Football in Malayalam

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാംപിൽ നിന്നും സന്ദേശ് ജിങ്കനെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇഗോർ സ്റ്റിമാക്ക്

Sreejith N
India v Bahrain - AFC Asian Cup Group A
India v Bahrain - AFC Asian Cup Group A / Matthew Ashton - AMA/Getty Images
facebooktwitterreddit

അടുത്ത മാസം നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങൾക്കു മുന്നോടിയായുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പിൽ നിന്നും പ്രതിരോധതാരമായ സന്ദേശ് ജിങ്കനെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്ക് വ്യക്തമാക്കി. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബിൽ കളിക്കാൻ അവസരം ലഭിച്ചതിനെ തുടർന്നാണ് ജിങ്കനെ പരിശീലന ക്യാംപിൽ നിന്നും ഒഴിവാക്കുന്നത്.

കഴിഞ്ഞ സീസണിൽ എടികെ മോഹൻ ബഗാനെ ഐഎസ്എല്ലിന്റെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച, നിലവിലെ ഇന്ത്യൻ ടീമിലുള്ള ഏറ്റവും മികച്ച പ്രതിരോധതാരമായ ജിങ്കൻ ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷൻ ക്ലബായ എച്ച്എൻകെ സിബെനിക്കിലാണ് ഇനി മുതൽ പന്തു തട്ടുക. ക്രൊയേഷ്യൻ ലീഗ് നിലവിൽ ആരംഭിച്ചതു കൊണ്ടാണ് ക്ലബിനൊപ്പം ഇണങ്ങിച്ചേരാൻ താരത്തെ ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിൽ നിന്നും സ്റ്റിമാക്ക് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നത്.

"ക്രൊയേഷ്യൻ ലീഗ് നിലവിൽ തന്നെ അഞ്ചു റൌണ്ട് പൂർത്തിയാക്കിയെന്നും കളിക്കാരെല്ലാം ഫിറ്റ് ആണെന്നതും മനസിലാക്കി, ഞങ്ങൾ എങ്ങിനെയാണ് സന്ദേശിനെ ഫോമിലെത്താൻ സഹായിക്കുകയെന്ന് ആലോചിക്കുകയാണ്. കൂടാതെ താരത്തിന് ടീമിലിടം നേടാനുള്ള സഹായവും നൽകണം," ജിങ്കനെ കുറിച്ചുള്ള ചോദ്യത്തിന് സ്റ്റിമാക്ക് മറുപടി പറഞ്ഞു.

"താരത്തിന് പ്ലെയിങ് ഇലവനിൽ ഇടം പിടിക്കേണ്ടത് അത്യാവശ്യവുമാണ്. അതുകൊണ്ടു തന്നെ ക്യാംപിൽ നിന്നും ഒഴിവാക്കി ക്ലബിനൊപ്പം തുടരാൻ ഞങ്ങൾ അനുവദിച്ചേക്കും," സ്റ്റിമാക്ക് വ്യക്തമാക്കി.

അടുത്ത മാസത്തിൽ നേപ്പാളിനെതിരെയാണ് ഇന്ത്യ രണ്ട് അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളിൽ കളിക്കുന്നത്. ലിബിയ, ജോർദാൻ എന്നിവരുമായാണ് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കേണ്ടിയിരുന്നതെങ്കിലും ക്വാറന്റൈൻ നിയമങ്ങൾ അതിനു വിലങ്ങുതടിയായതിനെ തുടർന്നാണ് അയൽക്കാർക്കെതിരെ ഇന്ത്യ ഇറങ്ങുന്നത്.


facebooktwitterreddit