള്ള പ്രതികാരമാണ് യുറുഗ്വായ് താരം നടത്തിയതെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും സുവാരസ് അതു നിഷേധിച്ചു.
Koeman's reaction to Suarez's goal was full of regret ? pic.twitter.com/YwGhm32as6
— ESPN FC (@ESPNFC) October 2, 2021
"ഞാൻ അതേ നമ്പറും ഫോണുമാണ് ഉപയോഗിക്കുന്നതെന്ന് അറിയുന്നവർക്കുള്ളതായിരുന്നു അത്. അതൊരിക്കലും കൂമാനെ ഉന്നം വെച്ചായിരുന്നില്ല. നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ ഞാനെന്റെ കുട്ടികളോട് അങ്ങിനെ കാണിക്കുമെന്നു തമാശ രൂപത്തിൽ പറയാറുണ്ട്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞ സുവാരസ് താൻ ഗോളാഘോഷം നടത്താതിരുന്നതിനെ കുറിച്ചും പറഞ്ഞു.
"ഞാൻ ഗോൾ നേടിയാൽ ക്ഷമാപണം നടത്തുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്റെ ബഹുമാനവും സ്നേഹവും മറ്റൊരു ബാഴ്സലോണ ആരാധകനെന്ന നിലയും, ബാഴ്സലോണയിൽ ഞാനുണ്ടാക്കിയ കരിയറും, എന്റെ കൂടെയുണ്ടായിരുന്നവർ ഇപ്പോൾ കടന്നു പോകുന്ന മോശം അവസ്ഥയും ആരാധകരും എല്ലാമാണ് അതിനു കാരണം."
മത്സരത്തിൽ നേടിയ വിജയത്തിൽ സുവാരസ് സന്തോഷം പ്രകടിപ്പിച്ചു. ബാഴ്സലോണ തനിക്ക് വളരെ സ്പെഷ്യലായ ക്ലബാണെങ്കിലും നിലവിൽ അത്ലറ്റികോയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നും അതിനാൽ തന്നെ മൂന്നു പോയിന്റുകൾ നേടിയത് സന്തോഷമാണെന്നും സുവാരസ് വ്യക്തമാക്കി.