ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാമ്പും മത്സരങ്ങളും കേരളത്തിൽ വെച്ചു സംഘടിപ്പിക്കാൻ ആവശ്യപ്പെട്ട് ഇഗോർ സ്റ്റിമാക്ക്


ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത പരിശീലനക്യാമ്പും മത്സരങ്ങളും കേരളത്തിൽ വെച്ചു സംഘടിപ്പിക്കാൻ ആവശ്യപ്പെട്ട് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. കൊൽക്കത്തയിൽ വെച്ചു നടന്ന പരിശീലന ക്യാംപിനു ശേഷം ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ വിജയിച്ച ടൂർണമെന്റിൽ ഇടം നേടിയ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ സെപ്തംബറിലാണ്.
സൗത്ത് ഇന്ത്യയിൽ നിന്നും ഫുട്ബോൾ പരക്കെ വ്യാപിപ്പിക്കാനും സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആരാധകരുടെ സ്നേഹം അനുഭവിക്കാനുമാണ് കേരളത്തിൽ വെച്ച് അടുത്ത പരിശീലന ക്യാമ്പും മത്സരങ്ങളും സംഘടിപ്പിക്കാൻ സ്റ്റിമാക്ക് ആവശ്യപ്പെട്ടത്. ട്വിറ്ററിലെ പോസ്റ്റിലൂടെയായിരുന്നു ക്രൊയേഷ്യൻ പരിശീലകൻ ഈ ആവശ്യം ഉന്നയിച്ചത്.
Want the next NT camp & games been hosted in KERALA in Sept. Time to spread football from south of India as well & feel the love & passion of fans from South too. KOLKATA is special❤️ for me & will see you again soon. KERALA let’s rally together to show what we can 💪🏻⚽️ JaiHind🇮🇳
— Igor Štimac (@stimac_igor) June 17, 2022
"ദേശീയ ടീമിന്റെ അടുത്ത ക്യാമ്പും മത്സരങ്ങളും കേരളത്തിൽ വെച്ചു സംഘടിപ്പിക്കണമെന്ന ആഗ്രഹമുണ്ട്. സൗത്ത് ഇന്ത്യയിൽ നിന്നും ഫുട്ബോൾ വ്യാപിപ്പിക്കുകയും അവിടെയുള്ള എല്ലാ ആരാധകരുടെയും സ്നേഹവും മനസിലാക്കുകയും ചെയ്യണം. കൊൽക്കത്ത എനിക്ക് വിശേഷപ്പെട്ട സ്ഥലമാണ്, നമുക്ക് വീണ്ടും കാണാം. കേരള, നമുക്കെന്ത് ചെയ്യാൻ കഴിയുമെന്ന് കാണിക്കാൻ ഒരുമിച്ചു മുന്നോട്ടു നീങ്ങാം. ജയ് ഹിന്ദ്." സ്റ്റിമാക്ക് ട്വിറ്ററിൽ കുറിച്ചു.
ഏഷ്യൻ കപ്പ് യോഗ്യത ഗ്രൂപ്പിൽ കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ ടീമുകൾക്കെതിരെ മികച്ച വിജയം നേടിയാണ് ഇന്ത്യ ടൂർണമെന്റിന് യോഗ്യത നേടിയത്. 2023 ജൂൺ 16 മുതൽ ജൂലൈ 16 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. അതേസമയം സെപ്തംബറിൽ ഇന്ത്യയുടെ മത്സരങ്ങൾ ഏതൊക്കെ ടീമുകൾക്ക് എതിരെയാണെന്നത് തീരുമാനമായിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.