ഏഷ്യൻ കപ്പ് ക്വാളിഫയേഴ്‌സ്: ഗ്രൂപ്പിലെ ഏറ്റവും മികച്ച ടീമാണെന്ന് ഇന്ത്യ തെളിയിക്കണമെന്ന് ഇഗോർ സ്റ്റിമാക്ക്
By Sreejith N

ഏഷ്യൻ കപ്പിന്റെ അവസാന ഘട്ട യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യ ഗ്രൂപ്പിലെ ഏറ്റവും മികച്ച ടീമാണെന്നു തെളിയിക്കണമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. നാളെ രാത്രി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആദ്യത്തെ ഗ്രൂപ്പ് മത്സരത്തിന് ഇറങ്ങാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇഗോർ സ്റ്റിമാക്ക്.
"കൊൽക്കത്തയിൽ കളിക്കുന്നത് തീർച്ചയായും വളരെയധികം സഹായിക്കും. എന്നാൽ ആദ്യത്തെ മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ ഗതി തന്നെ മാറിയേക്കാം. എന്നാൽ കൊൽക്കത്തയിലാണ് മത്സരമെന്നതിൽ ഞാൻ ഇഷ്‌ടപ്പെടുന്ന കാര്യം ഈ നഗരത്തിന്റെ ഫുട്ബോൾ ചരിത്രമാണ്, ഇവിടെ നിന്നും ഓരോ സമയത്തും ലഭിക്കുന്ന പിന്തുണയാണ്."
"അതിനാൽ ഇവിടെ വലിയ ജനക്കൂട്ടവും ആരാധകരുടെ പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ നഗരവും ആരാധകരും സാഹചര്യങ്ങളുമാണ് ഞങ്ങളെ ഗ്രൂപ്പിലെ ഏറ്റവും സാധ്യതയുള്ള ടീമാക്കി മാറ്റുന്നതെന്ന കാര്യം ഒളിച്ചു വെക്കാനാവില്ല. ഞങ്ങളതു തെളിയിക്കാൻ ഒരുങ്ങുകയാണ്." മാധ്യമങ്ങളോട് ഇഗോർ സ്റ്റിമാക്ക് പറഞ്ഞു.
നാളെ (ജൂൺ 8, 2022) രാതി 8.30നാണു ഇന്ത്യയും കമ്പോഡിയയും തമ്മിൽ ആദ്യത്തെ യോഗ്യത മത്സരത്തിൽ ഏറ്റുമുട്ടുന്നത്. അതിനു ശേഷം ജൂൺ 11നു നടക്കുന്ന മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെയും പിന്നീട് ജൂൺ 14നു ഹോങ്‌കോങ്ങിനെയും ഇന്ത്യ നേരിടും. എല്ലാ മത്സരങ്ങളും കൊൽക്കത്തയിൽ വെച്ചു തന്നെയാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.