ന്യൂകാസിൽ യുണൈറ്റഡ് പരിശീലകനായേക്കും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സ്റ്റീവൻ ജെറാർഡ്

സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവെസ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂകാസിൽ യുണൈറ്റഡിനെ ഏറ്റെടുത്തതിന് ശേഷം, ക്ലബ് പരിശീലകൻ സ്റ്റീവ് ബ്രൂസിന്റെ പകരക്കാരനായേക്കും താൻ എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ലിവർപൂൾ ഇതിഹാസവും, റേഞ്ചേഴ്സ് പരിശീലകനായി സ്റ്റീവൻ ജെറാർഡ്.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 12ആം സ്ഥാനം കരസ്ഥമാക്കിയെങ്കിലും, ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാനാവാതെ തരംതാഴ്ത്തൽ മേഖലയായ 19ആം സ്ഥാനത്താണ് ന്യൂകാസിൽ നിൽക്കുന്നത്. പുതിയ കൺസോർഷ്യം ക്ലബ്ബിനെ ഏറ്റെടുത്തതോടെ, പരിശീലകൻ ബ്രൂസിന്റെ സ്ഥാനം തെറിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
ന്യൂകാസിൽ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്ന പേരുകളിൽ ഒന്നാണ് കഴിഞ്ഞ സീസണിൽ റേഞ്ചേഴ്സിനെ സ്കോട്ടിഷ് കിരീടത്തിലേക്ക് നയിച്ച ജെറാർഡ്. എന്നാൽ ന്യൂകാസിൽ പരിശീലന സ്ഥാനം ഏറ്റെടുക്കാനുള്ള സാധ്യതയിൽ 'കൗതുകം' ഉണ്ടെന്നാണ് മുൻ ലിവർപൂൾ താരം കൂടിയായ ജെറാർഡ് പറയുന്നത്.
നിലവിലെ ന്യൂകാസിൽ പരിശീലകൻ ബ്രൂസിനോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും, അദ്ദേഹത്തിന് 1000ആമത്തെ മത്സരം നിയന്ത്രിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ജെറാർഡ് പറഞ്ഞു.
"ഞാൻ ശരിക്കും പ്രതികരിക്കുകയോ ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങളിൽ ഏർപ്പെടുകയോ ചെയ്യുവാൻ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ചും ഈ ജോലിയിൽ ഇരിക്കുന്നതിൽ എനിക്ക് അങ്ങേയറ്റം ബഹുമാനമുള്ള ഒരാളുമായിട്ട്," മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ജെറാർഡ് പറഞ്ഞു.
അതേ സമയം, ബ്രൂസിന്റെ പകരക്കാരനായി ജെറാർഡിന് പുറമെ ഫ്രാങ്ക് ലംപാർഡ്, അന്റോണിയോ കൊണ്ടേ, ലുസിൻ ഫാവരെ എന്നിവരുടെ പേരുകളും മാനേജർ സ്ഥാനത്തേക്കു പരിഗണിക്കുന്നതായും വിവിധ റിപോർട്ടുകൾ സൂചിപ്പിക്കുന്നു.