Football in Malayalam

ലിവർപൂളിലേക്കുള്ള ലൂയിസ് സുവാരസിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുന്നു

Sreejith N
Chelsea FC v Atletico Madrid  - UEFA Champions League Round Of 16 Leg Two
Chelsea FC v Atletico Madrid - UEFA Champions League Round Of 16 Leg Two / Visionhaus/Getty Images
facebooktwitterreddit

ഒട്ടനവധി വിവാദങ്ങളുയർത്തി ബാഴ്‌സലോണയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ലൂയിസ് സുവാരസ് അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മുൻ ക്ലബായ ലിവർപൂളിലേക്ക് തിരിച്ചു വരുന്നതിനു കളമൊരുങ്ങുന്നു. നിലവിൽ ലിവർപൂളിന്റെ സൂപ്പർതാരമായ മൊഹമ്മദ് സലാ ഈ സീസണ് ശേഷം ക്ലബ് വിടാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കെ സുവാരസ് ലിവർപൂളിലേക്ക് തിരിച്ചു പോകുമെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ ഫിഷാജെസിനെ അടിസ്ഥാനമാക്കി ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്‌തിരിക്കുന്നത്‌.

ലിവർപൂളിനെ പ്രീമിയർ ലീഗ് കിരീടത്തിന്റെ തൊട്ടടുത്തെത്തിക്കുന്ന പ്രകടനം കാഴ്ച വെച്ചിട്ടുള്ള സുവാരസ് 2014ലാണ് പ്രീമിയർ ലീഗിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. ലാ ലീഗയിൽ തന്റെ പ്രകടനം മെച്ചപ്പെടുത്തുകയും മെസിയുടെ അഭേദ്യമായ സൗഹൃദം സൃഷ്ടിക്കുകയും ചെയ്‌ത താരത്തിന് കൂമാൻ പരിശീലകനായി എത്തിയതോടെയാണ് ഇഷ്ടത്തോടെയല്ലെങ്കിലും ബാഴ്‌സലോണ വിടേണ്ടി വന്നത്.

എന്നാൽ തന്നെ ഒഴിവാക്കിയ ബാഴ്‌സയുടെ തീരുമാനം തെറ്റാണെന്നു തെളിയിക്കുന്ന പ്രകടനമാണ് അത്ലറ്റികോ മാഡ്രിഡിനൊപ്പം ഈ സീസണിൽ സുവാരസ് കാഴ്ച വെക്കുന്നത്. ലാ ലിഗ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്തുള്ള താരം അത്ലറ്റികോ മാഡ്രിഡിനെ ലീഗിൽ ഒന്നാം സ്ഥാനത്തു നിലനിർത്തുന്നതിൽ നിർണായകമായ പങ്കു വഹിക്കുന്നു. മുപ്പത്തിനാല് വയസായെങ്കിലും താരത്തിന്റെ ഗോളടി മികവിന് കോട്ടം തട്ടിയിട്ടില്ലെന്നതു തന്നെയാണ് സുവാരസിനെ തിരിച്ചെത്തിക്കാൻ ലിവർപൂളിനെ പ്രേരിപ്പിക്കുന്നത്.

ബാഴ്‌സലോണക്കോ റയൽ മാഡ്രിഡിനോ വേണ്ടി കളിക്കാൻ താത്പര്യമുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള സലാ അടുത്ത സമ്മറിൽ ക്ലബ് വിടാൻ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് സീസണുകളായി ലിവർപൂളിന്റെ ടോപ് സ്കോററായ ഈജിപ്ഷ്യൻ താരത്തിന്റെ അഭാവം സുവാരസിന് തൽക്കാലത്തേക്കെങ്കിലും നികത്താൻ കഴിയുമെന്ന് ലിവർപൂൾ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ റെഡ്‌സ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ സുവാരസ് തിരിച്ചു വരാനുള്ള സാധ്യതകൾക്ക് മങ്ങലേൽക്കും എന്നുറപ്പാണ്.

facebooktwitterreddit