"ഇന്ത്യ അഭിമാനത്തോടെ പൊരുതി നേടിയ ജയം"- അഫ്‌ഗാനിസ്ഥാനെതിരായ പ്രകടനത്തിൽ ആവേശമറിയിച്ച് ഇഗോർ സ്റ്റിമാക്ക്

Igor Stimac Proud Of India Win Against Afganistan
Igor Stimac Proud Of India Win Against Afganistan / Indian Football Team Twitter
facebooktwitterreddit

ഏഷ്യൻ കപ്പ് യോഗ്യത ഗ്രൂപ്പിൽ അഫ്‌ഗാനിസ്ഥാനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യ പൊരുതി നേടിയ വിജയത്തിൽ ആവേശവും സന്തോഷവും പ്രകടിപ്പിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്ക്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യക്ക് ഹോങ്‌കോങ്ങിനെതിരെ നടക്കുന്ന അവസാന മത്സരത്തിൽ വിജയം നേടിയാൽ യോഗ്യത നേടാൻ കഴിയും.

എൺപത്തിയാറാം മിനുട്ടിൽ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിലൂടെ മുന്നിലെത്തിയ ഇന്ത്യക്കെതിരെ രണ്ടു മിനിറ്റിനകം തന്നെ അഫ്‌ഗാനിസ്ഥാൻ സമനില പിടിച്ചപ്പോൾ ഇന്ത്യ പോയിന്റ് നഷ്‌ടപ്പെടുത്തുമെന്നാണ് ഏവരും കരുതിയത്. എന്നാൽ അതിനു പിന്നാലെ പകരക്കാരനായിറങ്ങിയ മലയാളി താരം സഹൽ അബ്‌ദുൾ സമദ് ഇഞ്ചുറി ടൈമിൽ ഇന്ത്യയുടെ വിജയഗോൾ കുറിക്കുകയായിരുന്നു.

"ഈ രണ്ടു വിജയങ്ങൾ കാരണം ഞാൻ എന്റെ കളിക്കാർക്കൊപ്പം ആഘോഷിക്കും. ഏഷ്യൻ കപ്പിന്റെ ഫൈനൽ സ്റ്റേജിലേക്ക് എനിക്കെത്തണം. എനിക്കെന്റെ കളിക്കാരിൽ അഭിമാനമുണ്ട്, അവർ ഞാൻ ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയും അഭിമാനത്തോടെ പോരാടി വിജയം നേടുകയും ചെയ്‌തു."

"ഞങ്ങളെ ബ്ലൂ ടൈഗേഴ്‌സ് എന്നാണു വിളിക്കുന്നത്. ഇന്നു ഞങ്ങൾ ബ്ലൂ ടൈഗേഴ്‌സിനെ പോലെത്തന്നെ പൊരുതി. മൈതാനത്ത് കടുവകളെ പോലെത്തന്നെ ഞങ്ങൾ പൊരുതണം, അങ്ങിനെ തന്നെ മുന്നോട്ടു പോകണം. ഫുട്ബോളിനെ ആസ്വധിച്ച് രാജ്യത്തിനു വേണ്ടി അഭിമാനത്തോടെ പൊരുതണം." സ്ടിമാക്ക് മാധ്യമങ്ങളോട് പറഞ്ഞു.

തുടർച്ചയായ രണ്ടു മത്സരങ്ങളിലും വിജയം നേടിയെങ്കിലും ഗ്രൂപ്പിൽ ഇന്ത്യയിപ്പോൾ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയേക്കാൾ ഒരു ഗോൾ അധികം നേടിയതിന്റെ പിൻബലത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഹോങ്കോങ്ങുമായുള്ള മത്സരം ജൂൺ 14നാണ്. അതിൽ വിജയിച്ചാൽ ഇന്ത്യക്ക് ഏഷ്യൻ കപ്പ് യോഗ്യത നേടാൻ കഴിയും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.