ഏഷ്യൻ കപ്പ് ക്വാളിഫയേഴ്സ്: ഇന്ത്യ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നുണ്ടെന്ന് ഇഗോർ സ്റ്റിമാക്ക്


2023 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീം സെറ്റ് പീസുകളിലും ആക്രമണം, പ്രതിരോധം എന്നിവയിലെ ചില പ്രത്യേക കാര്യങ്ങളിലും പരിശീലനം നടത്തുന്നുണ്ടെന്ന് ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്ക്. ജൂൺ എട്ടു മുതൽ പതിനാലു വരെയാണ് ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾ.
ഗ്രൂപ്പ് ഡിയിൽ ഹോങ്കോംഗ്, അഫ്ഗാനിസ്ഥാൻ, കംബോഡിയ എന്നിവരെ നേരിടുന്ന ഇന്ത്യ നിലവിൽ കൊൽക്കത്തയിൽ പരിശീലനം നടത്തുകയാണ്. ബഹ്റൈൻ, ബെലാറസ്, ജോർദാൻ എന്നിവർക്കെതിരെ നടന്ന കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങിയ ഇന്ത്യ ദുർബലരായ എതിരാളികളെയാണ് നേരിടാൻ പോകുന്നതെന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു.
🗣️ @stimac_igor: We are here, we are ready, and we will do it 🙌
— Indian Football Team (@IndianFootball) June 1, 2022
Read 👉 https://t.co/cs7HgqRm13#BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/Fky3PDGaf8
"ഈ അവസാനത്തെ ആഴ്ചയിൽ ഞങ്ങൾ ചില കാര്യങ്ങളിൽ പ്രത്യേകം പ്രവർത്തിക്കുന്നുണ്ട്. ഞങ്ങൾ സെറ്റ് പീസുകളിലും ആക്രമണം, പ്രതിരോധം എന്നിവയിലെ ചില വശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. തീർച്ചയായും രണ്ടിനും പ്രത്യേകം വശങ്ങളുണ്ട്. അതിനു പുറമെ താരങ്ങളുടെ പരിക്കടക്കമുള്ള ചെറിയ പ്രശ്നങ്ങളുമുണ്ട്. എന്നാൽ ഞങ്ങളതിനെ ഏറ്റവും മികച്ച രീതിയിൽ തന്നെ നേരിടും." സ്റ്റിമാക്ക് മാധ്യമങ്ങളോട് പറഞ്ഞു.
ജൂൺ 8നുള്ള ഇന്ത്യയുടെ ആദ്യത്തെ മത്സരം കമ്പോഡിയക്ക് എതിരേയായിരിക്കും. അതിനു ശേഷം അഫ്ഗാനിസ്ഥാനെതിരെ ജൂൺ 11നും ഹോങ്കോങിനെതിരെ ജൂൺ 14നും ഇന്ത്യ മത്സരങ്ങൾ കളിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.