"കേരള ബ്ലാസ്റ്റേഴ്സുമായി മത്സരം കളിക്കാൻ തയ്യാർ"- വുകോമനോവിച്ചിനു മറുപടി നൽകി ഇന്ത്യൻ പരിശീലകൻ സ്റ്റിമാക്ക്


ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പ് കേരളത്തിൽ നടക്കുകയാണെങ്കിൽ സൗഹൃദ മത്സരം കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് അവസരമുണ്ടോയെന്ന വുകോമനോവിച്ചിന്റെ ചോദ്യത്തിന് മറുപടി നൽകി ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. മത്സരം കളിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീം ഒരുക്കമാണെന്നു പറഞ്ഞ സ്റ്റിമാക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ ടീമിൽ തന്നെ കളിക്കുമെന്നും കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്കു മുൻപ് ട്വിറ്ററിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അടുത്ത പരിശീലന ക്യാമ്പും മത്സരവും കേരളത്തിൽ വെച്ചു നടത്തണമെന്ന് സ്റ്റിമാക്ക് ആവശ്യപ്പെട്ടിരുന്നു. ഇതു റീട്വീറ്റ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ അങ്ങിനെയെങ്കിൽ കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ടീമും തമ്മിൽ ഒരു സൗഹൃദ മത്സരം സംഘടിപ്പിക്കാമെന്ന് കുറിക്കുകയും തന്റെ ടീമിനോട് ഒരുങ്ങാൻ പറയുകയുമുണ്ടായി.
Why not moj brate @ivanvuko19 💛But the NT players💙 who play for 🇮🇳 from KB will play for 🇮🇳🙏🏻 and I am sure that Kerala will paint everything in blue for the NT for FIFA games. The love & passion for @KeralaBlasters will neverdie for @kbfc_manjappada we’ll do it together 💙💛🐯
— Igor Štimac (@stimac_igor) June 21, 2022
ഇവാന്റെ ട്വീറ്റിന് മറുപടിയായി മത്സരം കളിക്കുന്നതിൽ തങ്ങൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് ഇഗോർ സ്റ്റിമാക്ക് കുറിച്ചു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ ആ മത്സരത്തിൽ ഇന്ത്യൻ ടീമിൽ തന്നെയാവും കളിക്കുകയെന്നും സ്റ്റിമാക്ക് പറയുന്നു.
കേരളത്തിലെ ഫുട്ബോൾ ആരാധകരോട് ഒരു അഭ്യർത്ഥനയും സ്റ്റിമാക്ക് നടത്തി. ദേശീയ ടീമിന്റെ മത്സരങ്ങൾക്കും ഫിഫ മത്സരങ്ങൾക്കും എല്ലായിടവും നീല നിറത്തിൽ പെയിന്റ് അടിക്കണമെന്നാണ് സ്റ്റിമാക്കിന്റെ ആവശ്യം. മഞ്ഞപ്പടക്ക് കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹവും ആവേശവും ഒരിക്കലും അവസാനിക്കില്ലെന്നും നമ്മളിതെല്ലാം ഒരുമിച്ച് നടപ്പിലാക്കുമെന്നും സ്റ്റിമാക്ക് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഫുട്ബോൾ ടീമും ബ്ലാസ്റ്റേഴ്സും തമ്മിൽ സെപ്തംബറിൽ ഒരു സൗഹൃദ മത്സരം നടക്കുമെന്നു തന്നെയാണ് സ്റ്റിമാക്കിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. അതു നടന്നാൽ കേരളത്തിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഒരു വിരുന്നായിരിക്കും എന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.