Football in Malayalam

ക്ളോപ്പിനു പകരക്കാരനായി ലിവർപൂൾ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് ജെറാർഡ്

Sreejith N
Rangers v Aberdeen - Scottish Premiership
Rangers v Aberdeen - Scottish Premiership / Ian MacNicol/Getty Images
facebooktwitterreddit

യർഗൻ ക്ളോപ്പിന്റെ പകരക്കാരനായി ലിവർപൂളിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് ക്ലബിന്റെ ഇതിഹാസതാരങ്ങളിൽ ഒരാളായ സ്റ്റീവൻ ജെറാർഡ്. ലിവർപൂളിന്റെ പരിശീലകനാവുകയെന്നത് തന്റെ സമീപകാല പദ്ധതികളിലില്ലെന്നും മറിച്ച് നിലവിൽ സ്ഥാനമേറ്റെടുത്തിരിക്കുന്ന സ്‌കോട്ടിഷ് ക്ലബ് റേഞ്ചേഴ്‌സിനൊപ്പം കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുന്ന ലക്ഷ്യമെന്നും ജെറാർഡ് പറഞ്ഞു.

ക്ളോപ്പിന്റെ ലിവർപൂൾ കരാറും ജെറാർഡിന്റെ റേഞ്ചേഴ്‌സ് കരാറും 2024ലാണ് അവസാനിക്കുന്നത്. ഇതോടെയാണ് ജർമൻ പരിശീലകൻ ലിവർപൂൾ വിടുമ്പോൾ ജെറാർഡായിരിക്കും പകരക്കാരാണെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. എന്നാൽ വർഷങ്ങൾക്കു ശേഷം ലിവർപൂളിന് ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും നേടിക്കൊടുത്ത പരിശീലകന് പകരക്കാരനാവുന്ന കാര്യം ചിന്തിക്കുന്നേയില്ലെന്ന് ജെറാർഡ് വ്യക്തമാക്കി.

"എന്നെക്കുറിച്ചും എന്റെ സ്ഥാനത്തെക്കുറിച്ചും മീഡിയ പുറത്തുവിടുന്ന അഭ്യൂഹങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല. ഞാനതിനെ സ്വാഗതം ചെയ്യുന്നില്ല, കൂടുതലൊന്നും ചേർക്കുന്നുമില്ല. നിലവിലുള്ള ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എനിക്ക് ഈ സ്ഥാനത്തിൽ തൃപ്‌തിയും സന്തോഷവുമുണ്ട്."

"ഞാനിവിടെ സന്തോഷവാനാണ്, അതു ഞാൻ നിരവധി സന്ദർഭങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇതൊരു വലിയ ക്ലബാണ്, ഞാനിവിടെ ഉറച്ചു പോയിരിക്കുന്നു. വളരെ സന്തോഷവാനായ എനിക്ക് ഈ ടീമിനെ മുന്നോട്ടു കൊണ്ടു പോകാൻ സമ്മർദ്ദം ചെലുത്താനും അവരെ വികസിപ്പിച്ചെടുക്കാനും കഴിയും." ഇഎസ്‌പിഎന്നിനോട് ജെറാർഡ് പറഞ്ഞു.

ലിവർപൂളിന്റെ യൂത്ത് ടീമിനൊപ്പം പരിശീലകനായി തുടങ്ങിയ ജെറാർഡ് 2018ലാണ് റേഞ്ചേഴ്‌സ് പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അതിനു ശേഷം 170 മത്സരങ്ങളിൽ സ്‌കോട്ടിഷ് ടീമിനെ നയിച്ച ജെറാർഡ് 112 എണ്ണത്തിലും വിജയിച്ചപ്പോൾ 21 എണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം സ്വന്തമാക്കാനും റേഞ്ചേഴ്‌സിനായി.

facebooktwitterreddit