സഹൽ തന്റെ പ്രിയപ്പെട്ട കളിക്കാരൻ, താരത്തിന്റെ ഫോമിന് വുകോമനോവിച്ചിനു നന്ദി പറഞ്ഞ് ഇഗോർ സ്റ്റിമാക്ക്


സഹൽ തന്റെ പ്രിയപ്പെട്ട കളിക്കാരനാണെന്നും താരം ഇപ്പോൾ കാഴ്ച വെക്കുന്ന മികച്ച ഫോമിന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനോട് നന്ദിയുണ്ടെന്നും വെളിപ്പെടുത്തി ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ ഇഗോർ സ്റ്റിമാക്ക്. മാർച്ച് 23, 26 തീയതികളിൽ ബഹ്റൈൻ, ബെലാറസ് എന്നിവർക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനു മുന്നോടിയായുള്ള പരിശീലന ക്യാമ്പ് പൂനെയിൽ ആരംഭിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എനിക്ക് ഏതാനും പ്രിയപ്പെട്ട കളിക്കാറുണ്ടെന്നു പറഞ്ഞാൽ സഹൽ അതിലൊരാളാണ്. എല്ലാവരും കാണാൻ ഇഷ്ടപ്പെടുന്ന താരങ്ങളിൽ ഒരാളാണ് താരം. ഒടുവിൽ താരം മികച്ചൊരു സീസൺ കളിച്ചു കൊണ്ടിരിക്കയാണ്. കേരള ബ്ലാസ്റ്റേഴ്സിനു മികച്ചൊരു സീസൺ നൽകിയ ഇവാനോട് എനിക്ക് വളരെയധികം നന്ദിയുണ്ട്."
Igor Stimac on Sahal: If I'd say I have a few fav players, he'd be one of them. He's one of the players that everyone loves to watch. He has creativity, touch on the ball and understands football. I'm very thankful to Ivan, who has done a wonderful job with #KBFC.#IndianFootball pic.twitter.com/zrYKEOyTbk
— Shyam Vasudevan (@JesuisShyam) March 14, 2022
"അവർ മികച്ച പ്രകടനമാണ് നടത്തുന്നത്. പേടിയില്ലാതെ മത്സരം കളിക്കുകയും വളരെയധികം ഊർജ്ജം മധ്യനിരയിൽ ചിലവാക്കി സമ്മർദ്ദം ചെലുത്തി കളിക്കുകയും ചെയ്യുന്നു. വിദേശതാരങ്ങളോട് സഹലിനുള്ള ഒത്തിണക്കം മനോഹരമാണ്. താരം ഗോളുകൾ നേടുന്നതും അസിസ്റ്റ് നൽകുന്നതും കാണാൻ സന്തോഷമുണ്ട്. ദേശീയ ടീമിനൊപ്പം താരമുള്ളതും വലിയ കാര്യമാണ്." സ്റ്റിമാക്ക് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറായ പ്രഭാസുഖാൻ ഗില്ലിനെയും ഇഗോർ സ്റ്റിമാക്ക് പരാമർശിച്ചു. ഗിൽ ഒഴികെയുള്ള ഐഎസ്എൽ ഗോൾകീപ്പർമാരെല്ലാം ഈ സീസണിൽ മോശം പ്രകടനമാണ് നടത്തുന്നതെന്നും വളരെ ചെറിയ പിഴവുകൾ വരുത്തുന്നുണ്ടെന്നും സ്റ്റിമാക്ക് പറഞ്ഞു. എന്നാൽ അതെല്ലാം ഫുട്ബോളിന്റെ ഭാഗമാണെന്നും അതിൽ താരങ്ങളെ പഴിചാരാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കളിക്കുന്ന മലയാളി താരം വിപി സുഹൈറിനെ കുറിച്ചും സ്റ്റിമാക്ക് സംസാരിച്ചു. നോർത്ത് ഈസ്റ്റ് സീസണിൽ മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും വിപി സുഹൈറിന്റെ വ്യക്തിഗത പ്രകടനം മികച്ചതാണെന്നും കഴിഞ്ഞ രണ്ടു വർഷമായി സ്ഥിരതയോടെ താരം കളിക്കുന്നുണ്ടെന്നും ഇന്ത്യൻ പരിശീലകൻ പറയുന്നു.
മുന്നേറ്റനിരയിലും പ്രതിരോധത്തിലും ഒരുപോലെ സഹായിക്കുന്ന താരം അനായാസമാണ് പരിശീലനത്തിനിടയിൽ ഗോളുകൾ നേടിയതെന്നും സുനിൽ ഛേത്രിയുടെ അഭാവത്തിൽ ഉറപ്പായും സുഹൈറിനു അവസരം ലഭിക്കുമെന്നും സ്റ്റിമാക്ക് പറഞ്ഞു. മികച്ച വർക്ക് റേറ്റുള്ള താരത്തിന്റെ സാന്നിധ്യം ഏതൊരു ടീമിനും വേണ്ടതു തന്നെയാണെന്നും സ്റ്റിമാക്ക് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.